ജോലി ചെയ്തിരുന്ന പാലക്കാട് നിന്ന് കാര്യമായ വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യാനില്ലാതിരുന്ന ഒരു ദിവസമായിരുന്നു അത്. മൊത്തത്തിൽ ഒരു മടിയും ആലസ്യവും മനസ്സിനെ ബാധിച്ചുമിരുന്നു. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ഒരു വാർത്ത തരാനുണ്ടെന്ന് പറഞ്ഞ് അട്ടപ്പാടിയിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് വിളിച്ച സീമാ ഭാസ്‌ക്കറിനോടുള്ള നീരസം ഒട്ടും മറച്ചു വച്ചില്ല.

'വാർത്തയൊക്കെ തരുമ്പോൾ ഒരു ആറ് മണിക്ക് മുമ്പേ എങ്കിലും തരണ്ടേ... ഇത്ര നേരം അവിടെ എന്തെടുക്കുകയായിരുന്നു....?'

'ഇതങ്ങനത്തെ വാർത്തയല്ല ഷാജീ... ഇപ്പോൾ സംഭവിച്ചതാണ്. ഒരു ആദിവാസി യുവാവിനെ ഇവിടെ കുറേപ്പേർ അടിച്ചു കൊന്നു...'

'നേരോ?'

എനിക്കപ്പോഴും അവിശ്വാസമായിരുന്നു.

അടിച്ച് കൊന്നിട്ടുണ്ടെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയാണ്. അങ്ങനെയൊന്നുണ്ടായാൽ അവിടുത്തെ പത്രപ്രവർത്തകരോ പൊലീസ് അധികൃതരോ ആദിവാസി നേതാക്കളോ ആ വാർത്ത വിളിച്ചറിയിച്ചിരിക്കും.

'ഷാജിക്ക് ഞാൻ നുണ പറയില്ലെന്ന് വിശ്വാസമുണ്ടോ? എല്ലാം അന്വേഷിച്ചും നേരിട്ട് മനസ്സിലാക്കിയുമാണ് ഞാൻ പറയുന്നത്. ഇത് നാളത്തെ പത്രത്തിൽ നിർബന്ധമായും വരണം. തല്ലിക്കൊന്നതാണ്. മോബ് ലിഞ്ചിംഗാണ്. ക്രൂരതയാണ്. വാർത്ത മൂടിവച്ചിരിക്കുകയാണ്. സ്വാഭാവിക മരണമാക്കാൻ നീക്കം നടക്കുകയാണ്.'

നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്റെ അട്ടപ്പാടിയിലെ മുഖ്യ ചുമതലക്കാരിയായിരുന്നു സീമ. അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിലെ പട്ടിണിയും ശിശുമരണങ്ങളും നേരിടാൻ രണ്ടാം യു പി എ സർക്കാർ നിയോഗിച്ച വ്യക്തി. അവരുടെ ആത്മാർത്ഥതയിലും സത്യസന്ധതയിലും ഒരിക്കലും അവിശ്വസിച്ചിട്ടില്ല. എന്നിരിക്കിലും ഒരുറപ്പിന് അട്ടപ്പാടിയിലെ മാധ്യമ പ്രവർത്തകരേയും പൊലീസിനേയും ബന്ധപ്പെട്ടു.

യുവാവ് മരിച്ചതവർ സമ്മതിക്കുന്നു. പക്ഷെ മോബ് ലിഞ്ചിംഗല്ലത്രെ. മോഷണം നടത്തിയതിന് നാട്ടുകാർ പിടിച്ചു. തല്ല് കൊടുത്തു കാണും. പൊലീസ് വാഹനത്തിൽ കയറ്റി വൈകാതെ മരിച്ചു. പ്രശ്‌നം അതിവൈകാരികമാക്കരുത് എന്ന ഉപദേശവും പലരിൽ നിന്നും ഫ്രീയായി കിട്ടി. സീമയെ വീണ്ടും വിളിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ കുറിച്ചെടുത്തു.

പിന്നെ തിരുവനന്തപുരത്ത് ഓഫീസിലെ ചീഫ് ന്യൂസ് എഡിറ്ററെ വിളിച്ചു. (അന്നത്തെ റസിഡന്റ് എഡിറ്ററെ വിളിച്ചിട്ട് കിട്ടിയില്ല.) കാര്യം ന്യൂസ് എഡിറ്ററെ ധരിപ്പിച്ചു. ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന വാർത്തയാണ്. അതങ്ങിനെ തന്നെ വരണം. താമസ സ്ഥലത്ത് നിന്ന് തൊണ്ണൂറ് കിലോമീറ്റർ അകലെയാണ് സംഭവം. രാവിലെ മാത്രമേ അവിടെ പോകാനാകൂ. തല്ലിക്കൊന്നത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. അത് പറഞ്ഞ് വാർത്ത കൊടുക്കാതിരിക്കരുത്. പക്ഷെ അതാണ് സത്യം. അതാണ് പത്രത്തിൽ വരേണ്ടത്. ഞാൻ കൺവിൻസ്ഡ് ആണ്.തല്ലിക്കൊന്നതല്ല എന്ന് നാളെ വ്യക്തമായാൽ എന്ത് പ്രത്യാഘാതവും നേരിടാൻ ഞാനൊരുക്കമാണ്. ജോലിയിൽ നിന്നും പിരിച്ചുവിടാം. തല്ലിക്കൊന്നു എന്ന് എഴുതിയത് അതേപടി വന്നില്ലെങ്കിൽ വാർത്ത വരണ്ട.

