- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിശ്വാസികള്‍ക്ക് സാമൂഹ്യ ദൃശ്യതയും സ്വീകാര്യതയും ലക്ഷ്യം; ലിറ്റ്മസ് സമാനതകളില്ലാത്ത സമ്മേളനം: രവിചന്ദ്രന്‍ സി എഴുതുന്നു
2024 ഒക്ടോബര്‍ 12 ന് കോഴിക്ക് പട്ടണത്തിലെ കാലിക്കട്ട് ട്രേഡ് സെന്ററില് രാവിലെ 8.30 മുതല്‍ പകലന്തിയോളം നീളുന്ന'ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം
രവിചന്ദ്രന്‍ സി
2024 ഒക്ടോബര്‍ 12 ന് കോഴിക്ക് പട്ടണത്തിലെ കാലിക്കട്ട് ട്രേഡ് സെന്ററില് രാവിലെ 8.30 മുതല്‍ പകലന്തിയോളം നീളുന്ന'ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം' എന്നറിയപ്പെടുന്ന ലിറ്റ്മസ്'24 (Litmus'24) കേരളത്തെ വ്യതിരിക്തമാക്കുന്ന സമാനതകളില്ലാത്ത സമ്മേളനമാണ്. ശാസ്ത്ര-സ്വതന്ത്രചിന്ത പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലാണ് (esSENSE Global) ലിറ്റ്മസ് സംഘടിപ്പിക്കുന്നത്. കൂറ്റന്‍ മതസമ്മേളനങ്ങളോ പാര്‍ട്ടിസമ്മേളനങ്ങളോ സിനിമാ ചടങ്ങുകളോ ഇന്ത്യയില്‍ എവിടെ നടന്നാലും ആരും നെറ്റി ചുളിക്കില്ല. പകരം 'സ്വഭാവികം' 'പ്രതീക്ഷിതം'എന്നൊക്കെ പറഞ്ഞ് നിസ്സാരവല്‍ക്കരിക്കും. പതിനായിരം പേര്‍ പങ്കെടുക്കുന്ന നിരീശ്വരവാദികളുടെ സമ്മേളനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതായിരിക്കില്ല പ്രതികരണം. ഏറിയാല്‍ ഒരു വണ്ടിയില്‍ കൊള്ളാന്‍ മാത്രം എണ്ണമുള്ള, സിംഹവാലന്‍ കുരങ്ങുകളെ പോലെ അപൂര്‍വ ജീവികളായി നിരീശ്വരെ പരിഗണിക്കുന്ന മതപൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ എങ്ങനെയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന നിരീശ്വരവാദ സമ്മേളനങ്ങള്‍ അരങ്ങേറുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ലിറ്റ്മസ്.
അവിശ്വാസികള്‍ക്ക് സാമൂഹ്യ ദൃശ്യതയും സ്വീകാര്യതയും
ഇങ്ങനെയൊന്ന് ഇന്ത്യയിലെന്നല്ല ലോകത്ത് മറ്റെവിടെയും സംഭവിക്കുന്നില്ല. എങ്ങനെയിത് സാധ്യമാകുന്നു? വേറെയെങ്ങും നിരീശ്വരവാദികളോ സ്വതന്ത്രചിന്തകരോ ഇല്ലാത്തത് കൊണ്ടോണോ? അല്ല. സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ 142 കോടി വരുന്ന ചെനീസ് ജനസംഖ്യയില്‍ 65 ശതമാനവും നിരീശ്വരവാദികളാണ്! 