റാനിൽ ഇതിനു മുമ്പൊരിക്കലും കാണാത്ത ചില സംഭവങ്ങളാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. സ്ത്രീകളാണ് അവിടെ ചരിത്രം സൃഷ്ടിക്കുന്നത്. ഇറാനിയൻ സ്ത്രീകൾ അവരുടെ തലമുടി മുറിച്ചെറിയുകയാണ്. അവരോട് ഐക്യപ്പെട്ട് പുരുഷന്മാർ അവരുടെ തല മൊട്ടയടിച്ച് ലോകത്തെ കാണിക്കുന്നു. സത്യമിതാണ്; അവർ അവരുടെ സർക്കാറിനെ അത്രക്കും വെറുത്തിരിക്കുന്നു.

22 വയസ്സായ ഒരു പാവം പെൺകുട്ടിയോട് ഇറാനിയൻ സർക്കാർ കാണിച്ച ക്രൂരത അവർക്ക് സഹിക്കാനാകുന്നില്ല. ആ ക്രൂരതക്കിരയായവളുടെ പേര് മഹിസ അമീനി എന്നായിരുന്നു. അവൾ ഹിജാബ് ധരിച്ച രീതി ശരിയല്ലെന്നും പറഞ്ഞാണ് മതാചാര പൊലീസ് അവളെ അറസ്റ്റ് ചെയ്തിരുന്നത്. സത്യത്തിൽ എന്താണവൾ ചെയ്ത തെറ്റ്. അവൾ ഹിജാബ് ധരിച്ചിരുന്നു. പക്ഷെ മുടി മുഴുവൻ മറഞ്ഞിരുന്നില്ല. കുറച്ചു മുടി പുറത്തേക്ക് കണ്ടു. മുടി പുറത്തു കണ്ടു എന്നതാണ് മതാചാര പൊലീസ് പറയുന്ന വലിയ കുറ്റം.

2) 1979 മുതൽ ഇറാനിലെ ഇസ്ലാമിക ഭരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ കടുത്ത നിയമങ്ങളാണ് അടിച്ചേൽപ്പിട്ടുള്ളത്. ഒമ്പതു വസ്സുകഴിഞ്ഞ പെൺകുട്ടികളും സ്ത്രീകളും തലയും കഴുത്തും ചമലും മറയ്ക്കുന്ന വസ്ത്രം ധരിക്കണം, തലമുടി പുറത്തുകാണരുത്, അയഞ്ഞവസ്ത്രമേ ധരിക്കാവൂ, ടോപ്പ് മുട്ടിനു താഴെവരെ ഉണ്ടാകണം.... ഇങ്ങനെയൊക്കെയാണ് ഈ നൂറ്റാണ്ടിലും സ്ത്രീകൾക്കുമേൽ ഇറാൻ ഭരണകൂടം ഏർപ്പെടുത്തിയ വിചിത്ര നിമയങ്ങൾ.

ഇത്തരം വസ്ത്രനിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സദാചാര പൊലീനെ നിയമിച്ചിട്ടുണ്ട്. മുടി പുറത്തേയ്ക്ക് കണ്ടാലോ മെയ്‌ക്കപ്പ് കൂടുതലാണെന്ന് തോന്നിയാലോ സദാചാര പൊലീസിന് സ്ത്രീകളെ തെരുവിൽ തടഞ്ഞുവെക്കാം, അറസ്റ്റ് ചെയ്യാം. പിഴയോ തടവോ ചാട്ടയടികളോ ശിക്ഷയായി വിധിക്കാം.

ഹിജാബ് 'ശരിയായി' ധരിക്കാതെ ട്രെയിനിലോ ബസ്സിലോ, ടാക്സിയിലോ യാത്ര ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യവരെ സർക്കാർ ഉപയോഗിക്കുന്നു.
സ്ത്രീകളുടെ വിവാഹപ്രായം മതഭരണം 13 വയസ്സായി കുറച്ചു. വിവാഹമോചനമാകട്ടെ പുരുഷന് എളുപ്പമാണ്, എന്നാൽ സ്ത്രീകൾക്ക് അതി സങ്കീർണമായ കാര്യവുമാണ്. എന്തിന് സ്ത്രീകൾക്ക് യാത്ര ചെയ്യണമെങ്കിൽ ഭർത്താവിന്റെയോ പിതാവിന്റെയോ അനുമതി വേണം.