ആദിവാസി ദളിത് പിന്നോക്ക പരിസ്ഥിതി വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ എന്നും ശക്തമായി കൂടെ നിന്ന ന്യൂസ് എഡിറ്റർ സമ്മതിച്ചു. വാർത്ത എഴുതി അയച്ചു. ഇതര പത്രങ്ങളിലെല്ലാം അപ്രധാനമായ ഒരു അസ്വാഭാവിക മരണമായി മധു മാറിയപ്പോൾ ദി ഹിന്ദുവിൽ അത് അങ്ങനെ ദേശീയ വാർത്തയായി. പാതിരാത്രി കഴിഞ്ഞപ്പോഴേക്കും സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തിരുന്നു. കൊന്നവർ മരണത്തിന് മുമ്പ് മധുവിനൊപ്പമെടുത്ത സെൽഫികൾ പറന്നു നടന്നു.

കേരളത്തെ മൊത്തം മധുവിന്റെ കൊലപാതകം പിടിച്ചു കുലുക്കി. സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് ദി ഹിന്ദുവിന് വ്യാപകമായ പ്രശംസയും കിട്ടി. വൈകാതെ കേരളത്തിലെ അന്നത്തെ എഡിറ്റർ വിളിച്ചു. പ്രശംസിക്കാനാണെന്നാണ് കരുതിയത്. ആയിരുന്നില്ല. ചുമ്മാ ആൾക്കൂട്ടം തല്ലിക്കൊന്നു എന്ന് വാർത്ത കൊടുത്തതിലാണ് രോഷം. ആൾക്കൂട്ടം സെൽഫിയെടുത്ത ശേഷം തല്ലിക്കൊല്ലുകയായിരുന്നു എന്ന് വേണമായിരുന്നത്രേ. സെൽഫി ആങ്കിൾ വാർത്തയിൽ വന്നില്ല. അതിനാൽ സമഗ്രതയില്ല. ചെന്നൈയിലെ വലിയ എഡിറ്റർമാർ അങ്ങനെ അദ്ദേഹത്തെ വിളിച്ച് പറഞ്ഞത്രേ...

മറുപടിയായി സാഹചര്യങ്ങൾ വിശദീകരിച്ചു. സെൽഫിയെടുത്ത വിവരം പുറത്ത് വരുന്നത് പാതിരാത്രി കഴിഞ്ഞാണ്. അത് വരെ വൈകിയിരുന്നെങ്കിൽ വാർത്ത തന്നെ വരില്ലായിരുന്നു. പൊലീസ് പോലും കൺഫേം ചെയ്യാത്ത അവസ്ഥയിൽ ഒരു സുഹൃത്തിനെ വിശ്വസിച്ച് റിസ്‌ക്ക് എടുത്തതാണ്. രാവിലെ ബാക്കി വിവരങ്ങൾ ശേഖരിച്ച് സീമ വിളിച്ചപ്പോഴേയ്ക്കും ഞാൻ അട്ടപ്പാടിയിലെത്തിയിരുന്നു.

മധുവിന്റെ കൊലപാതകം ദേശീയ തലത്തിൽ വലിയ വാർത്തയും ചർച്ചയുമായി. മധുവിനെക്കുറിച്ച് ഞാൻ എഴുതിയ ലേഖനം കേരളത്തിലെ അന്നത്തെ എഡിറ്ററുടെ പേരിൽ ഞായറാഴ്‌ച്ച പത്രത്തിൽ വന്നതൊക്കെ മുമ്പെഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. വർഷം ഒന്ന് കഴിയുമ്പോൾ ഞാൻ അട്ടപ്പാടിയും ദി ഹിന്ദുവും വിട്ടു.

സീമയെ സംഘടിത രാഷ്ട്രീയക്കാർ അക്ഷരാർത്ഥത്തിൽ നാടുകടത്തി. പഴയ കേരളാ പത്രാധിപരും ചുമതലയിലില്ല.മനുഷ്യാവസ്ഥകൾക്ക് അട്ടപ്പാടിയിൽ വലിയ മാറ്റമൊന്നുമില്ല. മനോഭാവങ്ങൾക്കും. സമാനമായ ഒരു വാർത്ത കിട്ടിയാൽ കൊലയാളികൾ കൊലയ്ക്ക് മുമ്പ് സെൽഫിയെടുത്തിരുന്നോയെന്ന് ഞാൻ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുമായിരിക്കും.

എങ്കിലും ചില വിശ്വാസങ്ങൾ, നിലപാടുകൾ, പ്രതിബദ്ധതകൾ, സൗഹൃദങ്ങൾ, ബോധ്യങ്ങൾ...അവയുടെ ആകെ തുകയാണ് ജീവിതം. സംവിധാനത്തിനകത്ത് നിന്നു കൊണ്ട് മാറ്റങ്ങൾക്കായി പരിശ്രമിക്കുന്നതിലെ അപകടങ്ങളുടെ ഒരുദാഹരണമായി സീമ രാജ്യത്തിന്റെ മറ്റേതോ കോണിലുണ്ട്. വിളിച്ചിട്ട് കുറേയായി. മധുവിന് നീതി കിട്ടുമെന്ന് ഒരുറപ്പുമില്ല.