'ദൈവത്തിന്റെ സ്വന്തം നാട്'എന്നൊക്കെ വിശേഷിപ്പിക്കപെടുന്ന കേരളത്തില്‍ നിരീശ്വരവാദികളെ തട്ടി വഴി നടക്കാന്‍ സാധിക്കാത്ത അവസ്ഥയുമില്ല. നാസ്തികതയും സ്വതന്ത്രചിന്തയും പരസ്യമായി പിന്തുണയ്ക്കുന്നവര്‍ കേരളത്തില്‍ കൂടി വരുന്നു എന്നതാണ് വസ്തുത. മാത്രമല്ല, അവരൊക്കെ സ്വയം പരസ്യപെടുത്തുന്നതിലും ദൃശ്യരാകുന്നതിനും (socially visible) ധൈര്യപ്പെടുന്നു. എസെന്‍സ് ഗ്‌ളോബലിന്റെ നേതൃത്തില്‍ 2018 ഒക്ടോബറില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ലിറ്റ്മസിന്റെ അഞ്ചാമത്തെ എഡിഷനാണ് ഇക്കുറി കോഴിക്കോട് നടക്കുന്നത്. ആദ്യ ലിറ്റ്മസില്‍ മൂവായിരം പേര്‍ നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തൊട്ടടുത്ത വര്‍ഷം 2019 ല്‍ കോഴിക്കോട്ട് ഏഴായിരത്തിലധികം പേര്‍ പങ്കെടുത്തു. 2022 ല്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും 2023 ല്‍ വീണ്ടും തിരുവനന്തപുരം നിശാഗന്ധിയിലും ലിറ്റ്മസ് അരങ്ങേറി. ലിറ്റ്മസ് ഒരിക്കല്‍ കൂടി കോഴിക്കോട്ടെത്തുമ്പോള്‍ നിരീശ്വരവാദികള്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നത് മഹാപാപമാണെന്ന് പ്രചരിപ്പിച്ചവര്‍ പോലും ഇന്ന് എസെന്‍സിന്റെ പ്രവര്‍ത്തനരീതിയും പരിപാടികളും അക്ഷരം വിടാതെ അനുകരിക്കുന്നത് കാണാം. കേരളത്തിലെ അവിശ്വാസികള്‍ക്ക് സാമൂഹ്യ ദൃശ്യതയും സ്വീകാര്യതയും ഉണ്ടാക്കുന്നതില്‍ ലിറ്റ്മസ് വിജയിച്ചു എന്ന സൂചനയാണ് അവിടെ കടന്നുവരുന്നത്.
കേരളം പ്രബുദ്ധമാണ് എന്നൊരു വാചകം ഒരു സോഷ്യല്‍ മീഡിയ ഫലിതമായി പരിമിതപ്പെടുന്ന കാലമാണിത്. 'എന്തൊക്കെയാണ് ഈ കേരളത്തില്‍ സംഭവിക്കുന്നത് 'എന്ന പരിഹാസ്യ ചോദ്യമാണ് മലയാളി പരസ്പരം ആഘോഷിക്കുന്നത്. മദ്യനിരോധന പ്രവര്‍ത്തകരെപ്പോലെ, ഗാന്ധിയന്‍മാരെ പോലെ സമൂഹം മുഖ്യധാരയില്‍ പെടുത്താന്‍ വിസമ്മതിക്കുന്ന ചിന്താധാര തന്നെയാണ് നാസ്തികത. അവഗണിക്കുമെങ്കിലും മദ്യവിരുദ്ധരോടും ഗാന്ധിയന്‍മാരോടും പൊതുവേ അനുഭാവപൂര്‍ണ്ണമായ സമീപനം കൈകൊള്ളുന്ന പൊതുസമൂഹം നാസ്തികരെ ശത്രുപക്ഷത്ത് കണ്ട് നിരാകരിക്കുകയാണ് പതിവ്. തങ്ങളുടെ ചക്കര വിശ്വാസങ്ങളെയും വൈകാരിക നിക്ഷേപങ്ങളെയും ചോദ്യം ചെയ്യുന്നവരെ ബോധപൂര്‍വം ഒഴിവാക്കാനുള്ള മതപരിശീലനം ഭൂരിപക്ഷത്തിനും ലഭ്യവുമാണ്.