3) ഇത്തരം പ്രാകൃത നിയമങ്ങൾ ഉള്ള നാടായിരുന്നതിനാൽ 22 വയസ്സുകാരി മഹിസ അമീനിയും ഹിജാബ് ധരിച്ചിരുന്നു. പക്ഷെ അവളുടെ കഷ്ടകാലത്തിന് മുടി മുഴുവൻ മറഞ്ഞിരുന്നില്ല.
കുറച്ചു മുടി പുറത്തേക്ക് കണ്ടു. എന്നതാണ് മതാചാര പൊലീസ് കണ്ടെത്തിയ വലിയ കുറ്റം. അവളെ കസ്റ്റഡിയിലെടുത്ത മതാചാര പൊലീസ് അവളെ വാനിൽ കയറ്റി കൊണ്ടുപോയത് മത പഠന കേന്ദ്രത്തിലേക്കാണെന്നും പറഞ്ഞാണ് . ഹിജാബ് എങ്ങനെയാണ് ധരിക്കേണ്ടത് എന്ന് അവിടെയാണ് തല്ലി പഠിപ്പിക്കുക.. പക്ഷെ കൊണ്ടുപോകും വഴി വാനിനകത്തു വെച്ചു തന്നെ അവളുടെ തലക്കിട്ടവർ അടിച്ചു കൊണ്ടിരുന്നു. അടി കൊണ്ടവൾ കോമയിലായി. അവളുടെ ബോധം പോയി. തുടർന്നവളുടെ ദാരുണാന്ത്യം സംഭവിച്ചു.

4) കസ്റ്റഡിയിൽ വെച്ചു കൊല്ലപ്പെട്ട പ്രതിയെപ്പറ്റി ലോകത്തുള്ള എല്ലാ പൊലീസുകാരും പറയുന്ന പോലെ തന്നെ ഇറാൻ പൊലീസും പറഞ്ഞു 'അവൾ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചതാണെന്ന്' ! 22 വയസ്സുള്ള തങ്ങളുടെ പൊന്നോമന മകൾക്ക് ഒരസുഖവും ഉണ്ടായിരുന്നില്ലെന്ന് മഹിസ അമിനയുടെ മാതാപിതാക്കൾ അസന്നിഗ്ധമായി പറഞ്ഞു. ഇറാൻ ജനത അത് കേട്ടു.അവർക്കത് സഹിക്കാനായില്ല. ലേശം മുടി പുറത്തുകണ്ട കുറ്റത്തിന് ഒരു പെൺകുട്ടിയെ തല്ലിക്കൊല്ലുകയോ. അവരിന്ന് വലിയ ഒരു പ്രക്ഷോഭത്തിലാണ്. അവർ ലോകത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇറാന്റെ ചരിത്രത്തിൽ ഇതു വരെ സംഭവിക്കാത്ത മാസ് മൂവ്‌മെന്റാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

അമേരിക്കയിൽ ജോർജ് ഫ്‌ളോയ്ഡ് എന്ന 46 കാരനെ കറുത്ത നിറത്തിന്റെ പേരിൽ കൊന്ന പൊലീസുകാരനെതിരെയുണ്ടായ പ്രക്ഷോഭം നമുക്കോർമ്മയുണ്ട്. അതുപോലൊന്നാണ് ഇറാനിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ജോർജ് ഫ്‌ളോയിഡ് ആണ് ഇറാനിലെ മഹിസ അമിനി. അവൾക്കു വേണ്ടി ഒരു പാട് ചെറുപ്പക്കാരും ചെറുപ്പക്കാരികളും വീടിനു പുറത്തേക്കിറങ്ങി - സ്‌കൂൾ പെൺകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ സഹികെട്ട് തെരുവിലിറങ്ങി. അവർ ഹിജാബ് വലിച്ചെറിഞ്ഞു. പർദ്ദ കൂട്ടിയിട്ട് കത്തിച്ചു. മുടി അഴിച്ചിട്ട് നൃത്തം ചെയ്തു. മതപൊലീസിനെ അവർ തെരുവിൽ ചോദ്യം ചെയ്തു.


