ന്തോഷ് ജോർജ് കുളങ്ങരയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഒരുപാട് പേർ ഷെയർ ചെയ്യുന്നത് കാണാൻ ഇടയായി. യൂറോപ്പിൽ വിദ്യാഭ്യാസത്തിന് പോയ ആൾ അവിടെ വെയിറ്റർ ആയി ജോലി ചെയ്യുന്നത്രേ. നാട്ടിലെ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽ പോയി പാത്രം കഴുകുന്നു! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ. ഇങ്ങനെ നാട്ടിലെ സമ്പന്ന കുടുംബത്തിലെ കുട്ടികൾ പാത്രം കഴുകിയും വെയിറ്റർ ജോലിചെയ്തും ട്രക്ക് ഓടിച്ചും ഒക്കെ ആണ് ജീവിക്കുന്നത്. ഇങ്ങനെ പഠിക്കാൻ എത്തുന്നവരിൽ മിക്കവരും ബ്ലൂ കോളർ ജോലി മാത്രമാണ് ചെയ്യുന്നത്. വളരെ മിടുക്കന്മാരായ ഇവർ അവിടെ മൂന്നാംകിട ജോലികൾ ചെയ്ത് ജീവിതം തള്ളിനീക്കുന്നു നമ്മുടെ നാട്ടിൽ വരുന്ന ബംഗാളികളെ പോലെ യൂറോപ്പിൽ ഇവർ മൂന്നാംകിട പൗരന്മാർ മാത്രമാണ്. - പോസ്റ്റ് പറയുന്നു.

പോസ്റ്റിന്റെ രണ്ടാം ഭാഗം പറയുന്നത് ഇതിന് കാരണം നമ്മുടെ നാട്ടിലെ അഴിമതി രാഷ്ട്രീയ പക്ഷപാതിത്വം എന്നിവയൊക്കെയാണ്. അതിനോട് ഏറെക്കുറെ യോജിക്കുന്നു. പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'ഇവിടുത്തെ ഓരോ വിദ്യാർത്ഥിയെയും പഠിപ്പിക്കാൻ വേണ്ടി നമ്മുടെ രാജ്യം ചെലവഴിക്കുന്ന തുക നമ്മുടെ നികുതിപ്പണമാണ്. ആ പണം വാങ്ങി പഠിച്ചവൻ നമ്മുടെ നാട്ടിൽ തന്നെ പണിയെടുക്കണം. അല്ലെങ്കിൽ പഠിക്കാൻ ശേഷിയുള്ള ചിന്തിക്കാൻ ശേഷിയുള്ള തലമുറ വിദേശത്തേക്ക് പോവുകയും നാട്ടിൽ ഇസ്പ്ലേഡ് ഏഴാം കൂലികൾ മാത്രമാവുകയും ചെയ്യും.''

പാത്രം കഴുകുന്നത് അത്ര മോശമോ?

പാത്രം കഴുകുന്നത് അത്ര മോശം ജോലി ഒന്നുമല്ല കേട്ടോ, എന്ന് മുൻകൂർ ജാമ്യം എടുക്കുന്നുണ്ടെങ്കിലും പോസ്റ്റിൽ വ്യക്തമായി പറയുന്നത് നാട്ടിൽ അത്യാവശ്യം പണമുള്ള വീട്ടിലെ കുട്ടികൾക്ക് ഇങ്ങനെ ജോലി ചെയ്യേണ്ട വല്ല ആവശ്യവുമുണ്ടോ എന്നതാണ്. യൂറോപ്പിലെ റസ്റ്റോറന്റുകളിൽ മുഴുവൻ ജോലി ചെയ്യുന്നത് കേരളത്തിൽ നിന്ന് പഠിക്കാൻ പോയ കുട്ടികൾ മാത്രമല്ല. ബ്രിട്ടീഷുകാരും ഐറിഷുകാരും ജർമ്മൻകാരും ഫ്രാൻസുകാരും ഒക്കെയായ കുട്ടികളും അവരുടെ വിദ്യാഭ്യാസത്തോടൊപ്പം ഇങ്ങനെയുള്ള ജോലികൾ ചെയ്യാറുണ്ട്. അവരിൽ ചിലരുടെയെങ്കിലും മാതാപിതാക്കൾ കോടീശ്വരന്മാരും ആയിരിക്കും. പക്ഷേ അപ്പനും അമ്മയ്ക്കും കാശുണ്ട് എന്നത് ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു മാനദണ്ഡമായി അവർ കണക്കാക്കാറില്ല.