ആസക്തി നിയന്ത്രിക്കാനാവാത്തപ്പോഴും മദ്യവും മയക്കുമരുന്നുമൊക്കെ വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബത്തിനും സമൂഹത്തിനും ഒട്ടും ഗുണകരമല്ലെന്ന് അവയുടെ ഉപഭോക്താക്കള്‍ തിരിച്ചറിയുന്നുണ്ട്. ലഹരി വിരുദ്ധ പ്രചരണം സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കുന്നുമുണ്ട്. ലഹരിവിരുദ്ധ നിയമങ്ങളും ധാരാളം. തന്റെ കുടുംബത്തില്‍ വേറെയാരും മദ്യപാനത്തിലേക്ക് തിരിയരുതേ എന്നായിരിക്കും മദ്യപാനിയുടെ പ്രാര്‍ത്ഥന. ഒരു മദ്യപാനി ബാര്‍ ജീവനക്കാരന് ടിപ്പ് കൊടുത്തേക്കാം. പക്ഷേ അവന്റെ ഉച്ചിഷ്ടത്തില്‍ കിടന്ന് ഉരുണ്ടാല്‍ ഐശ്വര്യം സിദ്ധിക്കുമെന്ന് വിശ്വസിക്കുന്നില്ല. മറ്റ് ബ്രാന്‍ഡുകളിലുള്ള മദ്യം കഴിക്കുന്നവരെ അന്യരായി കാണുന്ന ശീലവും മദ്യപാനിക്കള്‍ക്കില്ല. അവരുടെ പിരടിക്ക് വെട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ഹിംസബോധവും അവര്‍ പങ്കുവെക്കുന്നില്ല. ബാറില്‍ കൊടുക്കുന്ന പണം മരണാനന്തര ഇന്‍ഷ്വറന്‍സായി മാറുമെന്നോ മദ്യപാനം സമൂഹത്തില്‍ പടര്‍ത്തണമെന്നോ മദ്യപിക്കാത്തവരെ കൊല്ലണമെന്നോ ഒരു മദ്യപാനിയും വാദിക്കുന്നില്ല.
മദ്യം ദോഷകരമാണെന്ന തിരിച്ചറിയുന്നത് കൊണ്ട് തന്നെ മിക്ക മദ്യപരും സഹമദ്യപരുമായി വിവാഹബന്ധത്തിന് മടിച്ചേക്കും. എങ്കിലും, ബോധം മരവിപ്പിച്ചാണെങ്കിലും, മനുഷ്യര്‍ക്കിടയിലുള്ള ഭിന്നതകളും വ്യത്യാസങ്ങളും അലിയിച്ച് കളഞ്ഞ് അവരെ കുറച്ച് സമയത്തേക്കെങ്കിലും ഒന്നിപ്പിക്കാനുമുള്ള ശേഷി മദ്യം പോലുള്ള ലഹരി വസ്തുകള്‍ക്കുണ്ട്. എന്നാല്‍ മതലഹരിയുടെ കാര്യമോ? മദ്യത്തിനോ മയക്കുമരുന്നിനോ ഉള്ള നിസ്സാരമായ ഗുണവശങ്ങള്‍ പോലുമില്ലെങ്കിലും അവയെക്കാളേറെ ദോഷകരമായ മോചനമില്ലാത്ത ലഹരിയാണ് മതങ്ങള്‍ കുത്തിവെക്കുന്നത്. മദ്യവും മയക്കുമരുന്നു മോശമാണെന്ന് സമ്മതിക്കുമ്പോഴും മതം ചക്കരയാണെന്ന് മലയാളി വാദിക്കുന്നെങ്കില്‍ അവിടെ ചില അക്ഷരതെറ്റുകള്‍ പ്രകടമാണ്. ഈ ചിന്താവൈകല്യത്തെ പരിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് ലിറ്റ്മസ് 24 പോലുള്ള സമ്മേളനങ്ങളിലൂടെ എസെന്‍സ് ഗ്‌ളോബല്‍ നടത്തുന്നത്. അതേ, 'Houston, We've Had a Problem'. പ്രസ്തുത പ്രശ്‌നം ഉണ്ടെന്ന് തിരിച്ചറിയുകയും പരിഹരിക്കാന്‍ വ്യക്തിതലത്തില്‍ ഓരോ പൗരനും പരിശ്രമിക്കണമെന്നുമാണ് ഇന്ത്യന്‍ ഭരണഘടയിലെ 51 A(h) വകുപ്പ് ആവശ്യപെടുന്നത്. ലിറ്റ്മസ് സമ്മേളനങ്ങള്‍ 51 A(h) ന്റെ സാക്ഷാത്കാരം ലക്ഷ്യമിടുന്ന സമ്മേളനമാണ്.
സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രത്തിന്റെ പ്രവര്‍ത്തനരീതി അനുകരിക്കുന്നതിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് എസെന്‍സ് ഗ്‌ളോബലും യത്‌നിക്കുന്നത്. പ്രീ-പ്രൈമറി തലം മുതല്‍ ഗവേഷണതലം വരെ വര്‍ഷങ്ങളോളം തലങ്ങും വിലങ്ങും ശാസ്ത്രം പഠിക്കുന്ന മലയാളിക്ക് ശാസ്ത്രീയ മനോവൃത്തി (scientific temper) അന്യമാകുന്നത് എന്തുകൊണ്ടാണ്? ശാസ്ത്രജ്ജര്‍ റോക്കറ്റ് വിടുന്നതിന് മുമ്പ് തേങ്ങയടിച്ച് തളര്‍ന്ന് വീഴുന്നതിനും പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അല്‍പ്പ വസ്ത്രധാരികളായ പുരോഹിതര്‍ എഴുന്നെള്ളുന്നതിനും നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ശൗചാലയങ്ങളെക്കാള്‍ ആരാധനാലയങ്ങളുമായി വിങ്ങി വിറങ്ങലിക്കുന്ന ഈ രാജ്യത്ത് യുക്തിപൂര്‍വം ചിന്തിക്കാന്‍ ധൈര്യമില്ലാത്ത ജീവികളായി മനുഷ്യര്‍ ന്യൂനീകരിക്കപെടുകയാണ്. രാഷ്ട്രീയക്കാരും ധനികരും പ്രശസ്തരും മതത്തിന് മുന്നില്‍ മുട്ടിലിഴയുമ്പോഴും ജനാധിപത്യം, മതേതരത്വം തുടങ്ങിയ നെടുങ്കന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി വായനാറ്റം പരിഹരിക്കുന്ന ക്യൂബാ മുകുന്ദന്‍മാരായി മലയാളി പരിമിതപ്പെടുകയാണ്.
തിരിച്ചറിവിന്റെ സിലബസ്
ലിറ്റ്മസിന്റെ സിലബസ്സ് തിരിച്ചറിവിന്റേതാണ്. രസതന്ത്രത്തില്‍ ലിറ്റ്മസ് പരിശോധ ആസിഡും ബേസും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു കടലാസ് പരിശോധനയാണ്. മനുഷ്യന് സമാനമായ നിരവധി തിരിച്ചറിവുകള്‍ അനിവാര്യമാണെന്ന വാദമാണ് എസെന്‍സ് മുന്നോട്ട് വെക്കുന്നത്. അസത്യത്തില്‍ നിന്ന് സത്യത്തെ, അവാസ്തവത്തില്‍ നിന്ന് വാസ്തവത്തെ തിരിച്ചറിയാനാവണം. വികലവും ഭ്രമാത്മകവുമായ ലോങ്കസങ്കല്‍പ്പങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ കവിത വേര്‍തിരിച്ചറിയാനുള്ള ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണം. സാധുവും വസ്തുനിഷ്ഠവുമായ തെളിവുകള്‍ അവിടെ വഴിവിളക്കാവും. ഈ ലിറ്റ്മസ് പരിശോധനയുടെ വെളിച്ചത്തില്‍ വ്യാജവും കപടവും ഭ്രമാത്മകവും ആയവ ഒക്കെ നിര്‍ദ്ദയം വെളിവാക്കപെടും. തെളിവുകള്‍ നയിക്കട്ടെ (Let Evidence Lead) എന്ന ലിറ്റ്മസ് മുദ്രാവാക്യം കേരള സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ പൊതുഇടങ്ങള്‍ അത്രമാത്രം അസത്യവല്‍ക്കരിക്കപെട്ടിരിക്കുന്നു.
എസെന്‍സിന് മാനവികതയില്ലേ?
എസെന്‍സിന് മനുഷ്യത്വവും മാനവികതയുമില്ല, സയന്‍സും കടുംപിടുത്തങ്ങളുമാണ് അവര്‍ മുന്നോട്ടുവെക്കുന്നത് എന്നൊരു വ്യാജ ആരോപണവും വരുന്നുണ്ട്. Holier than you, virtue signalling തുടങ്ങിയ പരനിന്ദാപരമായ അവകാശവാദങ്ങളാണ് ഇവിടെ മുഖ്യ ഇന്ധനം. അഭിഷിക്തര്‍ (the anointed) എന്ന് സ്വയം നിരൂപിക്കുന്നവര്‍ ഈ ഒളിയമ്പ് സാഹിത്യത്തിന് നേതൃത്വം നല്‍കുന്നു. ശത്രുവിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ പരോക്ഷ സാഹിത്യം അവതരിപ്പിക്കും. പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്ന ഭീതിയില്‍ അസഭ്യം ഒഴിവാക്കും. അത് ബുദ്ധിപൂര്‍വം മറ്റുള്ളവരെകൊണ്ട് ചെയ്യിക്കും. ഭീരുത്വവും കാപട്യവും നിയന്ത്രിത അനുപാതത്തില്‍ കൂട്ടികുഴച്ച ഈ ബൗദ്ധിക സത്യസന്ധതയില്ലായ്മയുടെ ഉത്പന്നമാണ് മനുഷ്യനാകണം എന്ന ആഹ്വാനം. താന്‍ എംപതി (empathy) രാജാവാണ്, 917 മാനവികവാദിയാണ് എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല എന്നിവര്‍ വാദിക്കും.
