കൊച്ചി; 'Your friend is your needs answered......In the sweetness of friendship let there be laughter and sharing of pleasures. For in the dew of little things, does the heart find its morning and is refreshed.' ഖലീല്‍ ജിബ്രാന്‍ സുഹൃത്ത് എന്ന കവിതയില്‍ പറയുന്നത് ഇങ്ങനെയാണ്. സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുന്ന അത്തരമൊരു സുഹൃത്തിനെ കുറിച്ചാണ് മുരളി തുമ്മാരുകുടി എഴുതുന്നത്.

നെതര്‍ലന്‍ഡ്‌സില്‍ സീനിയര്‍ സയന്റിസ്റ്റായ യൂറോപ്യന്‍ പേറ്റന്റ് അറ്റോര്‍ണിയായ ഡോ. ഷാഹിന അബ്ദുളളയുടെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിലാണ് തുമ്മാരുകുടിയുടെ കുറിപ്പ്.

നെതര്‍ലന്‍ഡ്‌സില്‍ സീനിയര്‍ സയന്റിസ്റ്റായ യൂറോപ്യന്‍ പേറ്റന്റ് അറ്റോര്‍ണിയായ ഷാഹിന അബ്ദുളളയുടെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കിലാണ് തുമ്മാരുകുടിയുടെ കുറിപ്പ്. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഡോ.ഷാഹിന.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ഷാഹിന, ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ മേഖലയില്‍ പ്രമുഖ വ്യക്തിത്വമായിരുന്ന ഷാഹിന, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിരവധിയാളുകളുടെ ശ്രദ്ധ നേടിയിരുന്നു.

വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്ന ഡോ. ഷാഹിന, വിവിധ മേഖലകളിലെ ലോക മലയാളികള്‍ക്കിടയില്‍ വലിയ സ്വാധീനശേഷി പുലര്‍ത്തിയിരുന്നു. ഭൗമ രാഷ്ട്രീയം, സാംസ്‌കാരിക പഠനം, ഫുട്‌ബോള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതിയിരുന്നു.


വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കരൂപ്പടന്ന പള്ളിനട സ്വദേശി ചക്കാലക്കല്‍ പരേതനായ അബ്ദുള്ള മാസ്റ്ററുടെയും നഫീസ ടീച്ചറുടെയും മകളാണ് ഡോ.ഷാഹിന അബ്ദുള്ള( ലാലി). ഏതാനും ദിവസങ്ങള്‍ ആയി ആലുവ രാജഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്നു. സഹോദരി ഷമ്മി ( സിവില്‍ സപ്ലൈസ്), ഭര്‍ത്താവ് മുസ്തഫ, രണ്ടു കുട്ടികള്‍ ( നെതര്‍ലന്‍ഡ്‌സ്). മൃതദേഹം കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുടെ റൂട്ടിലുള്ള കരൂപടന്ന പള്ളിനട സ്റ്റോപ്പിനടുത്തുള്ള വീട്ടില്‍ എത്തിച്ചു. കബറടക്കം ഇന്ന് രാത്രി 7 മണിക്ക് വെള്ളാങ്ങല്ലൂര്‍ മഹല്ല് കബര്‍സ്ഥാനില്‍ നടക്കും.

അനിയത്തിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതെങ്ങനെ? എന്ന ചോദ്യത്തോടെയാണ് മുരളി തുമ്മാരുകുടി കുറിപ്പ് ആരംഭിക്കുന്നത്. ഫെയസ്ബുക്കിലൂടെയുള്ള സൗഹൃദം വളര്‍ന്ന് പന്തലിക്കുകയായിരുന്നു. 'നമ്മില്‍ ഇളയവര്‍ ആയവരുടെ വിയോഗം നമുക്ക് പരിചയമില്ലാത്ത വികാരങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ഓര്‍മ്മകള്‍ ആണ് ആദ്യം. പരിചയപ്പെട്ട സമയം, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍, വീക്ഷണങ്ങള്‍, പൊതു സുഹൃത്തുക്കള്‍.

