- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് വരേണ്ട 62476 കോടി ചൈനയിലേക്ക് മാറ്റിയത് വിവോ; സഹോദര സ്ഥാപനമായ ഓപ്പോ നടത്തിയത് 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിആർഐ; തട്ടിപ്പു നടത്തിയത് ഇറക്കുമതി ചെയ്ത ചില സാധനങ്ങളുടെ പേരിൽ തെറ്റായി കസ്റ്റംസ് നികുതി ഇളവുകൾ സ്വന്തമാക്കി
ന്യൂഡൽഹി: ഇന്ത്യയിലേക്ക് എത്തേണ്ട 62476 കോടിയുടെ വരുമാനം ചൈനയിലേക്ക് മറ്റിയ വിവോ കമ്പനിക്ക് പിന്നാലെ സഹോദര സ്ഥാപനമായ ഒപ്പോയിലും തട്ടിപ്പു നടന്നു. ചൈനീസ് സ്മാർട്‌ഫോൺ കമ്പനിയായ 'വിവോ'യ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദര സ്ഥാപനമായ 'ഓപ്പോ'യിലെ തട്ടിപ്പും പുറത്തുവന്നത്.
ഈ സ്ഥാപനത്തിൽ 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കയാണ് ഡിആർഐ. സ്മാർട്‌ഫോൺ നിർമ്മാണത്തിനായി ഇറക്കുമതി ചെയ്ത ചില സാധനങ്ങളുടെ പേരിൽ ഓപ്പോ തെറ്റായി കസ്റ്റംസ് നികുതി ഇളവുകൾ സ്വന്തമാക്കിയതായാണ് കണ്ടെത്തൽ.
തട്ടിപ്പുുമായി ബന്ധപ്പെട്ട് ഓപ്പോയുടെ ഓഫിസുകളിലും പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നിട്ടുണ്ട്. തെറ്റായ നികുതി ഇളവുകളിലൂടെയുള്ള വെട്ടിപ്പ് മാത്രം 2,981 കോടി രൂപയാണ്. ബാക്കി 1,408 കോടി രൂപയുടെ വെട്ടിപ്പ് റോയൽറ്റി, ലൈസൻസ് ഫീസ് എന്നീ പേരുകളിൽ ചൈനയിലുൾപ്പെടെയുള്ള കമ്പനികളിലേക്ക് അയച്ച തുകയുമായി ബന്ധപ്പെട്ടാണ്.
'വിവോ'യുടെ അനുബന്ധ സ്ഥാപനങ്ങളുടെ ഓഫിസുകളിൽ ഇഡി പരിശോധന നടന്നത് കഴിഞ്ഞ ആഴ്ചയാണ്. 465 കോടി രൂപ നിക്ഷേപമുള്ള 119 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവോ വരുമാനത്തിന്റെ 50 ശതമാനത്തോളം (ഏകദേശം 62,476 കോടി രൂപ) നികുതി നൽകാതെ ചൈനയിലേക്കു കടത്തിയെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കാരണം കാണിക്കൽ നോട്ടിസിന് ഉടൻ മറുപടി നൽകുമെന്ന് ഓപ്പോ അറിയിച്ചു.
ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് കോർപറേഷൻ എന്ന വമ്പൻ കമ്പനിയുടെ ഉടമസ്ഥതയിലാണ് ഓപ്പോയും വിവോയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ബിബികെ. വിവോ, വൺപ്ലസ്, ഓപ്പോ, റിയൽമി, ഐക്യുഒഒ എന്നീ 5 ബ്രാൻഡുകളിൽ ഫോൺ പുറത്തിറക്കുന്നുണ്ട്. ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയുടെ 40 % ബിബികെയാണ്.
ഇന്ത്യയിൽ ഈ കമ്പനികൾ തട്ടിപ്പു നടത്തുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെ കൂടുതൽ നടപടികൾ ഭയന്നിരിക്കയാണ് കമ്പനി. വിവോയിലെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ഇ ഡി കരുതുന്ന മുൻ വിവോ ഡയറക്ടർ ബിൻ ലൂ 2018ൽ തന്നെ ഇന്ത്യ വിട്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രാജ്യം വിടുന്നതിന് മുമ്പ് ഇപ്പോൾ ഇ ഡിയുടെ നിരീക്ഷണ വലയത്തിനുള്ളിലുള്ള കമ്പനികളെ വിവോ മൊബൈൽ ഇന്ത്യയുടെ കീഴിൽ ഇയാൾ കൂട്ടിച്ചേർത്തതായും കണ്ടെത്തിയിട്ടുണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം കൂടുതൽ ഊർജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടർമാരായിരുന്ന സെങ്‌ഷെൻ ഓവു, സാങ് ജിയ് എന്നിവരും രാജ്യം വിട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളിൽ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉത്തർപ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം. വിവോ മൊബൈൽ കമ്യൂണിക്കേഷൻസ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകൾ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാർട്ട്‌മെന്റ്, കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തിൽ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്‌ക്കെതിരെ ഇഡിയുടെ തിരച്ചിലും. കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമത്തിന്റെ (പിഎംഎൽഎ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജൻസികളും അന്വേഷിക്കുന്നത്.
ചൈനീസ് കമ്പനികൾക്കെതിരെയുള്ള അന്വേഷണവും നടപടി സ്വീകരിക്കലും ഇന്ത്യയിൽ ആദ്യമായല്ല . 2020 ൽ ടിക്ടോക്, ക്യാംസ്‌കാനർ തുടങ്ങി 56 ചൈനീസ് ആപ്പുകൾക്കെതിരെ അന്വേഷണം നടത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷഓമി, ബായിഡു തുടങ്ങിയ കമ്പനികളുടേത് അടക്കം 108 ചൈനീസ് ആപ്പുകളും അവയുടെ ഡവലപ്പർമാരെയും നിരോധിച്ചിരുന്നു. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെ തുടർന്നായിരുന്നു ഇത്.
മറുനാടന് ഡെസ്ക്