ഇവരുടെ ഭാരംകൂടിയ മാനവികതയുടെ തെളിവ്? വിശേഷിച്ച് ഒന്നുമില്ല, സ്വയംവീര്‍പ്പിക്കലും പരനിന്ദയും കണ്ട് മനസ്സിലാക്കികൊള്ളണം! മനുഷ്യന്‍ ആകടോ എന്നൊക്കെ അന്യന്റെ മുഖത്ത് നോക്കി അലറിതിമിര്‍ക്കുന്ന മാലാഖമാര്‍ കാഴ്ചവെക്കുന്നത് ഹോമോഫോബിയക്ക് (homophobic) സമാനമായ നിലപാടാണ്. അന്യനെ തന്നില്‍ കുറഞ്ഞവനായി കാണുന്നതിലെ സുതാര്യമായ കാപട്യവും സമത്വരാഹിത്യവും അവിടെ പ്രകടമാണ്. അവകാശപെടുന്ന ഏംപതിയുടെ പത്തിലൊന്ന് അവരിലുണ്ടെങ്കില്‍ ഇത്തരം വീമ്പിളക്കലും പരനിന്ദയും അസാധ്യമായിരിക്കും. കുറെക്കൂടി മര്യാദയും അനുതാപവും ബന്ധങ്ങളിലും പ്രതികരണങ്ങളിലും നിഴലിക്കും. ഇനി, മറ്റ് മനുഷ്യര്‍ക്ക് എംപതി കുറവാണ് എന്നവര്‍ ശരിക്കും ചിന്തിക്കുന്നുവെങ്കില്‍ ജൈവികവും ജനിതകപരവുമായ ന്യൂനതകളെ അപഹസിക്കുന്നത് ബോഡിഷെയ്മിംഗിനെക്കാള്‍ വലിയ തെറ്റാണെന്ന് തിരിച്ചറിയണം.
എസന്‍സിന്റെ ലക്ഷ്യമെന്ത് ?
മത ഇടങ്ങള്‍ കൂടുതല്‍ മതേതരമാകണം, മതേതര ഇടങ്ങള്‍ കൂടുതല്‍ മതരഹിതമാക്കണം, മതരഹിത ഇടങ്ങള്‍ കൂടുതല്‍ മാനവികമാക്കണം എന്ന ലക്ഷ്യമാണ് എസെന്‍സ് ഗ്‌ളോബല്‍ മുന്നോട്ടുവെക്കുന്നത്. അസഹനീയമായ ഗോത്രീയതയാണ് ഏതൊരു സമൂഹത്തിനെയും നെടുകെയും കുറുകയും ഭിന്നിപ്പിക്കുന്നത്. ഗോത്രബോധം മാത്രമല്ല സ്വത്വബോധവും മനുഷ്യസമൂഹത്തെ വിഭജിക്കും. ഏതെങ്കിലും മതത്തിന് വിധേയപ്പെട്ട് അതിന് വേണ്ടി മടപ്പണി ചെയ്ത് (മതപ്പണി) ജീവിതം ഹോമിക്കുന്ന മനുഷ്യര്‍ സ്വയം കുത്തിയണയ്ക്കുന്നവരാണ്. ഏതെങ്കിലും ജാതിവിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും പോഷണത്തിനും മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ മനുഷ്യരെ ഒന്നായി കാണാന്‍ കഴിയാത്ത അമാനവിക ലോകവീക്ഷണമാണ് പ്രസ്തുത ജാതിപ്പണി നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. അത്തരം നിലപാടുകള്‍ സങ്കുചിതവും വികലുമായിരിക്കുമ്പോള്‍ തന്നെ അവ മനുഷ്യര്‍ക്കിടയില്‍ കാലുഷ്യവും സംശയവും ജനിപ്പിക്കുന്നതില്‍ സംശയമില്ല. ശരിയും വസ്തുതയും എന്തുമായി കൊള്ളട്ടെ സ്വന്തം പാര്‍ട്ടി പറയുന്നത് മാത്രം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മനുഷ്യരും ഗോത്രീയതയുടെ വക്താക്കളാണ്. മതപ്പണിയും ജാതിപ്പണിയും പാര്‍ട്ടിപ്പണിയും ഉപേക്ഷിച്ച് സ്വതന്ത്ര വ്യക്തികളാകാന്‍ എസെന്‍സ് മലയാളിയോട് അഭ്യര്‍ത്ഥിക്കുന്നു.