യുകെയിലുള്ള മുഴുവൻ പാത്രങ്ങളും കഴുകുന്നത് മലയാളികൾ ചെന്നിട്ടല്ല. സ്റ്റുഡന്റ് ആയി എത്തുന്നവർക്ക് വളരെ പെട്ടെന്ന് കിട്ടാൻ സാധ്യത ഉള്ളതും ഫ്ളക്സിബിൾ ആണെന്നതും ആയതുകൊണ്ടാണ് പലരും റസ്റ്റോറന്റ് ജോലികൾ തെരഞ്ഞെടുക്കാൻ കാരണം. അമേരിക്കയിൽ നിന്നും ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഒക്കെ വരുന്ന വിദ്യാർത്ഥികളും ഇതേപോലെ പാർട്ട് ടൈം ആയി ജോലി ചെയ്യാറുണ്ട്. അത് കാണുമ്പോൾ നമ്മൾ ആഹാ കൊള്ളാമല്ലോ എന്ന് പറയും. എന്നാൽ മലയാളി വിദ്യാർത്ഥികൾ ഇതേ പോലെ പഠനത്തിനൊപ്പം ജോലി ചെയ്യുന്നത് കാണുമ്പോൾ നാട്ടിൽ ഇത്രയും സ്വത്ത് ഉള്ളവന്, വീട്ടിൽ പാത്രം കഴുകാനും തുണി അലക്കാനും തറ വൃത്തിയാക്കാനും ഒക്കെ ജോലിക്കാർ എന്ന പേരിൽ അടിമകളെ (തനിക്ക് ചെയ്യാൻ മടിയുള്ള സ്വന്തം കാര്യങ്ങൾ ചെയ്യിക്കാൻ വേണ്ടി മറ്റൊരാൾക്ക് പണം കൊടുത്ത് ചെയ്യിപ്പിക്കുക എന്നത് അടിമത്ത മനോഭാവമുള്ള ആൾക്ക് മാത്രം പറ്റുന്ന കാര്യമാണ് ) നിർത്താൻ മാത്രം വലിയ സമ്പന്നന് അവിടെ പോയി ജോലി ചെയ്യേണ്ട ആവശ്യമുണ്ടോ എന്നാണ് പലരുടെയും സംശയം.

യുകെയിലേക്ക് വിദ്യാർത്ഥികളുടെ വരവ് ഇത്രയും സാധാരണമായത് കഴിഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ മാത്രമാണ്. അതിനുമുമ്പ് വിദ്യാർത്ഥികളായി എത്തിയിരുന്നവരിൽ മിക്കവരും അതിസമ്പന്നരായിരുന്നു. (അക്കാദമിക മേഖലയിൽ മിടുമിടുക്കരായ ചിലർ സ്‌കോളർഷിപ്പ് കിട്ടി പഠിക്കാൻ വന്നു എന്നത് പൊതുവായ ഒരു കാര്യമായി കണക്കാക്കാൻ പറ്റില്ല). അവരിൽ പലർക്കും ഈ യൂറോപ്പ്യൻ രീതികളുമായി ഒത്തുപോകാൻ പറ്റിയിട്ടില്ല എന്നത് വസ്തുതയാണ്. കഴിഞ്ഞ 18 വർഷമായി യൂറോപ്പിൽ പല ജോലികളും ചെയ്തു ജീവിച്ച വ്യക്തി എന്ന നിലയിൽ ഇങ്ങനെ വന്നിട്ടുള്ള ഒരുപാട് വിദ്യാർത്ഥികളെ കണ്ടിട്ടുണ്ട്. അതിൽ നല്ലൊരു വിഭാഗം വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കിയോ അല്ലാതെയോ തിരികെ പോവുകയും ചെയ്തിട്ടുണ്ട്. കാരണം അവർക്കൊന്നും ഇവിടെ വന്ന് ജോലി ചെയ്യാൻ പറ്റില്ല എന്നുള്ളതാണ്.

