കുതിച്ചു പായുന്ന തീവണ്ടി, കുതിച്ചുയരുന്ന ആത്മവിശ്വാസം

ഗാന്ധിനഗറിൽ ജി 20 മീറ്റിംഗിന് വരുന്നുണ്ട് എന്ന് പോസ്റ്റ് ഇട്ടിരുന്നു. അവിടെയുള്ള പലരും ബന്ധപ്പെട്ടു, ചിലരെ ഒക്കെ കണ്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഒക്കെ സന്ദർശിച്ചു. ഇടക്ക് ഇടക്ക് എഴുതാം. പക്ഷെ ഏറ്റവും ആവേശം ഉണ്ടാക്കിയത് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് കണ്ടപ്പോൾ ആണ്.

കോതമംഗലത്തെ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്ന ജോസി ആ പ്രൊജക്ടിൽ സുരക്ഷയുടെ തലവൻ ആണ്. അതുകൊണ്ട് തന്നെ പ്രോജക്റ്റ് കാണാനുള്ള അവസരം ഉണ്ടായി.മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. Mumbai Ahmadabad High Speed Rail project എന്നാണ് ഔദ്യോഗിക നാമം എന്ന് തോന്നുന്നു.

മുംബൈയിൽ നിന്നും അഹ്‌മദാബാദിലേക്കുള്ള അഞ്ഞൂറ്റി എട്ടു കിലോമീറ്റർ ദൂരം മണിക്കൂറിൽ മുന്നൂറ്റി ഇരുപത് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഓടിക്കുന്ന പദ്ധതിയാണ്. ഒരു മണിക്കൂർ അമ്പത്തി എട്ടു മിനിറ്റുകൊണ്ട് മുംബൈയിൽ നിന്നും അഹമ്മദാബാദിൽ എത്താം. ഇപ്പോൾ ചുരുങ്ങിയത് അഞ്ചു മണിക്കൂറും, സാധാരണം എട്ടു മണിക്കൂറും എടുക്കുന്ന റൂട്ട് ആണ്. ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് റെയിൽ പ്രോജക്ട് ആണ്. ഇന്ന് ലോകത്ത് നടക്കുന്നതിൽ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രോജക്ടുകളിൽ ഒന്നാണ്.

അതിന്റെ നിർമ്മാണ സ്ഥലത്ത് പോയ എനിക്ക് സിവിൽ എൻജിനീയർ എന്ന നിലയിൽ രോമാഞ്ചം ഉണ്ടായി. ലോകോത്തരമായ എൻജിനീയറിങ് ആണ്.
നിലത്ത് നിന്നും എട്ടു മീറ്റർ വരെ ഉയരത്തിലാണ് പാളങ്ങൾ. നാടും നഗരവും പുഴയും വഴിയും ഒക്കെ താണ്ടിയാണ് പോകേണ്ടത്.
മുംബൈയിൽ നിന്നും തുടങ്ങിയാൽ കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെ ആണ് തുടക്കം. ഇന്ത്യയിലെ കടലിനടിയിലൂടെയുള്ള ആദ്യത്തെ തുരങ്കം ആയിരിക്കും ഇത്.

എത്രയെത്ര തരം ഭൂമി, മണ്ണ്, ഭൂപ്രദേശം. ഇതിന്റെ ഓരോന്നിന്റെയും സ്വഭാവം അനുസരിച്ച് വേണം തൂണും ബീമും ഒക്കെ ഡിസൈൻ ചെയ്യാൻ.
പാളങ്ങൾ നിരത്താനുള്ള ബീമുകൾ (ഗർഡർ) ഒരു കാസ്റ്റിങ് യാർഡിൽ മുൻകൂട്ടി ഉണ്ടാക്കിയതിന് ശേഷം ലൊക്കേഷനിൽ എത്തിച്ച് തൂണുകളിലേക്ക് ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. പ്രീ കാസ്റ്റ് മാത്രമല്ല പ്രീ സ്‌ട്രെസ്സ്ടും ആണ് (സിവിൽ എഞ്ചിനീയേഴ്‌സിന് വേണ്ടി പറഞ്ഞതാണ്). ഒരു ഫുൾ സെക്ഷൻ എന്നത് തൊള്ളായിരത്തി ഇരുപത് ടൺ വരും. കാസ്റ്റ് ചെയ്തിടത്തു നിന്നും ഇരുന്നൂറിലധികം ചക്രങ്ങൾ ഉള്ള ഒരു വാഹനത്തിലാണ് ഇത് ലൊക്കേഷനിൽ എത്തിക്കുന്നത്. അവിടെ അഞ്ഞൂറ്റി അമ്പത് ടൺ വരെ ഉയർത്താൻ കപ്പാസിറ്റിയുള്ള രണ്ടു ക്രെയിനുകൾ കൊണ്ട് ഇത് ഉയർത്തി തൂണുകൾക്ക് മുകളിൽ വക്കുന്നു.