വ്യക്തി പ്രധാനമാണ്
സ്വന്തം ജാതിയും മതവും പാര്‍ട്ടിയും പറയുന്നതല്ല മറിച്ച് എന്താണ് വസ്തുത, എന്താണ് ശരി, എന്തിനാണ് തെളിവുള്ളത് എന്നതായിരിക്കണം ഏതൊരു സ്വതന്ത്രവ്യക്തിയും പരിഗണിക്കേണ്ടത്. എതിരാളി പറയുന്നതും ചെയ്യുന്നതും ശരിയാണെങ്കില്‍ അതും അംഗീകരിക്കാനുള്ള മനസ്സും സ്വാതന്ത്ര്യവും ഉണ്ടാവണം. ശരി ആരു പറഞ്ഞാലും അംഗീകരിക്കാനും നിരന്തരം തിരുത്താനും പരിഷ്‌കരിക്കാനും വ്യക്തി തയ്യാറാകേണ്ടതുണ്ട്. സ്വന്തം ഇഷ്ടവും തീരുമാനങ്ങളും അന്യന് ദ്രോഹമില്ലാതെ, സ്വയം നശിപ്പിക്കാതെ നടപ്പിലാക്കാനുള്ള സുവര്‍ണ്ണ അവസരമായി ജീവിതത്തെ വിലയിരുത്തണം. കഴിയുന്നത്ര നുകങ്ങളില്‍ നിന്ന് കഴുത്തൂരി, പരമാവധി ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്, സ്വാതന്ത്ര്യം ഭക്ഷിച്ച് ജീവിക്കുക എന്നത് ഓരോ വ്യക്തിക്കും അവനവനോടുള്ള കടമയുമാകുന്നു.
പ്രത്യയശാസ്ത്ര തിമിരത്തിനും ഡോഗ്മകള്‍ക്കും വിധേയപ്പെടാതെ സ്വയം ആദരിക്കാനും ആഘോഷിക്കാനും മലയാളിയോട് ആഹ്വാനം ചെയ്യുന്ന ലിറ്റ്മസ്'24 ന്റെ സമ്മേളന മുദ്രവാക്യം തന്നെ 'നിങ്ങളെ ആഘോഷിക്കൂ' (Celebrate You) എന്നതാണ്. ഈ ലോകത്ത് ഏറ്റവുമധികം ആദരിക്കപെടുകയും ആഘോഷിക്കപെടുകയും ചെയ്യേണ്ട ആശയം നിങ്ങളാണെന്ന ബോധ്യം പ്രധാനമാണ്. വ്യക്തി പ്രധാനമാണ് (Individual is important). സ്വയം ആദരിക്കുകയും അന്യനെ സ്‌നേഹിക്കുകയും ചെയ്യുന്ന സമത്വബോധമുള്ള മാനവന്റെ നിര്‍മ്മിതിക്കായാണ് എസെന്‍സ് നിലകൊള്ളുന്നത്. ലിറ്റ്മസ് 24 ന്റെ ഭാഗമായി ഒക്ടോബ 12 കോഴിക്കോട്ട് ഒത്തുകൂടുന്നവരുടെ ആഗ്രഹവും മറ്റൊന്നല്ല. സ്വാതന്ത്ര്യം പൂക്കുന്ന ചില്ലകളിലേക്കാണ് മനുഷ്യരാശി ചേക്കേറേണ്ടത്. സ്വാതന്ത്രം പ്രാണുവായുവിനോളം പ്രിയങ്കരമായി കാണുന്ന മനുഷ്യര്‍ക്ക് സംശയങ്ങളും ചോദ്യങ്ങളും ഏറെയുണ്ടാവും. അത്തരത്തില്‍പെട്ട അസംഖ്യം ചോദ്യങ്ങള്‍ ഈ ലിറ്റ്മസിലും ഉന്നയിക്കപെടും. ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ പൊതു ബാധ്യതയാകുന്നു.