ജീവിതത്തിൽ ഒരിക്കലും ഭക്ഷണം കഴിച്ച പാത്രം കഴുകി വെക്കേണ്ടി വന്നിട്ടില്ലാത്ത, ഒരിക്കൽപോലും സ്വന്തം വസ്ത്രം കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത, താൻ ഉപയോഗിക്കുന്ന ടോയ്ലറ്റ് ഒരിക്കൽപോലും വൃത്തിയാക്കിയിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച് റസ്റ്റോറന്റിൽ ജോലി ചെയ്യുക എന്നത് വലിയ അഭിമാനപ്രശ്നം തന്നെയാണ്. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്ന ഒരാൾക്ക് ഭക്ഷണം എടുത്തു കൊടുക്കേണ്ടി വരുമ്പോൾ അയാൾ മനസ്സിൽ കാണുന്നത് തന്റെ വീട്ടിൽ ഇതൊക്കെ ചെയ്യാൻ നിൽക്കുന്ന ജോലിക്കാരെ ആയിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് ആ ജോലി ചെയ്യാൻ ഒരിക്കലും സാധിക്കില്ല. ഇങ്ങനെ ഓരോ ജോലിക്കും ഒരു ദിവസം മാത്രം പോയിട്ടുള്ള ആളുകളെയും അറിയാം.

മലയാളിയുടെ മനസ്സിലെ മാടമ്പിബോധം

എന്നാൽ യൂറോപ്പിൽ ഉള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് അവരുടെ വീടുകളിൽ ഒരിക്കലും ജോലിക്കാർ ഉണ്ടാവില്ല. കാരണം എന്റെ വീട്ടിൽ എന്റെ ജോലികൾ ചെയ്യാൻ മറ്റൊരാളെ ജോലിക്ക് നിർത്തുക എന്നത് ഇവിടുത്തെ ഒരാളുടെ ആധുനിക മാനവിക സങ്കൽപ്പത്തിന് ചിന്തിക്കാൻ പറ്റാത്തതാണ്. അത് അടിമ ജോലി ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കുട്ടികൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ടാവും. അവരെ സംബന്ധിച്ച് പാത്രം കഴുകുക എന്നതോ തറ വൃത്തിയാക്കുക എന്നതോ ഒന്നും തന്നെ അഭിമാനക്ഷതം ഉണ്ടാക്കുന്ന ജോലിയല്ല.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു മാംസ വില്പനശാലയിൽ ചെല്ലുമ്പോൾ അവിടെ ഞാൻ ആവശ്യപ്പെടുന്ന രീതിയിൽ മാംസം മുറിച്ചു തരുന്ന ഒരു ജോലിക്കാരൻ ഉണ്ടായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം അയാളെ കാണാതെ വന്നപ്പോൾ കടക്കാരനോട് അയാളെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ ഇവിടെ മെഡിക്കൽ സ്റ്റുഡന്റ് ആണ്, അവധിയുള്ളപ്പോൾ മാത്രമേ ഇവിടെ ജോലിക്ക് വരാറുള്ളൂ എന്നായിരുന്നു മറുപടി. നമ്മുടെ നാട്ടിൽ ഡോക്ടർ ആവാൻ പഠിക്കുന്ന ഒരാൾ ഇറച്ചിക്കടയിൽ ജോലിക്ക് പോകുന്നത് സങ്കൽപ്പിക്കാൻ സാധിക്കുമോ?

എന്നാൽ യൂറോപ്യൻ സംസ്‌കാരത്തിൽ ജോലി എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെ വീട്ടുജോലിക്കാർ എന്നൊരു ജോലി വിഭാഗം ഇല്ല. അതേപോലെ ഏതു വലിയ സമ്പന്നനും ഒരിക്കലും ഒരു ഡ്രൈവർ ഉണ്ടായിരിക്കില്ല. ഒന്നുകിൽ അവർ സ്വയം ഡ്രൈവ് ചെയ്യും. ഡ്രൈവ് ചെയ്യാൻ പറ്റാത്തവർക്ക് പബ്ലിക് ട്രാൻസ്പോർട്ട് ആയിരിക്കും ആശ്രയം. പറഞ്ഞുവരുന്നത് നമ്മൾ മലയാളികൾ മനുഷ്യർക്ക് കൊടുക്കുന്ന വിലയും യൂറോപ്യൻസ് മനുഷ്യർക്ക് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാണ്.

