തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവി വഹിക്കില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിയമ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് സതീശൻ പറഞ്ഞു. ഗവർണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സതീശൻ വ്യക്തമാക്കി.

അതേസമയം, ഗവർണ്ണർ, ചാൻസലർ പദവി ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്. പകരം താൻ ചാൻസലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു.

നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസലർ പദവി ഗവർണ്ണർ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവർണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ഇല്ല. ചാൻസലർ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവൺമെന്റിനും കുടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കുമെന്നു രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഓഫീസിൽ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാൻ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു

ചാൻസലർ പദവി ഒഴിയുകയാണെണ് കാണിച്ച് ഗവർണർ സർക്കാരിനു കത്തു നൽകിയിരുന്നു. കണ്ണൂർ, കാലടി സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ തീരുമാനം. കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ ഇന്നലെ സർക്കാരിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ-ഗവർണർ പ്രതികരിച്ചു.സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചിരുന്നു.