- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കുന്നു; ഇക്കാര്യത്തില്‍ കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് മാത്രം! കേരളത്തിലെ ആരോഗ്യ രംഗത്തെ തട്ടിപ്പുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ മാത്രമൊതുങ്ങില്ല: പ്രമോദ് കുമാര്‍ എഴുതുന്നു
കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കുന്നു
പ്രമോദ് കുമാര്‍
CAG കണ്ടു പിടിച്ച ക്രമക്കേടില്‍ മാത്രമൊതുങ്ങരുത് കേരളത്തിലെ ആരോഗ്യ രംഗത്തെ തട്ടിപ്പുകള്‍. യഥാര്‍ത്ഥ തട്ടിപ്പ് ശരിക്കുമതല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടുന്ന നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് (NHA) - ന്റെ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി എങ്ങനെയാണ് മാര്‍ക്‌സിസ്റ്റുകളും, അവരുടെ പ്രോക്‌സികളായ മാധ്യമക്കാരും, പ്രൊപ്പഗാന്‍ഡിസ്റ്റുകളും, 'സാഹിത്യ സാംസ്‌കാരിക നായകരും' ഒക്കെ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനം മഹനീയമാണ്, ലോകപ്രശസ്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നത് കൊടും കള്ളമാണ് എന്ന് മനസ്സിലാക്കാന്‍.
കേരളത്തിലെ ആരോഗ്യ സൂചികകള്‍ പാരമ്പരാഗതമായിത്തന്നെ ഉയര്‍ന്ന നിലയിലുള്ളവയാണ് എന്നത് സത്യമാണ്, ആ സൂചികകളെ മറയാക്കിയാണ് ഈ പ്രചാരണം നടത്തി വരുന്നത്. തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്ത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് തന്നെ വികസന സൂചികകള്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലായിരുന്നു, അതിന് ധാരാളം കാരണങ്ങളും ഉണ്ട്. ഈ ട്രെന്‍ഡ് നില നിറുത്തുകയും, മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് ഇവിടത്തെ പുരോഗമന സാമൂഹ്യ പരിതസ്ഥിതി ഡിമാന്‍ഡ് (മാര്‍ക്‌സിസമല്ല) ചെയ്ത കാര്യമായിരുന്നു അതു കൊണ്ട് കേരളസംസ്ഥാനമുണ്ടായപ്പോള്‍ സര്‍ക്കാരുകള്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് തുടര്‍ന്നു, നമ്മുടെ സൂചികകളും ആരോഗ്യ അവബോധവും ഉയര്‍ന്നു തന്നെ നിന്നു. അതിന്നും തുടരുന്നു, നമ്മുടെ സൂചികകളും.
പക്ഷെ കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ റോളൊന്നുമില്ല, ഇത് ബഹുഭൂരിപക്ഷം ജനങ്ങളും സ്വന്തം കീശയിലെ കാശ് മുടക്കി സ്വകാര്യ മേഖലയില്‍ നിന്നും നേടുന്നതാണ്. അതായത് ബഹുഭൂരിപക്ഷം (60 ശതമാനത്തിലേറെ) ജനങ്ങളും സ്വന്തം കാശു മുടക്കി അവരുടെ ആരോഗ്യം സ്വകാര്യ മേഖലയിലെ സൗകര്യം ഉപയോഗിച്ച് നില നിറുത്തുന്നു. IMR, MMR, life expectancy ഇങ്ങനെയുള്ള സൂചികകളാണല്ലോ നമ്മളെ വ്യത്യസ്തരാകുന്നത് - ഇത് മുക്കാലും ജനങ്ങള്‍ സ്വന്തം ചെലവില്‍ സ്വയം മെച്ചപ്പെടുത്തി നിറുത്തുന്നതാണ്.
ഏറ്റവും പുതിയ നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് -ന്റെ പ്രധാന കണക്കുകളുടെ സ്‌നാപ്പ്‌ഷോട്ട് (2024 report) ഒറ്റപേജില്‍ കൊടുത്തിരിക്കുന്നത് നോക്കുക. ഇതില്‍ കേരളത്തിന്റെ നില എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
1. ഈ കണക്കുകള്‍ പ്രകാരം കേരളം ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ രണ്ടു സംസ്ഥാനങ്ങളാണ്. നമുക്ക് പറ്റിയ കമ്പനി.
2. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ എത്രത്തോളം ഫലപ്രദമായി ഇടപെടുന്നു എന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു സൂചിക ഔട്ട് ഓഫ് പോക്കറ്റ് ചെലവാണ്. അതായത് ആരോഗ്യ സംരക്ഷണത്തിന് ജനങ്ങള്‍ സ്വന്തം കീശയില്‍ നിന്നും എത്ര പണം മുടക്കുന്നു എന്ന്. അത് കൂടുമ്പോള്‍ അതിന്റെ അര്‍ത്ഥം സര്‍ക്കാര്‍ സംവിധാനം മോശമാണ് എന്നാണ്. ഇനി ഈ ഫാക്ട് ഷീറ്റിലെ കണക്കുകള്‍ നോക്കൂ. കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ സ്വയം ചെലവാക്കുന്നതാണ് (share of OOPE in THE). ഇക്കാര്യത്തില്‍ കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് മാത്രം! മാര്‍ക്‌സിസ്റ്റുകള്‍ മൂന്നു ദശകത്തിലേറെ ഭരിച്ച ബംഗാള്‍ തൊട്ടു പിറകിലുണ്ട് എന്നത് അത്ഭുതപ്പെടുത്തേണ്ടതില്ല. ഈ കണക്ക് ഭീകരമാകുന്നത് അത് യഥാര്‍ത്ഥത്തില്‍ എത്ര രൂപയാണ് എന്ന് കാണുമ്പോഴാണ്. കേരളത്തില്‍ ഓരോ വ്യക്തിയും ശരാശരി 7889 രൂപയാണ് ഇങ്ങനെ ചെലവാക്കുന്നത്, ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടി കൂടുതല്‍. ഇത് കേരളത്തിനേക്കാള്‍ മോശമായ ഉത്തര്‍പ്രദേശില്‍പ്പോലും വെറും 3000 രൂപയാണ്.