ഇന്ത്യക്ക് പുറത്ത് അനവധി വർഷം ജോലി ചെയ്ത് പരിചയമുള്ള ആളാണ് ജോസി. 'അന്നൊക്കെ അഞ്ഞൂറ് ടൺ ലിഫ്റ്റ് എന്ന് പറഞ്ഞാൽ വലിയ സംഭവമാണ്. രണ്ടു മാസം എടുക്കുന്ന പദ്ധതിയാണ്. ഇവിടെ ഇപ്പോൾ തൊള്ളായിരം ടൺ രണ്ടു ദിവസം കൊണ്ട് തീർക്കുകയാണ്, അതും അനവധി സ്ഥലങ്ങളിൽ ഒരേ സമയം' ജോസിക്ക് പത്തു നാവാണ്.

അതേ, പതിനഞ്ചോളം ലൊക്കേഷനിൽ ഒരേ സമയത്ത് കാസ്റ്റിങ് നടക്കുകയാണ്. അതി വേഗതയിൽ ആണ് കാര്യങ്ങൾ നീങ്ങുന്നത്. പാളങ്ങൾ മാത്രമല്ല, സ്റ്റേഷനുകൾ, അനുബന്ധമായ ഇലക്ട്രിക് വർക്കുകൾ എന്നിങ്ങനെ എന്തൊക്കെ പദ്ധതികൾ ആണ്. ഇതൊക്കെ മേൽനോട്ടം വഹിക്കുന്നത് മൊത്തം ഇന്ത്യയിൽ നിന്നുള്ള എൻജിനീയർമാർ ആണ്, കാസ്റ്റിങ് മുതൽ ലിഫ്റ്റിങ് വരെ ചെയ്യാനുള്ള ബഹു ഭൂരിപക്ഷം ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും നമ്മൾ പഠിച്ചിട്ടുണ്ട്.

ഒരു ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് എന്നാൽ ട്രെയിനിന്റെ സ്പീഡിൽ മാത്രമല്ല പുരോഗതി ഉണ്ടാകുന്നത്, നമ്മുടെ മൊത്തം എഞ്ചിനീയറിങ്ങ് നിലവാരത്തിലും അതിന്റെ ലോകത്തെവിടെയും ഉള്ള സ്വീകാര്യതയിലും ആണ്. ഒരു ലക്ഷം കോടി രൂപയിലും അധികമാണ് ഇതിന്റെ ബജറ്റ്. ഇതും ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ഒറ്റ പ്രോജക്ട് ആണെന്ന് തോന്നുന്നു. അത് പ്രോജെക്ട് മാനേജ്മെന്റ് തലത്തിൽ നമുക്ക് തരുന്ന ആത്മവിശ്വാസം കുറവല്ല.

രണ്ടായിരത്തി ഇരുപത്തി ഏഴോടെ ട്രയൽ റൺ തുടങ്ങും. ഇത് ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ആണ്, പക്ഷെ ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യയിൽ നെടുകെയും കുറുകെയും ബുള്ളറ്റ് ട്രെയിനുകൾ ഉണ്ടാകും. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് രാവിലെ പോയി വൈകീട്ട് എത്തുന്ന കാലം വരും. ഉറപ്പാണ്.

ഇന്ത്യ ഈ പ്രോജക്റ്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ ഉറപ്പായിട്ടും ലോകത്ത് മറ്റിടങ്ങളിൽ ഹൈസ്പീഡ് റെയിൽ ഉണ്ടാക്കുന്ന ജോലികളിൽ ഇന്ത്യൻ കമ്പനികൾ വ്യാപകമാകും, അതും ഉറപ്പാണ്. അഞ്ചു വർഷം മുൻപ് വരെ ഇന്ത്യയെപ്പറ്റി എഴുതുമ്പോൾ എക്കോണമിസ്റ്റ് ഒക്കെ പറഞ്ഞിരുന്നത് നമ്മുടെ ഇൻഫ്രാ സ്ട്രക്ച്ചറിന്റെ കുറവിന്റെ കാര്യമായിരുന്നു. റോഡ്, റെയിൽ, വൈദ്യുതി, എന്നിങ്ങനെ.

പതുക്കെ പതുക്കെ അത് മാറുകയാണ്. അഞ്ചു ട്രില്യൺ എക്കോണമിയിലേക്ക് ഉള്ള നമ്മുടെ യാത്ര കാണാൻ തന്നെ തന്നെ എത്ര രസമാണ്.
ഭാരതമെന്ന പേരുകേട്ടാൽ...

മുരളി തുമ്മാരുകുടി

(കേരളത്തിലെ പ്രധാന വിഷയം ഇതൊന്നുമല്ല എന്നെനിക്കറിയാം, ഇങ്ങനെ ഒരു പ്രോജക്ട് നടക്കുന്നുണ്ടോ എന്ന് തന്നെ എത്ര പേർ ശ്രദ്ധിക്കുന്നു. താല്പര്യമുള്ളവർക്ക് വേണ്ടി ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. കാണുക. കേരളത്തിലെ എല്ലാ സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളും ഒന്നുകിൽ ഈ പ്രോജക്ട് പോയി കാണണം, അല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്ന ജോസി ഉൾപ്പടെ ഉള്ള സിവിൽ എൻജിനീയർമാരെ വിളിച്ചു ഒരു സെമിനാjd] നടത്തണം. നാട്ടിലെ ചർച്ചകൾ ഒക്കെ കഴിഞ്ഞു സമയം കിട്ടിയാൽ നമ്മുടെ മാധ്യമങ്ങൾക്കും ഈ സ്ഥലം ഒക്കെ സന്ദർശിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാവുന്നതാണ് )