- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ ആണ് ഭായി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്; അല്ലാതെ മൂന്നാഴ്ച പരസ്യം ചെയ്ത്, മൂന്നു ക്വോട്ടേഷനും മേടിച്ച ശേഷമല്ല; കേരളത്തിലെ പിപിഇ കിറ്റ് അഴിമതി കേസ് പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു: എണ്ണ കിണർ കത്തുമ്പോൾ വാഴ വെട്ടുന്നവർ?
എണ്ണ കിണർ കത്തുമ്പോൾ വാഴ വെട്ടുന്നവർ?
അല്പം പഴയ കഥയാണ്. വർഷം 2001, മാസം ജൂലൈ
ഒമാനിൽ ഓയിൽ കമ്പനിയിൽ ആണ് ജോലി. ജോലിയുടെ ഭാഗമായി കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ടീമിൽ അംഗമാണ്. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടുമണിക്ക് എമർജൻസി റെസ്പോൺസ് ടീം ഒത്തുകൂടും. പത്തു മിനുട്ട് ആ ആഴ്ചയിലെ പ്രധാന പ്രോജക്ടുകൾ സംസാരിക്കും. പിരിയും. എമർജൻസി ഡ്യൂട്ടി ഉണ്ടെങ്കിൽ മസ്കറ്റിൽ നിന്നും പുറത്തു പോകാൻ കഴിയില്ല. മദ്യപിക്കാനും. കാരണം എപ്പോൾ വേണമെങ്കിലും എമർജൻസി ഉണ്ടാകാം, ഉണ്ടായാൽ പതിനഞ്ചു മിനിറ്റിനകം എമർജൻസി സെന്ററിൽ എത്തണം, പിന്നെ രാവും പകലും അവിടെത്തന്നെ.
സാധാരണ ഗതിയിൽ എമർജൻസി ഒന്നും ഉണ്ടാകാറില്ല. പക്ഷെ ആ ജൂലൈയിൽ ഒരു സംഭവം ഉണ്ടായി. സൗലിയ എന്ന പ്രദേശത്തെ ഒരു എണ്ണക്കിണറിന്റെ നിയന്ത്രണം വിട്ട് എണ്ണ ഫൗണ്ടൻ പോലെ ആകാശത്തേക്ക് ഉയർന്നു. ഓയിൽ കമ്പനിക്കാരുടെ ദുഃസ്വപ്നം ആണത്. ബ്ലോ ഔട്ട് എന്ന് പറയും. ഫൗണ്ടൻ പോലെ നൂറടിയോളം ആകാശത്തേക്ക് പോകുന്ന എണ്ണ ഒരു പുക മഞ്ഞുപോലെ അവിടെല്ലാം പടരും. അതിന് എപ്പോൾ വേണമെങ്കിലും തീ പിടിക്കാം. ആളുകൾ മരിക്കാം, ഉപകരണങ്ങൾ കത്തിനശിക്കാം.
അതാണ് ഉണ്ടായിരിക്കുന്നത്. രാത്രിയിലാണ് വാർത്ത മസ്കറ്റിൽ എത്തുന്നത്. എമർജൻസി റൂമിൽ ഞങ്ങൾ എത്തി, തുടർ നടപടികൾ ചർച്ചകൾ തുടങ്ങി. സാധാരണ ഗതിയിൽ ഓരോ ഡിപ്പാർട്മെന്റിലെയും അത്ര ഉയർന്ന ഉദ്യോഗസ്ഥരല്ല എമർജൻസി റൂമിൽ ഇരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, വാർത്താവിനിമയം, ഡ്രില്ലിങ്ങ്, ട്രാൻസ്പോർട്ട്, ഫിനാൻസ്, എന്നിങ്ങനെയുള്ള വിഷയങ്ങളിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും അതിനെ നയിക്കാൻ ഒരു ഡയറക്ടറും ഉണ്ടാകും. ഒരു എമർജൻസി സംഭവിച്ചാൽ ഈ എമർജൻസി ടീമിന്റെ അധികാരം മൊത്തത്തിൽ മാറും.
