മരണം ബ്രേക്കിങ് ന്യൂസ് ആക്കുമ്പോൾ

ല വട്ടം പറഞ്ഞിട്ടുള്ളതാണ്, പക്ഷെ മാറ്റം കാണാത്തതുകൊണ്ട് ഒന്ന് കൂടി പറയാം. ഏറ്റവും സങ്കടകരമായ വാർത്തയാണ് കുസാറ്റിൽ നിന്നും ഇന്നലെ നമ്മൾ കേട്ടത്. ഒരു സംഗീതനിശക്കിടയിൽ അപകടം ഉണ്ടാകുന്നു, അതിൽ വിദ്യാർത്ഥികൾ ഉൾപ്പടെ നാലുപേർ മരിക്കുന്നു.

അപ്പോൾ തന്നെ പേടിച്ചതാണ്, ഇപ്പോൾ മാധ്യമപ്പട സ്ഥലത്തെത്തും, മരിച്ചവരുടെ പേരുകൾ ബ്രേക്കിങ് ന്യൂസ് ആയി സ്‌ക്രോൾ വരും. മരിച്ച ആളുകളുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ എങ്ങനെയായിരിക്കും ചിലപ്പോൾ അറിയാൻ പോകുന്നത്.

പേടിച്ച പോലെ അത് സംഭവിച്ചു എന്നാണ് ഇപ്പോൾ അറിയുന്നത്. ഇന്ന് രാവിലെ തന്നെ ഒരു സുഹൃത്ത് ഇതിനെപ്പറ്റി ഒരു വാർത്ത അയച്ചു തന്നു. ഏത് മാധ്യമം അല്ലെങ്കിൽ മാധ്യമങ്ങൾ ആണെന്നറിയില്ല. പക്ഷെ ആധുനിക സമൂഹത്തിനോ സംസ്‌കാരത്തിനോ ചേർന്ന മാധ്യമ പ്രവർത്തനം അല്ല എന്ന് ഉറപ്പായും പറയാം.

നിങ്ങൾ തന്നെ ഒന്നാലോചിക്കൂ. നമ്മുടെ കുട്ടി ഒരു സംഗീതോത്സവത്തിന് പോകുന്നു. അതൊക്കെ കഴിഞ്ഞു സന്തോഷത്തോടെ തിരിച്ചു വന്നു വിശേഷങ്ങൾ പറയുന്നതും നോക്കി നാം ഇരിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ മരണവാർത്ത ടി വി യിൽ വരുന്നു. എങ്ങനെയാണ് ആ കുടുംബം ആ വാർത്തയുമായി പൊരുത്തപ്പെടുന്നത്. ഹൃദയാഘാതം വരെ ഉണ്ടാകാം, ട്രാജഡി ഇരട്ടിയാകാം.

മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്. അടുത്ത ആളുടെ മരണം എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിന്റെ നിമിഷമാണ്. അത് മനസ്സിലാക്കി വേണം അതിനെ കൈകാര്യം ചെയ്യാൻ. അങ്ങനെ അറിഞ്ഞു കഴിഞ്ഞാൽ അവർക്ക് മാനസിക പിന്തുണ, വേണ്ടിവന്നാൽ വൈദ്യ സഹായം, അല്പം സ്വകാര്യത ഒക്കെ കൊടുക്കണം.

വികസിതരാജ്യങ്ങളിൽ ഇതിനൊക്കെ കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. കുടുംബത്തെ അറിയിക്കുകയും അവർ വിവരം പുറത്തു പറയാൻ സമ്മതിക്കുകയും ചെയ്യുന്നത് വരെ മരണവിവരം പുറത്തു പറയില്ല. നൈജീരിയയിൽ യു എൻ ആസ്ഥാനം അക്രമിക്കപ്പെട്ടപ്പോൾ ഇരുപത്തി ഒന്ന് പേർ മരിച്ചു. ഞാൻ സ്ഥിരം പോകുന്ന ഓഫീസ് ആണ്, ഏറെ പേർ എന്റെ സുഹൃത്തുക്കൾ ആണ്. ആരാണ് മരിച്ചത് എന്നതിൽ ഞങ്ങൾക്ക് ഏറെ ആകാംഷയുണ്ട്. പക്ഷെ ഒരാഴ്ച കഴിഞ്ഞാണ് ഔദ്യോഗികമായി ലിസ്റ്റ് പുറത്തു വരുന്നത്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനും സ്വകാര്യതക്കും മേലെ അല്ല സമൂഹത്തിന് അവരുടെ പേരറിയാനുള്ള അവകാശം.

ഇത് ചിന്തിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നാണ്, പല പ്രാവശ്യം പറഞ്ഞതുമാണ്. പക്ഷെ എന്നിട്ടും രണ്ടായിരത്തി ഇരുപത്തി മൂന്നിലും ഇത് വീണ്ടും സംഭവിച്ചു എന്നുള്ളത് മാധ്യമങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്, വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ്.
മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

മുരളി തുമ്മാരുകുടി