3. മുകളിലത്തെ കണക്കിനോട് ചേരുന്നതാണ് അടുത്ത കണക്ക് - സര്‍ക്കാര്‍ ആരോഗ്യസംരക്ഷണത്തിനു വേണ്ടി പണം ചിലവാക്കുന്നത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം (32.5) , ഇവിടെയും കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് (31.6) മാത്രം.
മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തേക്കാള്‍ എത്രയോ കൂടുതല്‍ ചെലവാക്കുകയും (അന്‍പതും അറുപതും ശതമാനം പണം വരെ), ജനങ്ങളുടെ മുകളിലെ ബാധ്യത ഇവിടത്തേക്കാള്‍ എത്രയോ കുറച്ചു നിറുത്തുകയും ചെയ്യുമ്പോഴാണ് നാം ഈ പ്രൊപ്പഗാണ്ട മുഴുവന്‍ നടത്തുന്നത്. അതിനു കാരണം മുകളില്‍ പറഞ്ഞ പോലെ ആരോഗ്യ കാര്യങ്ങളില്‍ ബോധവാരായ മലയാളികള്‍ സ്വന്തം പണം മുടക്കി അവരുടെ ആരോഗ്യ സംരക്ഷണം നോക്കുന്നതു കൊണ്ടാണ്. നമ്മുടെ പ്രോപഗാന്ധിസ്റ്റുകള്‍ ചെയ്യുന്നതോ, ഇതൊക്കെ സര്‍ക്കാരിന്റെ ക്രെഡിറ്റില്‍ എഴുതി ചേര്‍ക്കുന്നു. ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ല എന്നതാണ് സത്യം.
ഇങ്ങനെ ചെലവാക്കാന്‍ മലയാളിക്ക് എവിടെ നിന്ന് ഇങ്ങനെ പണം കിട്ടുന്നുവെന്നല്ലേ? രണ്ടു ലക്ഷം കോടിയാണ് (സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ എത്രയോ കൂടുതല്‍) ഒരു വര്‍ഷത്തെ റെമിറ്റന്‍സ്. ആ ആ പണമില്ലെങ്കില്‍ എന്താവുമായിരുന്നു എന്നാലോചിച്ചു നോക്കൂ.
NHA കണക്കുകളോടൊപ്പം NSSO-യുടെ കണക്കുകളും ചേര്‍ത്തു വച്ചു വായിച്ചാല്‍ ഈ കണക്കുകളുടെ മറ്റൊരു ഭീകരത മനസ്സിലാവും. അതിന്റെ പേരാണ് catastrophic expense. ആരോഗ്യത്തിന് വേണ്ടി മലയാളികള്‍ പണം ചിലവാക്കുന്നത് അവരെ കടക്കെണിയിലാക്കുന്നതാണ് ലളിതമായി പറഞ്ഞാല്‍ catastrophic expense. അതും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇവിടെത്തന്നെ. അമേരിക്കയില്‍ നിന്നും കോവിഡിന് മരുന്ന് ചോദിച്ചു കൊണ്ട് വിളിച്ചു, കോവിഡിനെ കൊന്നു കുഴിച്ചു മൂടി എന്നൊക്കെ പറഞ്ഞു നടത്തിയ PR പ്രൊപ്പഗാണ്ടാ ഈ മുകളില്‍ പറഞ്ഞ പ്രോപഗണ്ടയുടെ സംസ്‌കാരമാണ്. ഫാസിസ്റ്റുകളുടെ പ്രധാന ആയുധം! കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കുക.
കേരളത്തിലെ പ്രവാസികളാണ് മലയാളികളുടെ ഒരേ ഒരു ശക്തി. കഷ്ടപ്പാടുകള്‍ വക വയ്ക്കാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോയി അവര്‍ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തുന്നു, നാട്ടിലേയ്ക്ക് പണമയയ്ക്കുന്നു. ഇത് ഗള്‍ഫിലേയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ട് - ബാംഗളൂരില്‍, മദ്രാസില്‍, ബോംബെയില്‍, പൂനയില്‍. ഇങ്ങനെ ഓടിപ്പോകാന്‍ സ്ഥലങ്ങള്‍ ഉള്ളതു കൊണ്ടു മാത്രമാണ് ഈ കള്ളങ്ങളും, തട്ടിപ്പും, കുംഭകോണങ്ങളും നില നില്‍ക്കുന്നത്. മലയാളി പ്രവാസിയുടെ ചെലവില്‍ സാഹിത്യ സാംസ്‌കാരിക സമ്മേളനങ്ങളും, കേരളീയങ്ങളും, ഫിലിം ഫെസ്റ്റിവലുകളും ആഘോഷിച്ച് ജീവിക്കുക എന്നതാണ് ബാക്കി മലയാളിയുടെ പണി. അത് നടത്തിക്കൊടുത്താല്‍ ജനങ്ങള്‍ ഹാപ്പി. അതു മാത്രമാണ് ഇവര്‍ ചെയ്യുന്നത്. കേരളത്തില്‍ കുറെ ആരോഗ്യ വിദഗ്ധര്‍ ഉണ്ട്. അവരെന്നെങ്കിലും ഈ കണക്കുകള്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?