മലയാളികളിൽ മിക്കവരും മനസ്സിൽ ഒരു മാടമ്പി ബോധം കൊണ്ടുനടക്കുന്നവരാണ്. അതുകൊണ്ടാണ് യൂറോപ്പിൽ പോയി പാത്രം കഴുകുക, റസ്റ്റോറന്റിൽ വെയ്റ്റർ ആയി ജോലി ചെയ്യുക, ട്രക്ക് ഓടിക്കുക എന്നതൊക്കെ 'അവന് ആവശ്യമില്ലാത്ത' പണികൾ ആയി തോന്നുന്നത്. ഇനി ഇങ്ങനെ വരുന്ന ആളുകൾ ഇവിടെ എന്നും മൂന്നാംകിട പൗരന്മാർ ആയിരിക്കുമോ? അയർലണ്ടിലെയും യുകെയിലെയും മിക്ക ആശുപത്രികളിലെയും മാനേജർമാർ ഇപ്പോൾ മലയാളികളാണ്. മൂന്നാംകിട പൗരന്മാർ മാത്രമായിട്ടാണ് കണക്കാക്കുന്നത് എങ്കിൽ ഇവർ ഒരിക്കലും നഴ്സ് മാനേജർമാർ ആകുമായിരുന്നില്ല. അവർ അങ്ങനെ ആവാൻ കാരണം തുടർ പഠനങ്ങളിലൂടെ അവർ അതിനു വേണ്ട യോഗ്യത നേടിയതുകൊണ്ടാണ്. അതായത് യോഗ്യത ഉണ്ടെങ്കിൽ ഒരിക്കലും മൂന്നാംകിട പൗരനായി ജീവിക്കേണ്ടി വരില്ല. വിദ്യാർത്ഥി ആയി യൂറോപ്പിൽ എത്തുന്ന ഒരാൾ അയാൾ നേടിയ വിദ്യാഭ്യാസത്തിന് അനുസരിച്ച് മറ്റു തൊഴിൽ കണ്ടുപിടിക്കുന്നത് വരെ മാത്രമേ മേൽപ്പറഞ്ഞ ജോലികൾ ചെയ്യേണ്ടതുള്ളൂ. എന്നാൽ വിദ്യാഭ്യാസത്തിന് എന്ന പേരിൽ വരികയും യാതൊരു വിദ്യാഭ്യാസവും നേടുകയും ചെയ്തിട്ടില്ലെങ്കിൽ എന്നും അതേ തൊഴിലിൽ തുടരേണ്ടതായും വന്നേക്കാം.

വിദേശികൾ മൂന്നാംകടി പൗരന്മാർ ആണോ?

ഇനി ഇവിടെ വരുന്ന ഓരോരുത്തരും മൂന്നാംകിട പൗരന്മാരാണോ? അല്ല. നമ്മുടെ നാട്ടിലെത്തുന്ന ഇന്ത്യക്കാരൻ തന്നെയായ ഉത്തരേന്ത്യൻ അതിഥി തൊഴിലാളിക്ക് മലയാളിക്ക് കിട്ടുന്ന അതേ പരിഗണന കിട്ടാറുണ്ടോ? അതേ മനോഭാവത്തോടെയാണ് ഞാനും യൂറോപ്പിൽ എത്തിയത്. യൂറോപ്പിൽ കുട്ടികൾക്ക് മാസംതോറും സർക്കാർ ഒരു തുക നൽകുന്നുണ്ട് എന്നറിയാമായിരുന്നിട്ടും ഞാൻ അതിനു വേണ്ടി അപേക്ഷ കൊടുക്കാൻ ഒരുപാട് വൈകി. കാരണം അത് ഈ രാജ്യത്തെ കുട്ടികൾക്ക് മാത്രമായിരിക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ എന്റെ കുട്ടി ഈ രാജ്യത്ത് വന്ന ദിവസം മുതൽ അന്നുവരെയുണ്ടായിരുന്ന മുഴുവൻ തുകയും ചൈൽഡ് ബെനിഫിറ്റ് ആയി കിട്ടിയപ്പോഴാണ് ഞാൻ ഇവിടെ മൂന്നാംകിട അല്ല എന്ന് എനിക്ക് ബോധ്യമായത്. ഇപ്പോഴും അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുകൊണ്ട് സാമ്രാജ്യത്വ മുതലാളിത്തത്തിന് എതിരെ യൂട്യൂബിലൂടെയും ഫേസ്‌ബുക്കിലൂടെയും പോരാടുന്ന ആളിനു പോലും അവിടുത്തെ ഓരോ പൗരനും കിട്ടുന്നതുപോലെ തന്നെ തൊഴിൽരഹിത വേതനം കൃത്യമായി വാങ്ങാറുണ്ട് എന്നതുകൂടി മനസ്സിലാക്കുക.