പിന്നെ ദേഷ്യമാണ് തോന്നുന്നത്. ആരോടെന്നറിയില്ല. ബട്ട് വൈ?, ഹൌ അണ്‍ ഫെയര്‍, എന്നൊക്കെയാണ് തോന്നുന്നത്. തോന്നിയിട്ടും ഒരു കാര്യവുമില്ലെന്നറിയാം. തോന്നിയത് പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഏറെ സങ്കടമാണ് ബാക്കി. അകാലത്തില്‍ ഇല്ലാതായ ഒരു നല്ല വ്യക്തിയെപ്പറ്റി. അവര്‍ ബാക്കി വച്ച സ്വപ്നങ്ങളെപ്പറ്റി. അവരുടെ പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞുങ്ങളെപ്പറ്റി.

ഒരു കാര്യത്തില്‍ ഷാഹിന ഏറെ സമ്പന്നയായിരുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍. സ്വന്തം സഹോദരങ്ങളെപ്പോലെ ഷാഹിനയെ ചേര്‍ത്തുപിടിച്ച ഒരു സൗഹൃദ വലയം സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവസാന ദിവസങ്ങളില്‍ പകലും രാത്രിയുമില്ലാതെ ഉറ്റബന്ധുക്കളെപ്പോലെ അവരൊക്കെ ഷാഹിനയോട് ഒപ്പം ഉണ്ടായിരുന്നു. ഷാഹിനക്ക് വേണ്ടി മനുഷ്യ സാധ്യമായി എന്തും ചെയ്യാന്‍ തയ്യാറായി ഞാന്‍ ഉള്‍പ്പടെ അനവധി ആളുകള്‍ ചുറ്റും ഉണ്ടായിരുന്നു.'-തുമ്മാരുകുടി കുറിച്ചു

ബൗദ്ധിക സ്വത്തവകാശം എന്നുള്ള വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അറിയപ്പെടുന്ന വിദഗ്ധയായിരുന്നു. ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര അവബോധം ഇല്ല എന്നൊരു അഭിപ്രായം ഷാഹിനക്ക് ഉണ്ടായിരുന്നു. അത് മാറ്റിയെടുക്കണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. ലോക കേരള സഭയില്‍ ഉള്‍പ്പടെ ഈ വിഷയം അവര്‍ ഉന്നയിച്ചിരുന്നു.-അദ്ദേഹം കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

അനിയത്തിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതെങ്ങനെ?

രണ്ടു വര്‍ഷമായി എന്റെ സുഹൃത്ത് അജിത് മത്തായി ഈ ലോകത്തോട് വിട പറഞ്ഞിട്ട്. അന്ന് ഞാന്‍ എഴുതിയ കുറിപ്പ് ഇന്ന് ആരോ കുത്തിപ്പൊക്കി വീണ്ടും ടൈംലൈനില്‍ വന്നു.

അജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അവന്റെ മരണം ഇന്നും എന്നെ ദുഖിപ്പിക്കുന്നു. പക്ഷെ അതിലും ഞെട്ടിപ്പിക്കുന്ന, ഏറെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് അതിന് തൊട്ടു പുറകില്‍ വന്നത്. എന്റെ സുഹൃത്തും സഹോദരിതുല്യയുമായ ഷാഹിനയുടെ മരണ വാര്‍ത്തയാണ് അത്.

ഫേസ്ബുക്ക് കൊണ്ടുവന്ന അനവധി സൗഹൃദങ്ങളില്‍ ഒന്നാണ് ഷാഹിനയുമായിട്ടുണ്ടായിരുന്നത്. 'ചായ് പേ ചര്‍ച്ച' വിശദമായി നടത്തിക്കൊണ്ടിരുന്ന കോവിഡിന് മുന്‍പുള്ള കാലഘട്ടത്തില്‍ ഒരിക്കല്‍ ആംസ്റ്റര്‍ഡാമില്‍ റയില്‍വെ സ്റ്റേഷനിലെ സ്റ്റാര്‍ബക്‌സില്‍ വച്ചാണ് ഷാഹിനയെ ആദ്യമായി നേരില്‍ കാണുന്നത്.

ഞാനാണ് ചായ് പേ ചര്‍ച്ചക്ക് വിളിച്ചതെങ്കിലും വന്നവര്‍ക്കെല്ലാം കൊടുക്കാന്‍ പരിപ്പുവടയും ഉണ്ടാക്കിയാണ് ഷാഹിനയും ഭര്‍ത്താവും എത്തിയത്. അന്ന് മണിക്കൂറുകള്‍ സംസാരിച്ചു. കേരളത്തിലെ ഒരു ചെറിയ നഗരത്തില്‍ നിന്നും നെതര്‍ലാന്‍ഡ്‌സില്‍ എത്തി പ്രൊഫഷണല്‍ രംഗത്ത് മിടുക്കിയായി പ്രവര്‍ത്തിക്കുന്ന കാലം.