സാധാരണ ഗതിയിൽ ഇരുപത്തി അയ്യായിരം ഡോളർ വരെയുള്ള കോൺട്രാക്ടുകൾ കൊടുക്കാനേ എന്റെ നിലയിൽ അധികാരം ഉള്ളൂ. ഡയറക്ടർക്ക് ഒരു ലക്ഷം ഡോളർ വരെ ആകാം. എം ഡിക്ക് പത്തു ലക്ഷം. അതിൽ കൂടുതൽ ആണെങ്കിൽ ടെൻഡർ ബോർഡ്. അതിന് തന്നെ പബ്ലിക്ക് ആയി പരസ്യപ്പെടുത്തി, ചുരുങ്ങിയത് മൂന്നു ക്വോട്ടേഷൻ എങ്കിലും വാങ്ങണം. ഒരു എമർജൻസി വന്നാൽ ഇതൊക്കെ മാറും.
അപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഈ കമ്മിറ്റിക്ക് അധികാരം ഉണ്ട്. ആ സമയത്ത് മാനേജിങ്ങ് ഡയറക്ടറേക്കാൾ ഉയർന്ന അധികാരം ആണ് എമർജൻസി മാനേജർക്ക്. സാധാരണഗതിയിൽ ഉള്ള കോൺട്രാക്ട്, പ്രൊക്യൂർമെന്റ് നിയമങ്ങൾ ആ സമയത്തെ തീരുമാനങ്ങൾക്ക് ബാധകമല്ല. ഇതൊക്കെ ഞങ്ങളെ മുൻകൂർ പഠിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കമ്പനിയുടെ നിയമാവലിയിൽ ഉണ്ട്.
മൂന്നാം ദിവസം എണ്ണക്കിണറിന് തീ പിടിച്ചു. എണ്ണക്കിണറിന്റെ തീ അണയ്ക്കുക എന്നത് ജീവൻ പണയം വച്ചുള്ള ജോലിയാണ്. ലോകത്തിൽ വിരലിൽ എണ്ണാവുന്ന കമ്പനികളേ ആ രംഗത്ത് ഉള്ളൂ. അവർക്ക് എത്ര വലിയ തുകയും ചോദിക്കാം. ഒരു അമേരിക്കൻ കമ്പനിയെയാണ് ഞങ്ങൾക്ക് കിട്ടിയത്. ഒരച്ഛനും നാലു മക്കളും ചേർന്ന് നടത്തുന്ന പ്രസ്ഥാനമാണ്. ഓരോരുത്തരുടെയും പ്രതിദിന ഫീ പതിനായിരം ഡോളർ ആണ്, അന്നത്തെ കണക്കിൽ അഞ്ചു ലക്ഷം രൂപ !
എത്ര ദിവസം വേണ്ടിവരും തീ അണയ്ക്കാൻ എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല, പക്ഷെ ഓരോ ദിവസവും ഒരാൾക്ക് ഈ പതിനായിരം ഡോളർ കൊടുത്തേ പറ്റൂ.
കമ്പനിയുടെ ഡയറക്ടർക്ക് പോലും ഒരു മാസത്തിൽ അത്രയും ശമ്പളമില്ല. കമ്പനിയിൽ ഒരാൾക്കും അതിന്റെ നാലിലൊന്ന് ദിവസക്കൂലി ഇല്ല. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യം നടക്കണം. അവിടെ പ്രത്യേകിച്ച് വില പേശൽ ഒന്നുമില്ല.
