- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചു ദിവസം ഇവര്‍ ജയിലില്‍ കിടക്കും; പണവും ബന്ധുബലവും ഉണ്ടെങ്കില്‍ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം; നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്, അത് കഴിഞ്ഞിട്ട് മതി ഭാവി: കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങില്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങില്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
'അറിവില്ലാത്ത' 'കുട്ടികളുടെ' 'വിനോദങ്ങള്‍'
കോട്ടയത്തെ നഴ്‌സിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ റാഗിംഗിന്റെ വീഡിയോ പുറത്തു വരുന്നു. വിദ്യാര്‍ത്ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്......
ഇതിനുപിന്നാലെയാണ് 'ഞാന്‍ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്.......'മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. വായിച്ചതേ ഉള്ളൂ, കാണാനുള്ള കരുത്തില്ല.
എന്നാല്‍ എന്നെ നടുക്കുന്നത് ഇതല്ല. ഇപ്പോള്‍ സമൂഹത്തിന് കുറച്ച് ദേഷ്യം ഉണ്ട്. കുറച്ചു ദിവസം ഇവര്‍ ജയിലില്‍ കിടക്കുകയും കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. ഒരു വര്‍ഷത്തിനകം 'കുട്ടികളുടെ ഭാവി' പ്രധാന വിഷയമാകും. ഇവരൊക്കെ തിരിച്ചു കോളേജില്‍ എത്താനാണ് കൂടുതല്‍ സാധ്യത. കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാലും അതിശയിക്കാനില്ല, കാരണം ഒന്നാമത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കുന്നില്ലല്ലോ.
പണവും ബന്ധുബലവും ഉണ്ടെങ്കില്‍ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇനിയും ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുള്ളവരും പഠിക്കുന്നുള്ളൂ. കുറ്റകൃത്യത്തിന് ഇരയായവര്‍ ജീവിതകാലം മുഴുവന്‍ ഈ സംഭവത്തിന്റെ ട്രോമയുമായി ജീവിക്കേണ്ടി വരും. അവരുടെ നഷ്ടത്തിന് ആരും ഉത്തരവാദികള്‍ ഇല്ല. അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തിന് ആരും വിലനല്‍കുന്നില്ല.
വാസ്തവത്തില്‍ നിയമപരമായി ഈ ക്രിമിനലുകള്‍ 'കുട്ടികള്‍' ഒന്നുമല്ല. പതിനെട്ട് കഴിഞ്ഞവരാണ്. അവര്‍ ചെയ്യുന്നത് അവരുടെ പഠനവുമായി ബന്ധമുള്ള ഒന്നല്ല, ഒരു വയലന്റ് ക്രൈം ആണ്. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അത് കഴിഞ്ഞിട്ട് മതി ഭാവി.
അങ്ങനെ ആകുമ്പോള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നത്.
ഇരകളുടെ മരണം സംഭവിക്കുന്ന സംഭവങ്ങളില്‍ പോലും 'കുട്ടികളുടെ ഭാവി' ഓര്‍ത്ത് പരിഗണന ലഭിക്കുന്നത് കൊണ്ടാണ് ഈ കാടത്തം ഇനിയും നിലനില്‍ക്കുന്നത്. അമ്പത് വര്‍ഷമായി കാണുന്നതും കേള്‍ക്കുന്നതുമല്ലേ, അതുകൊണ്ട് ഒട്ടും പ്രതീക്ഷയില്ല. എന്നാലും ഈ കേസിലെങ്കിലും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടുമെന്ന് ആഗ്രഹിക്കാമല്ലോ.
മുരളി തുമ്മാരുകുടി