- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'18 ാം വയസിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല': ആരോഗ്യ സർവകലാശാലയുടെ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും; സദാചാര പൊലീസിങ് അവസാനിപ്പിക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു
(മെഡിക്കൽ)വിദ്യാർത്ഥികളുടെ ദുർബ്ബലമായ മസ്തിഷ്‌കം
'ഘടനാപരമായി കൗമാരക്കാരുടെ മസ്തിഷ്‌കം ദുർബലമാണ്. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ പാരിസ്ഥിതിക സമ്മർദങ്ങളിൽ വീണു പോകാം. സുരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും ലഹരിമരുന്നിലേക്കുമെല്ലാം ഇവർ കടക്കാൻ സാധ്യതയുണ്ട്. ശാസ്ത്രീയമായി 25ാം വയസിൽ മാത്രമാണു മാനസിക വികാസം വിദ്യാർത്ഥികളിൽ ഉണ്ടാകുന്നുള്ളൂ എന്നും കോടതിയെ അറിയിച്ചു.'
മനോരമ വാർത്തയാണ്, പൂർണ്ണമായും സത്യമാണോ എന്നറിയില്ല. പക്ഷെ സത്യമാണെങ്കിൽ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല പൂർണ്ണബോധ്യത്തോടെ കേരള ഹൈക്കോടതിയിൽ പറഞ്ഞതാണ് ആരോഗ്യ സർവ്വകലാശാല അല്ലേ പറയുന്നത്. അല്പം മെഡിക്കൽ സയൻസ് ഒക്കെ പുറകിൽ ഉണ്ടാകുമെന്ന് സാധാരണ ഗതിയിൽ നാം ചിന്തിക്കും. കാര്യം മെഡിക്കൽ വിദ്യാർത്ഥികളെ സമയത്തിന് കൂട്ടിൽ കേറ്റാൻ വേണ്ടിയുള്ള പ്രയോഗമാകാം, പക്ഷെ അതിന് പ്രായോഗിക തലത്തിൽ എത്ര പ്രശ്‌നങ്ങൾ ആണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കേരളത്തിൽ പതിനെട്ട് വയസ്സിൽ വോട്ട് ചെയ്യാം. പൂർണ്ണമായി മാനസിക വളർച്ച എത്താത്ത ആളുകളെ കൊണ്ട് വോട്ട് ചെയ്യിച്ച് നമ്മുടെ ജനാധിത്യം മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയാണോ? ഇന്ത്യയിൽ ഇരുപത്തി ഒന്ന് വയസ്സിൽ കല്യാണം കഴിക്കാം. സുരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും ലഹരിമരുന്നിലേക്കുമെല്ലാം ഇവർ കടക്കാൻ സാധ്യതയുണ്ടെന്നല്ലോ ആരോഗ്യ സർവ്വകലാശാല പറയുന്നത്. ആകെ കുഴപ്പമാകില്ലേ?
ഇരുപത്തി ഒന്ന് വയസ്സിൽ പഞ്ചായത്ത് മെമ്പർ തൊട്ട് മേയർ വരെ ആയവർ കേരളത്തിൽ ഉണ്ട്. ശാസ്ത്രീയമായി മാനസിക വികാസം എത്താത്തവരെ ഒക്കെയാണല്ലോ നമ്മൾ ഭരണം ഏൽപ്പിച്ചിരിക്കുന്നത്. ഇനിയെന്ത് ചെയ്യും പഞ്ചായത്തിന്റേയും കോർപറേഷന്റെയും ഒക്കെ കാര്യം അവിടെ കിടക്കട്ടെ. സ്വീഡനിലെ പുതിയ പരിസ്ഥിതി മന്ത്രി ചാർജ്ജെടുക്കുമ്പോൾ പ്രായം ഇരുപത്തി അഞ്ചായിട്ടില്ല. മസ്തിഷ്‌ക വികാസം നേടാത്തവർ ഒക്കെ രാജ്യം ഭരിച്ചാൽ കുഴപ്പമാവുമെന്ന് കേരള ആരോഗ്യ സർവ്വകലാശാലയുടെ കണ്ടെത്തൽ ഉടൻ അവിടെ അറിയിക്കേണ്ടേ? നോബൽ പ്രൈസ് കൊടുക്കുന്ന രാജ്യമാണ്, പുതിയ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും.
ഒവ്വ !
അങ്ങ് ചെന്നാൽ മതി
പതിനെട്ടിനും പത്തൊമ്പതിനും ഇടക്ക് ഭൂരിഭാഗം സ്വീഡിഷ് കുട്ടികളും അച്ഛനും അമ്മയുടേയും വീട് വിട്ട് സ്വന്തമായി മാറി താമസിച്ചു ജീവിച്ചു തുടങ്ങും.
അവരോടാണ് ഈ ഹോസ്റ്റൽ കർഫ്യൂ ശാസ്ത്രവും ആയി ആരോഗ്യ സർവ്വകലാശാല ചെല്ലുന്നത്. സത്യം പറയട്ടെ. കേരളത്തിൽ സദാചാര പൊലീസ് ആരാണ്, ശാസ്ത്രീയമായി ചിന്തിക്കുന്നവർ ആരാണ് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത കാലമായി. ആരോഗ്യ സർവ്വകലാശാല ഇങ്ങനെ ഒന്നും പറഞ്ഞില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കുട്ടികളെ വളരാൻ അനുവദിക്കൂ. സമൂഹത്തിൽ സുരക്ഷ ഉണ്ടാക്കൂ, സദാചാര പൊലീസിങ് അവസാനിപ്പിക്കൂ. മസ്തിഷ്‌കം ഒക്കെ സമയത്തിന് വളർന്നോളും.
ഇരുപത്തി അഞ്ചല്ലെങ്കിലും മുപ്പത് വയസ്സിന് മുൻപ് മന്ത്രിയും മുപ്പതുകളിൽ മുഖ്യമന്ത്രിയും ഒക്കെ ഉണ്ടായിട്ടുള്ള നാടാണ്. അതിനെ പുറകോട്ടടിക്കരുത്.
മുരളി തുമ്മാരുകുടി
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.