അതെ സമയത്ത് തന്നെ അടിസ്ഥാനമായ എഞ്ചിനീയറിങ്ങ് രംഗം വിട്ട് പേറ്റന്റ് അറ്റോര്‍ണി ആകാനുള്ള പരീക്ഷകള്‍ ഒക്കെ എഴുതിക്കൊണ്ടിരിക്കുന്ന കാലം. അതിന് ശേഷം സ്ഥിരമായി സംവദിച്ചുകൊണ്ടിരുന്നു. പലപ്പോഴും കണ്ടു ഷാഹിനയുടെ ജീവിതത്തില്‍, അത് ഔദ്യോഗികമായാലും വ്യക്തിജീവിതം ആയാലും, ഉണ്ടായ എല്ലാ മാറ്റങ്ങളും അടുത്തറിഞ്ഞു. വളര്‍ച്ചയില്‍ ഏറെ ഞാന്‍ സന്തോഷിച്ചു, വെല്ലുവിളികളെപ്പറ്റി വേവലാതിപ്പെട്ടു.

ഒരിക്കല്‍ ആംസ്റ്റര്‍ഡാമില്‍ എന്നെ കാണാന്‍ വരുമ്പോള്‍ മകനും കൂടെയുണ്ട്. അവന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ചരിത്രത്തില്‍ ഉള്ള അഗാധമായ അറിവും എന്നെ അമ്പരപ്പിച്ചു. ഒരിക്കല്‍ ജനീവയില്‍ വരണമെന്നും ഒരുമിച്ച് ചരിത്രപാതകളിലൂടെ നടക്കണം എന്നും ഒക്കെ പ്ലാന്‍ ചെയ്തു.

പിന്നെയാണ് കോവിഡ് വരുന്നത്. നേരിട്ടുള്ള കാഴ്ചകള്‍ അതോടെ കുറഞ്ഞു, പക്ഷെ കൂടുതല്‍ അടുത്തറിയാന്‍ പറ്റി. അനവധി വെബ്ബിനാറുകളില്‍, ക്ലബ്ബ് ഹൌസ് സെഷനുകളില്‍ ഒക്കെ ഷാഹിനയും ഞാനും ഒപ്പമുണ്ടായിരുന്നു. ബൗദ്ധിക സ്വത്തവകാശം എന്നുള്ള വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അറിയപ്പെടുന്ന വിദഗ്ധയായിരുന്നു. ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര അവബോധം ഇല്ല എന്നൊരു അഭിപ്രായം ഷാഹിനക്ക് ഉണ്ടായിരുന്നു. അത് മാറ്റിയെടുക്കണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. ലോക കേരള സഭയില്‍ ഉള്‍പ്പടെ ഈ വിഷയം അവര്‍ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ബൗദ്ധിക സ്വത്തവകാശ രംഗത്തെ കരിയര്‍ സാധ്യതകളെപ്പറ്റി ഷാഹിനയുടെ ഒരു വെബ്ബിനാര്‍ സംഘടിപ്പിച്ചിരുന്നു.

നെതര്‍ലാന്‍ഡ്സിലേക്ക് എനിക്ക് പരിചയമുള്ള ആരുതന്നെ യാത്ര ചെയ്താലും അവര്‍ക്ക് ലോക്കല്‍ കോണ്‍ടാക്ട് ആയി ഞാന്‍ നല്‍കാറുള്ളത് ഷാഹിനയുടെ പേരാണ്. വരുന്നവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ അവര്‍ക്ക് വലിയ താല്പര്യമായിരുന്നു. കൂടുതല്‍ ആളുകളെ ഞാന്‍ റഫര്‍ ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി ഒരിക്കലും എടുത്തിരുന്നില്ല.