5) ഇറാനിൽ 1979 ൽ ഒരു ഇസ്ലാമിക വിപ്ലത്തിലൂടെ ഇസ്ലാമിക ഭരണത്തിന് തുടക്കം കുറിച്ചത് ആയത്തൊള്ള ഖമേനിയായിരുന്നു. ഷാ എന്ന ഭരണാധികാരികളായിരുന്നു അതുവരെ ഇറാൻ ഭരിച്ചിരുന്നത്..  ഷാ രാജവംശം അഴിമതിക്കാരും ജനവിരുദ്ധരുമായിരുന്നെങ്കിലും സ്ത്രീകൾക്കെതിരെ പ്രത്യേക നിയമങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല. 1979 വരെയുള്ള ഇറാൻ സ്ത്രീകളുടെ ചിത്രങ്ങൾ നോക്കിയാലറിയാം ഇംഗ്ലീഷുകാരികളെപ്പോലെ ഫ്രോക്കു ധരിച്ചു നടന്നിരുന്ന പെൺകുട്ടികളായിരുന്നു അവർ. പുരുഷന്മാരെപ്പോലെ ആധുനിക വിദ്യാഭ്യാസമാർജ്ജിച്ചവർ.

ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ നടന്ന ഇസ്ലാമിക തീവ്രവാദ വിപ്ലവം ഇറാനികളുടെ ജാതകം തന്നെ തിരുത്തി. അവർ താലിബാൻ സ്റ്റയിൽ ഇസ്ലാമിക ഭരണത്തിനു കീഴിലായി. ലോകം തന്നെ ഇസ്ലാമിക തീവ്രവാദം ഞെട്ടിയുണർന്നെണീറ്റത് ഇറാനിലെ ഇസ്ലാമിക വിപ്ലവവിജയം കണ്ട് ആവേശം കൊണ്ടിട്ടാണ്. ഇന്ന് ഭൂലോകത്തെ ചൂഴ്ന്നു നിൽക്കുന്ന ഇസ്ലാമിക് ഫോബിയ യഥാർത്ഥത്തിൽ ഖൊമേനിമാരുടെ സംഭാവനയാണ്. ബാക്കി അവകാശികളൊക്കെ പിന്നീട് വന്നവരാണ്. ഈ ഖൊമേനിമാരാണ് മഹിസ അമിനിയുടെ കൊലക്കു പിറകിലെ ആശയം എന്നറിയാവുന്നതുകൊണ്ടാണ് സ്ത്രീകൾ അയാളുടെ ചിത്രങ്ങൾ കീറിയെറിയുന്നത്. 'സ്വേച്ഛാധിപതികൾക്ക് മരണം', 'സ്ത്രീക്ക് സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങൾ അവർ ഉയർത്തുന്നു.

The abolition of the morality police's ?patrols, and the abolition of mandatory hijab അതായിരുന്നു അവർ ഉയർത്തിയ മുദ്രാവാക്യം. A movement for freedom and democracy .

6) ടെഹ്‌റാനിൽ, മാഷാദിൽ , ഇസ്ഫാനിൽ ടബ്രീസിൽ - ഗ്രാമഗ്രാമാന്തരങ്ങളിൽ - പ്രക്ഷോഭം ഇറാൻ മുഴുവൻ പടർന്നു പിടിച്ചു. പൊലീസും മഫ്ടി പൊലീസും പ്രതിഷേധക്കാരെ നേരിട്ടത് എല്ലാ ഏകാധിപതികളും മുമ്പ് ചെയ്ത രീതിയിൽ തന്നെയാണ്. തീതുപ്പുന്ന വെടിയുണ്ടകൾ, പെല്ലെറ്റുകൾ, ടിയർ ഗ്യാസ് ഷെല്ലുകൾ, ജലപീരങ്കികൾ, പേ പിടിച്ച ബാറ്റണുകൾ പ്രതിഷേധക്കാരുടെ മേൽ അവർ വർഷിച്ചു. 193 പേർ ഇതിനകം തന്നെ തങ്ങളുടെ ജീവൻ നൽകി കഴിഞ്ഞെന്ന് League for the Defence of Human Rights in Iran (LDDHI) പറയുന്നു. ആയിരക്കണക്കിനാളുകൾ ജയിലിലായി.

