- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലോകം മുഴുവൻ രാഹുൽ ഗാന്ധിയുടെ ശബ്ദത്തിനായി കാതോർക്കുന്നു; ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയിൽ നിന്നും ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെടുമോ? കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
രാഹുൽ ഗാന്ധിക്കു രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സൂറത്ത് സിജെഎം കോടതി വിധിക്കെതിരേ അദ്ദേഹത്തിനു ജാമ്യം അനുവദിച്ചുകൊണ്ട് സൂറത്ത് സെഷൻസ് കോടതിയുടെ വിധി കഴിഞ്ഞ ദിവസം വന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം സർവശക്തിയുമെടുത്ത് രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാൻ നോക്കുമ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഇവിടുത്തെ കോടതികളെയാണ്. ദുർബലമായൊരു മാനനഷ്ടക്കേസിൽ കഴിഞ്ഞ മാർച്ച് 23ന് സൂറത്ത് സിജെഎം എച്ച്.എച്ച്. ശർമ രാഹുലിനെ രണ്ടു വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചപ്പോൾ സൂറത്തിലെ തന്നെ സെഷൻസ് കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ച് പുനഃപരിശോധനയ്ക്കുള്ള അവസരം നൽകി. രാഹുൽ ഗാന്ധിയെപ്പോലെ രാജ്യം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരാളുടെ എംപി സ്ഥാനം വരെ നഷ്ടപ്പെടുത്താൻ ഏറ്റവും താഴേത്തട്ടിലുള്ള ഒരു കോടതിക്കു കഴിയുമെന്നിരിക്കെ, ഓരോ വിധിന്യായവും അവധാനതയോടെ മാത്രം തയാറാക്കപ്പെടേണ്ടതാണ്. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആയിരുന്ന എച്ച്.എച്ച്. ശർമയുടെ കാര്യത്തിൽ ഈ സൂക്ഷ്മത ഉണ്ടായോ എന്നു സംശയമുണ്ട്.
അപകീർത്തി കേസിൽ സിജെഎം കോടതി രണ്ട് വർഷം തടവ് വിധിച്ച് 24 മണിക്കൂറിനകം ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. വിധി പറഞ്ഞ ജഡ്ജി തന്നെ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത് തുടർനടപടികൾക്ക് സാവകാശം നൽകാനാണ്. എന്നാൽ ലോക്‌സഭാ സെക്രട്ടറി ജനറൽ അതിന് കാത്തു നിന്നില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർലമെന്റിനു പുറത്തു നിർത്തി. ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉയരുന്ന വിയോജിപ്പുകളെ തിടുക്കപ്പെട്ട് നിശബ്ദമാക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്പഷ്ടം. പക്ഷേ, ഇന്ത്യക്കകത്തും പുറത്തും രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിന്റെ പിന്നീടുള്ള പൊതുസ്വീകാര്യത കണ്ട് മോദിയും കൂട്ടരും അസ്വസ്ഥരായി. ദേശീയ പ്രതിപക്ഷ ഐക്യം വളരെ വേഗം ശക്തിപ്പെട്ടതിന്റെ ആശങ്കയിലുമാണവർ.
കോടതിക്കു പുറത്ത് രാഹുലിനെ കുടുക്കാനുള്ള ശ്രമം യഥേഷ്ടം നടന്നു. എൻഫോഴ്‌സ്‌മെന്റ് അധികൃതരെ നിയോഗിച്ച് 50 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യിച്ചിട്ടും രാഹുലിനെ ഒന്നും ചെയ്യാനായില്ല. രാഹുലിന്റെ വീട്ടിലേക്കു നിയോഗിക്കപ്പെട്ട ഡൽഹി പൊലീസും നിരാശയോടെ മടങ്ങി. പിന്നീടാണ് കോടതിയെ കൂട്ടുപിടിച്ചുള്ള നാടകത്തിന് തിരശീല ഉയർത്തിയത്. അദാനിയുടെ കമ്പനിയിൽ അനധികതമായി നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് നരേന്ദ്ര മോദിയെ ഭയപ്പെടുത്തുന്നത്. ഈ ഭയത്തിൽ നിന്നാണ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള തീവ്രശ്രമങ്ങൾക്കു ബിജെപി ചാടിപ്പുറപ്പെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുവന്നതും മോദിപക്ഷത്തെ ആശങ്കയിലാക്കി.
ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എം എൽ എയുമായ പൂർണേഷ് മോദിയാണ് സിജെഎം കോടതിയിൽ രാഹുലിനെതിരേ മാനനഷ്ടകേസ് നൽകിയത്. കോടതി വിധി അനുകൂലമാക്കാനുള്ള വലിയ ഫൗൾ പ്ലേ ഇതിനു പിന്നിൽ അരങ്ങേറുകയും ചെയ്തു. ഒരു മാനനഷ്ട കേസിന്റെ പ്രാഥമിക വശങ്ങൾ പോലും സിജെഎം കോടതി പരിഗണിച്ചില്ല എന്നതാണ് ഈ കേസിന്റെ ആദ്യത്തെ പോരായ്മ. സൂറത്ത് കോടതിയുടെ ജുറിസ്ഡിക്ഷൻ പരിധിയിലായിരുന്നില്ല രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാർ ലളിത് മോദി എന്നിവരെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധി കർണാടകയിലെ കോളാറിൽ പരാമർശം നടത്തിയത്. അതിനു പൂർണേഷ് മോദിയുടെ മാനത്തിന് എന്തു സംഭവിക്കാൻ? തന്നെ ആരെങ്കിലും തെറ്റായി പരാമർശിക്കുമ്പോഴോ, നേരിട്ട് അപകീർത്തിപ്പെടുത്തുമ്പോഴോ മാത്രമേ ഒരാൾക്കു മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാവൂ. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരിടത്തും പൂർണേഷ് മോദി പരാമർശിക്കപ്പെട്ടതേയില്ല. അതുകൊണ്ടു തന്നെ പൂർണേഷ് മോദിയുടെ പരാതി നിലനിൽക്കില്ല എന്നാണു നിയമ വിദഗ്ദ്ധർ പറയുന്നത്.
വിചാരണയുടെ പല ഘട്ടത്തിലും വേറെയും ചില ഇടപെടലുകളുണ്ടായി. ആദ്യം കേസ് പരിഗണിച്ചത് സൂറത്തിലെ സിജെഎം ആയിരുന്ന എ.എൻ ദവെ ആയിരുന്നു. അദ്ദേഹത്തിൽ നിന്നും നിന്നും അനുകൂല വിധി ലഭിക്കില്ലെന്നു വ്യക്തമായതോടെ പൂർണേഷ് മോദി ഹൈക്കോടതിയെ സമീപിച്ച് കേസിനു സ്റ്റേ ആവശ്യപ്പെട്ടു. 2022 മാർച്ചിൽ ഹൈക്കോടതി അതനുവദിക്കുകയും ചെയ്തു. പിന്നീട് ദവെ മാറി എച്ച്.എച്ച് വർമ എത്തി. 2022 ഡിസംബർ 29നു വർമയ്ക്കു ലഭിച്ച പ്രത്യേക പ്രമോഷനിലൂടെയായിരുന്നു ഇത്. തുടർന്ന് പൂർണേഷ് മോദിയുടെ അപേക്ഷയിൽ 2023 ഫെബ്രുവരിയിൽ വിചാരണ തുടരാൻ ഹൈക്കോടതി അനുമതി നൽകി. മാർച്ച് 18 ന് വാദം പൂർത്തിയാക്കി ഒരു മാസത്തിനകം വർമ വിധി പറയുകയായിരുന്നു. വിധി പറഞ്ഞ് 48 മണിക്കൂറിനുള്ളിൽ ജില്ലാ ജഡ്ജിയായി വർമയ്ക്ക് പ്രമോഷൻ കിട്ടി. സൂറത്ത് സിജെഎം ആയി കഷ്ടിച്ചു മൂന്നു മാസം മാത്രമായിരുന്നു അദ്ദേഹം ചുമതല വഹിച്ചത്. അതിനുള്ളിൽ രാഹുൽ ഗാന്ധിക്കു പരമാവധി ശിക്ഷയും വിധിച്ചു. ചുരുക്കത്തിൽ, രാഹുൽ ഗാന്ധിക്കെതിരായ വിധി പറയാൻ മാത്രമായിരുന്നു സിജെഎം എച്ച്.എച്ച്. വർമയുടെ നിയോഗം. അതിൽ ദുരൂഹതയുണ്ട്.
സിജെഎം വർമയുടെ വിധി അവസാന വാക്കല്ല. ഈ വിധിക്കെതിരേ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതു വരെ രാഹുലിനു ജാമ്യം അനുവദിച്ചു കൊണ്ടുള്ള സൂറത്ത് സെഷൻസ് കോടതി ജഡ്ജി ആർ.പി മോഗ്രയുടെ ഉത്തരവ് വഴിത്തിരിവാണ്. തന്റെ നിരപരാധിത്വം തെളിയിക്കാൻ രാഹുൽ ഗാന്ധി പുതിയ നിയമമുഖം തുറന്നിരിക്കുന്നു.
സൂറത്തിലെ സിജെഎം കോടതി വിധി വന്ന ദിവസം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ പറഞ്ഞത് ഏറെ പ്രസക്തമാണ്. ''രാജ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ ശബ്ദത്തിനായി ഉറ്റുനോക്കുമ്പോൾ അദ്ദേഹത്തെ നിശബ്ദനാക്കി പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.'' സൂറത്ത് സെഷൻസ് കോടതിയുടെ പുതിയ വിധി വന്നശേഷം ഒരുകാര്യം കൂടുതൽ വ്യക്തമായി. രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ രാഹുൽ ഗാന്ധിയുടെ ശബ്ദത്തിനായി കാതോർക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയിൽ നിന്നും ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെടുമോ..? ജനാധിപത്യത്തിന്റെ കാവൽഭടന്മാരായ ഇന്ത്യൻ ജുഡീഷ്യറിയുടെ വരും ദിവസങ്ങളിലെ തീർപ്പുകൾക്കായി ലോകം കാത്തിരിക്കുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)