കഴിഞ്ഞ മാസം ദുബായിലുള്ള എന്റെ ഒരു സുഹൃത്തിന്റെ മകള്‍ നെതര്‍ലാന്‍ഡ്സിലേക്ക് പോകാന്‍ നേരം ഞാന്‍ വീണ്ടും ഷാഹിനയുടെ നമ്പര്‍ കൊടുത്തു. പക്ഷെ എന്തുകൊണ്ടോ അവരുടെ സന്ദേശത്തിന് ഷാഹിന മറുപടി അയച്ചില്ല. അത് അപൂര്‍വ്വമാണല്ലോ എന്ന് ഞാന്‍ അപ്പോഴേ കരുതി. പിന്നെ തിരക്കായിരിക്കും, യാത്ര ആയിരിക്കും എന്നൊക്കെ കരുതി വിട്ടു.

കഴിഞ്ഞ ആഴ്ചയാണ് സുഹൃത്ത് KJ Jacob എന്നോട് ഷാഹിനയുടെ ആരോഗ്യനില ഏറെ മോശമാണെന്നും കോവിഡാനന്തരം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും പറയുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടു ദിവസത്തിനകം ഷാഹിനയുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായി, ബോധം നഷ്ടപ്പെട്ടു, വെന്റിലേറ്ററില്‍ ആയി. ഇന്നിപ്പോള്‍, കുറച്ചു സമയം മുന്‍പ്, ഷാഹിന പോയി.

അനവധി ആളുകള്‍ക്ക് ചരമക്കുറിപ്പ് എഴുതിയിട്ടുണ്ട്. നേതാക്കള്‍, ബന്ധുക്കള്‍, സഹപാഠികള്‍. ഇതാദ്യമായിട്ടാണ് ഒരു അനിയത്തിക്ക് വേണ്ടി ഒരു കുറിപ്പെഴുതുന്നത്. നമ്മില്‍ ഇളയവര്‍ ആയവരുടെ വിയോഗം നമുക്ക് പരിചയമില്ലാത്ത വികാരങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ഓര്‍മ്മകള്‍ ആണ് ആദ്യം. പരിചയപ്പെട്ട സമയം, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍, വീക്ഷണങ്ങള്‍, പൊതു സുഹൃത്തുക്കള്‍.

പിന്നെ ദേഷ്യമാണ് തോന്നുന്നത്. ആരോടെന്നറിയില്ല. ബട്ട് വൈ?, ഹൌ അണ്‍ ഫെയര്‍, എന്നൊക്കെയാണ് തോന്നുന്നത്. തോന്നിയിട്ടും ഒരു കാര്യവുമില്ലെന്നറിയാം. തോന്നിയത് പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഏറെ സങ്കടമാണ് ബാക്കി. അകാലത്തില്‍ ഇല്ലാതായ ഒരു നല്ല വ്യക്തിയെപ്പറ്റി. അവര്‍ ബാക്കി വച്ച സ്വപ്നങ്ങളെപ്പറ്റി. അവരുടെ പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞുങ്ങളെപ്പറ്റി.

ഒരു കാര്യത്തില്‍ ഷാഹിന ഏറെ സമ്പന്നയായിരുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍. സ്വന്തം സഹോദരങ്ങളെപ്പോലെ ഷാഹിനയെ ചേര്‍ത്തുപിടിച്ച ഒരു സൗഹൃദ വലയം സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവസാന ദിവസങ്ങളില്‍ പകലും രാത്രിയുമില്ലാതെ ഉറ്റബന്ധുക്കളെപ്പോലെ അവരൊക്കെ ഷാഹിനയോട് ഒപ്പം ഉണ്ടായിരുന്നു. ഷാഹിനക്ക് വേണ്ടി മനുഷ്യ സാധ്യമായി എന്തും ചെയ്യാന്‍ തയ്യാറായി ഞാന്‍ ഉള്‍പ്പടെ അനവധി ആളുകള്‍ ചുറ്റും ഉണ്ടായിരുന്നു.

ഇനി അവര്‍ക്കും ഞങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല. ഒരു മനോഹരമായ ജീവിതത്തെ ഓര്‍ക്കുക. അടുത്ത മാസത്തേക്കും വര്‍ഷത്തേക്കും പതിറ്റാണ്ടിലേക്കും ഒക്കെ പ്ലാനുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും നമ്മള്‍ ഓരോരുത്തരുടെയും ജീവിതം എത്രയോ അപ്രതീക്ഷിതമാണ് എന്ന് ഓര്‍ക്കുക. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അര്‍ത്ഥപൂര്‍ണ്ണമാക്കുക.

പ്രിയപ്പെട്ട അനിയത്തി, വിട.

മുരളി തുമ്മാരുകുടി