സെപ്റ്റംബർ 30 ന് ബലുചിസ്ഥാൻ പ്രൊവിൻസിന്റെ തലസ്ഥാനമായ സഹേദാനിലെ ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ പൊതു ജനം കൂട്ടം കൂടി നിന്നു. ഇറാനിലെ മറ്റൊരു പ്രൊവിൻസായ ചബാഹറിൽ പതിനഞ്ചു വയസ്സുള്ള ഒരു ബാലികയെ ഒരു പൊലീസ് കമാൻഡർ ബലാത്സംഗം ചെയ്തതിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. വെള്ളിയാഴ്ചയായിരുന്നതിനാൽ പൊലീസ് സ്റ്റേഷനു മുന്നിൽ ചിലർ നിസ്‌ക്കരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ പൊലീസ് അതൊന്നും ശ്രദ്ധിച്ചതേയില്ല. അവർ പൊലീസ് സ്റ്റേഷന്റെ റൂഫ് ടോപ്പിൽ കയറി വളരെ സേഫായി നിന്ന് ജനക്കൂട്ടത്തിന് നേരെ തലങ്ങും വിലങ്ങും നിറയൊഴിച്ചു. 85 പേർ സ്‌പോട്ടിൽ മരിച്ചു. തുടർന്നു നടന്ന പ്രതിഷേധങ്ങളിലും കുറെപ്പേർ കൂടി വെടിയേറ്റു വീണു. സ്‌നൈപേഴ്‌സിനെ ഉപയോഗിച്ച് സ്വന്തം ജനതയെ വെടിവെച്ചിടുന്ന സർക്കാർ ഈ ലോകത്തിലുണ്ടോ എന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയാം ഇറാനിലെ ഇസ്ലാമിക ഭരണം അതാണ് ചെയ്തത്. ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്.

League for the Defence of Human Rights in Iran (LDDHI) ഇതുവരെ രേഖപ്പെടുത്തിയത് 193 പ്രതിഷേധക്കാരുടെ മരണവിവരങ്ങളാണ്. അതിൽ 18 കുട്ടികളാണ്. അതിൽ 85 പേർ മരിച്ചത് സഹേദാനിലെ നമ്മൾ മുമ്പ് പറഞ്ഞ പൊലീസ് സ്റ്റേഷനു മുന്നിലാണ്. ഇതിൽ 6 കുട്ടികളുണ്ട്. ഇതൊക്കെ രേഖപ്പെടുത്തിയ കണക്ക്. ആക്ച്ചൽ കണക്കുകൾ ഇതിലും വലിയ സംഖ്യയായിരിക്കും എന്നുറപ്പാണ്.

7 ) ഹിജാബ് ഇറാനിലെ മുസ്ലിം സഹോദരിമാരുടെ പവിത്രമായ സംസ്‌ക്കാരമാണ്. അത് അവരുടെ എളിമയുടെ മനോഹരമായ പ്രതീകമാണെന്നാണ് കരുതപ്പെടുന്നത്. പക്ഷെ അതൊരു ഫ്രീഡം ഓഫ് ചോയ്‌സാണ്. സ്ത്രീകൾ ഓണാഘോഷത്തിനുടുത്തു വരുന്ന വസ്ത്രം മലയാളിയുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അത് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആ സഹോദരിമാർക്കാണ്. ഈ ഒരു സ്വാതന്ത്ര്യം ഇറാനിലെ ഇസ്ലാമിക ഭരണം അനുവദിക്കുന്നില്ല. അവിടെ മതവസ്ത്രം സ്ത്രീകളെ അടിച്ചമർത്താനുള്ള ഒരു പ്രതീകമാണ്, സൗകര്യമാണ്.

