തിരുവനന്തപുരം: കോവിഡ് മൂലം ജീവിതം തകർന്നവരുടെ കൈകളിലേയ്ക്ക് നേരിട്ട് എത്തിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റിൽ പരാമർശിച്ച തുകയിൽ ആശയക്കുഴപ്പം. 8900 കോടി രൂപയാണ് നേരിട്ട് ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ പദ്ധതിയെ പറ്റി ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ പദ്ധതികളെല്ലാം നിലവിലുള്ളതായതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

നിലവിലെ പദ്ധതികൾക്ക് മാറ്റി വച്ച തുക കൂട്ടിച്ചേർത്താണ് 8900 കോടി രൂപ ജനങ്ങളുടെ കൈയിൽ നേരിട്ടെത്തിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ബജറ്റ് പ്രഖ്യാപനത്തെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷം നിയമസഭയിലെ പ്രസംഗം പുറത്ത് ഭേദഗതി ചെയ്തുവെന്ന് അതേ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബജറ്റിൽ 8900 കോടി രൂപ പ്രഖ്യാപിച്ച ധനമന്ത്രി അതിന്റെ വിനിയോഗത്തെപ്പറ്റി വാർത്താസമ്മേനത്തിൽ നൽകിയ വിശദീകരണമാണ് അദ്ദേഹത്തെ വെട്ടിലാക്കിയത്. ബജറ്റ് വ്യാഖ്യാനം കേൾക്കാതെ പ്രസംഗം മാത്രം കേട്ടെത്തിയ പ്രതിപക്ഷനേതാവ് ആദ്യം പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാൽ 8900 കോടി രൂപ ജനങ്ങളിലേക്ക് എത്തുക ഏകദേശം 1100 കോടി ക്ഷേമപെൻഷൻ, 3000 കോടി തൊഴിലുറപ്പ് എന്നിങ്ങനെയെന്ന് മനസിലാക്കിയ വി.ഡി.സതീശൻ അതേ വാർത്താസമേളനത്തിൽ തന്നെ ധനമന്ത്രിക്കെതിരെ തിരിഞ്ഞു.

അതേ സമയം വിവാദത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്തെത്തി. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റിൽ പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും കെ.എൻ.ബാലഗോപാൽ തള്ളി. കടമെടുപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാണ് മുന്നോട്ടുപോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിർദ്ദേശം നടപ്പായില്ലെങ്കിൽ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി പറഞ്ഞു.

സൗജന്യ കോവിഡ് വാക്‌സീന് വേണ്ടി ആയിരം കോടിയാണ് പ്ലാൻ ഫണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ആയിരം കോടിക്ക് വാക്‌സിനേഷൻ പൂർത്തിയാകുമോ എന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിനിയിലേക്ക് വന്ന തുകയും ഉപയോഗിക്കാം എന്ന പരാമർശം ആശയക്കുഴപ്പത്തിനിടയാക്കി. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ലഭിക്കൂന്ന സഹായം പ്ലാൻ ഫണ്ടിലേക്ക് വരുമോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.