ഇന്ത്യയിൽ ജനിച്ചുവളർന്ന എനിക്ക് ഇന്ത്യയിൽ വോട്ടില്ല. അതിഥി തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്ന കേരളത്തിൽ വോട്ട് ഇല്ല . പക്ഷേ അയർലണ്ടിലെ പൗരത്വം പോലും ലഭിക്കുന്നതിനു മുൻപ് ഇവിടെ വന്നിട്ടുള്ള മലയാളിക്ക് ഇലക്ട്രൽ ലിസ്റ്റിൽ പേര് ചേർക്കാം. വോട്ടും ചെയ്യാം. മൂന്നാംകിട പൗരന്മാർക്ക് ഇത്തരം അവകാശം ലഭിക്കുമോ? അതേപോലെതന്നെയാണ് മറ്റേണിറ്റി ബെനിഫിറ്റ്, ഡിസെബിലിറ്റി ബെനിഫിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളും .അതിലൊന്നും തന്നെ ഒന്നാം കിട പൗരൻ എന്നോ രണ്ടാം കിട പൗരൻ എന്നോ ഒരു വ്യത്യാസവുമില്ല.

ഇനി ഞങ്ങളുടെ നികുതിപ്പണം എടുത്ത് പഠിച്ച ശേഷം വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദേശത്തേക്ക് കടക്കുകയാണ് എന്നതിനെക്കുറിച്ചും ഒന്ന് രണ്ട് കാര്യങ്ങൾ പറയേണ്ടതുണ്ട്. ഇത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമല്ല. ലോകത്തെ എല്ലാ രാജ്യങ്ങളിലും നിന്നും പഠിക്കുന്നവർ പിന്നീട് അവർക്ക് ഇഷ്ടപ്പെട്ട മേഖലകളിലേക്ക് രാജ്യങ്ങളിലേക്ക് പോകാറുണ്ട്. യുകെയിൽ പഠിച്ച എല്ലാ യുകെ പൗരന്മാരും അവിടെ മാത്രമല്ല ജോലി ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് ഇന്ത്യ, ചൈന അങ്ങനെ പല രാജ്യങ്ങളിലും അവർ ജോലി ചെയ്യാറുണ്ട്. ബ്രിട്ടനിൽ പഠിച്ച അവർ അവിടെത്തന്നെ ജോലി ചെയ്യണം എന്ന് അവർ വാശി പിടിക്കാറില്ല. ജോലിയോടൊപ്പം പഠനത്തിന് സൗകര്യം ഒരുക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അവർ തന്നെ തുടർ വിദ്യാഭ്യാസത്തിന് അവസരം നൽകുകയും ചെയ്യും.

ഞങ്ങളാണ് നിന്നെ പഠിപ്പിച്ചത് അതുകൊണ്ട് ഇവിടെ തന്നെ നിൽക്കണം എന്ന് അവർ പറയാറില്ല. കാരണം വിദ്യാഭ്യാസം എല്ലാം മനുഷ്യർക്കും വേണ്ടിയുള്ളതാണ്. എവിടെപ്പോയാലും അവരുടെ പ്രോഡക്റ്റിവിറ്റി ഉണ്ടാവണം. തൊഴിൽ ചെയ്യാൻ കഴിയണം. എങ്കിൽ മാത്രമേ ഉൽപാദനക്ഷമതയും അതിന്റെ റിസൾട്ട് ആയ പണവും ഉണ്ടാവൂ. മേൽപ്പറഞ്ഞ പോസ്റ്റിലെ പ്രധാന പ്രശ്നവും അതാണ്. സമ്പന്നരായ കുട്ടികൾ ജോലി ചെയ്ത് പ്രോഡക്ടിവിറ്റി ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നതാണ് മുകളിലെ പോസ്റ്റിൽ പറയാതെ പറയുന്ന കാര്യം. നമ്മുടെ സംസ്‌കാരത്തിന്റെ ഒരു വലിയ പോരായ്മ കൂടിയാണ് പണമുള്ളവൻ പണിയെടുപ്പിച്ചാൽ മതി പണിയെടുക്കേണ്ടതില്ല എന്ന മനോഭാവം. അതുകൊണ്ട് പാത്രം കഴുകുന്നതും മുറി വൃത്തിയാക്കുന്നതും തുണി അലക്കുന്നതും ട്രക്ക് ഓടിക്കുന്നതും ഒന്നുമല്ല മോശപ്പെട്ട കാര്യം. ഇതൊന്നും ചെയ്യാതെ ഇരിക്കുന്നതാണ്.