രണ്ടു വർഷം മുമ്പ് അമേരിക്കയിൽ പൊലീസ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്തവനു വേണ്ടി നമ്മൾ ശബ്ദമുയർത്തി. അധികാരമുള്ളവർ അധികാരം മിസ് യൂസ് ചെയ്യുന്നതിനെതിരെയുള്ള ലോകമനസാക്ഷിയുടെ ശബ്ദമായിരുന്നു അത്. ആ ശബ്ദം ഇന്നാവശ്യം ഇറാനിലാണ്. കാരണം അവരുടെ പ്രതിഷേധത്തെ - നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ഭരണകൂടം നിർദ്ദയം അടിച്ചമർത്തിയേക്കാം. മുടി മുറിച്ചും തല മൊട്ടയടിച്ചും സ്വാതന്ത്ര്യ ഗീതങ്ങൾ പാടിയും നടക്കുന്ന ഒരു പ്രതിഷേധമാണത്. ഇങ്ങനെ സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഒരു ജനതയേയാണ് ഇറാൻ ഭരണകൂടം കണ്ണും പൂട്ടി വെടിവെച്ച് കൊന്നു കൊണ്ടിരിക്കുന്നത്. അവരുടെ നിഷ്ഠൂരത പുറത്തറിയാതിരിക്കാനായി അവർ ഇന്റർനെറ്റ് നിയന്ത്രിച്ചിരിക്കുന്നു. ആരെയും അറിയിക്കാതെ പ്രക്ഷോഭകരെ മുഴുവൻ കൊന്നൊടുക്കാനാണ് ഇറാനിലെ മത ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

8) എല്ലാ മതാധിപത്യ ഭരണകൂടങ്ങളും -അത് ഏത് മതത്തിന്റെയായാലും- അടിസ്ഥാനപരമായി സ്വേച്ഛാധിപത്യത്തിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ രാഷ്ട്രീയ പാഠമാണ് മതരാഷ്ട്രീയം മലിമസമാക്കിയ ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് ഇറാനിൽ നിന്ന് പഠിക്കാനുള്ളത്. മതരാഷ്ട്രീയം ജൻഡർ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ്. പിന്തുണയ്ക്കാൻ സംഘടിത പ്രസ്ഥാനങ്ങളോ രാഷ്ട്രീയപാർട്ടികളോ, നയിക്കാൻ നേതാക്കളോ ഇല്ലാതെതന്നെ ഇറാനിലെ സ്ത്രീകൾ ആണധികാരത്തിനെതിരെ കൂട്ടമായി ഒത്തുചേരുന്നു, ചോദ്യങ്ങൾ ഉയർത്തുന്നു. വസ്ത്രവും മുടിയും സ്വന്തം ശരീരത്തെയും പ്രതിഷേധത്തിന്റെ അരങ്ങാക്കി മാറ്റുന്നു. രാഷ്ട്രീയത്തെ സർഗ്ഗാത്മകമാക്കുന്നു, സ്ത്രൈണവൽക്കരിക്കുന്നു. ഭാവിയിൽ എല്ലാ സേച്ഛാധിപതികൾക്കുമെതിരായി മാറാവുന്ന മഹാപ്രക്ഷോഭങ്ങൾക്കാണ് ഇറാനിലെ സ്ത്രീകൾ തുടക്കം കുറിച്ചിരിക്കുന്നത്.

എന്തുകൊണ്ടും ഈ നൂറ്റാണ്ടിൽ നടക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണ് ഇറാനിലെ സ്ത്രീകൾ നടത്തുന്നത്. സ്വാതന്ത്രബോധമുള്ള മനുഷ്യർ ലോകമെമ്പാടും ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്താൻ ഒത്തുചേരുന്നു. നമ്മളും അവർക്കൊപ്പമുണ്ട് എന്ന് പറയാനായി ഒക്ടോബർ 13 വൈകുന്നേരം 5 മണിക്ക് തൃശൂരുള്ള സാഹിത്യ അക്കാദമി ഹാളിൽ ഒത്തുചേരാം. സുഹുത്തുക്കൾക്കൊപ്പം വരുമല്ലോ.

പങ്കെടുക്കുന്നവർ

ഡോ: ആരീഫ് ഹുസൈൻ
ശീതൾ ശ്യാം
അഡ്വ: ഉഷ . കെ. ഡി.
അഹാന മേഖൽ
എം.എം. ഗ്രേസി
രതി പതിശ്ശേരി
ഡോ: കെ. ഗോപിനാഥൻ
സജീവൻ അന്തിക്കാട്
അരുൺ എഴുത്തഛൻ
കെ.സി. സന്തോഷ് കുമാർ
പ്രസന്നകുമാർ ടി.എൻ

സംഘാടകർ :
ചാനൽ 13.8.
സഹയാത്രിക