ഒരു വിമാനം നിറയെ ഉപകരണങ്ങളുമായി അവർ എത്തി. കമ്പനിയുടെ വിമാനത്തിൽ അവരെ സൈറ്റിൽ എത്തിച്ചു. പാചകത്തിന് വരുന്ന ദേഹണ്ണക്കാരൻ ലിസ്റ്റ് ഉണ്ടാക്കുന്നത് പോലെ അവർ ഒരു കുറിപ്പടി തന്നു. അതൊക്കെ സംഘടിപ്പിക്കണം. അതിൽ ഒന്ന് നൂറു ടണ്ണിന്റെ ഒരു മൊബൈൽ ക്രയിൻ ആണ്. പ്രത്യേക സ്പെസിഫിസിക്കേഷൻ ഉള്ളതാണ്. ഒമാനിൽ അത്തരം ഒന്നില്ല. ഉള്ളത് ദുബായിൽ ആണ്. അവരെ വിളിച്ചു. ദുബായിലെ ക്രെയിൻ ഒരു പ്രോജക്ടിനായി അബൂദബിയിലെ ഓയിൽ ഫീൽഡിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
അവരോട് കാര്യം പറഞ്ഞു. അവർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. പക്ഷെ അവർക്ക് മൂന്നു മാസത്തെ കോൺട്രാക്ട് ഉള്ളതാണ്. ഒരു ദിവസം അയ്യായിരം ഡോളർ ആണ് കോൺട്രാക്ട് തുക. മൂന്നു മാസം ആകുമ്പോൾ നാലര ലക്ഷം ഡോളർ ആകും, രണ്ടു കോടി രൂപക്ക് മുകളിൽ. സൗലിയയിൽ എത്ര ദിവസം ക്രെയിൻ വേണ്ടി വരും എന്നറിയില്ല. ചിലപ്പോൾ ഒരു ദിവസം, ചിലപ്പോൾ ആറ് മാസം. ഒരാഴ്ച കൊണ്ട് പണി തീർന്നാൽ അത് ക്രെയിൻ കമ്പനിക്ക് നഷ്ടം ഉണ്ടാക്കും. 'സർ മൂന്നു മാസത്തിന് താഴെ എത്ര ദിവസം ഉപയോഗിച്ചാലും മൂന്നു മാസത്തെ തുക തരണം' നാലര ലക്ഷം ഡോളറിന്റെ കോൺട്രാക്ട് ആണ്. ഒറ്റ ഓഫർ മാത്രമേ ഉള്ളൂ, രണ്ടാമതൊരാളോട് ചോദിക്കാൻ സമയവുമില്ല.
സാധാരണ ഗതിയിൽ ഞങ്ങളുടെ അധികാര പരിധിക്ക് പുറത്താണെങ്കിലും എമർജൻസി സമയത്ത് കാര്യം നടക്കുക എന്നതാണ് പ്രധാനം. ഈ പണം ചെലവാക്കിയില്ലെങ്കിൽ, എണ്ണ പടർന്നു കൊണ്ടിരുന്നാൽ കമ്പനിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും റെപ്യൂട്ടേഷൻ നഷ്ടവും ആണ് അവിടെ കണക്ക് കൂട്ടുന്നത്. സാധാരണ സമയത്തേക്കുള്ള നിയമങ്ങൾ ബാധകമല്ല.
ശരി, മൂന്നു മാസത്തേക്കുള്ള പണം ഗ്യാരന്റി. കോൺട്രാക്ട് അയക്കൂ. പത്തു മിനിറ്റിനകം ഫാക്സിൽ കോൺട്രാക്ട് എത്തി. പരിസ്ഥിതിക്കാരൻ ആവശ്യപ്പെട്ടു, ഫിനാൻസ് കാരൻ ക്ലിയർ ചെയ്തു, എമർജൻസി ഡയറക്ടർ അപ്പ്രൂവ് ചെയ്തു. അബുദാബിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വാഹനം അരമണിക്കൂറിനുള്ളിൽ തിരിച്ച് ഓമനിലേക്കുള്ള യാത്ര തുടങ്ങി.
സൗലിയയിലെ തീ 39 ദിവസം നീണ്ടു നിന്നു. ഒരാൾക്ക് പോലും അപകടം പറ്റാതെ ആ തീ അണച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മുപ്പത് മില്യൺ ഡോളർ, അതായത് നൂറ്റി അമ്പത് കോടി രൂപ, അന്ന് ആ പ്രശ്നം കൈകാര്യം ചെയ്യാൻ ഞങ്ങൾ ചെലവാക്കി. തീ എല്ലാം അണച്ച് കഴിഞ്ഞപ്പോൾ പി. ഡബ്ല്യൂ. ഡി. ഞങ്ങൾക്ക് അവാർഡ് തന്നതല്ലാതെ ഒരു ഓഡിറ്റ്കാരനും ഞങ്ങളുടെ പിന്നാലെ വന്നില്ല.
കാരണം 'അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരും' എന്ന് അവർക്ക് അറിയാം. അതാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.ആ തീരുമാനം എടുക്കാനാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ആണ് ഭായി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്. അല്ലാതെ മൂന്നാഴ്ച പരസ്യം ചെയ്ത്, മൂന്നു ക്വോട്ടേഷനും മേടിച്ച ശേഷമല്ല.
മുരളി തുമ്മാരുകുടി