കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണത് വിവാദമായിരിക്കുകയാണ്. ചാലിയാർ പുഴയിൽ, മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമ്മിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇതോടെ, പ്രതിപക്ഷം അഴിമതി ആരോപിച്ച് രംഗത്തെത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ലാക്കാക്കിയാണ് ആരോപണം.

2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമ്മാണം നിലച്ചത്. പിന്നീട് ഡിസൈനിങ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമ്മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു.

പിണറായിയുടെയും സംഘത്തിന്റെയും അഴിമതി എന്ന് കെ. സുധാകരൻ

എല്ലാ പദ്ധതികളിൽ നിന്നും സിപിഐ.എം കൈയിട്ട് വാരുകയാണെന്ന് കെ.സുധാകരൻ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോഴിക്കോട് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പൊടിഞ്ഞു വീണതും നിർമ്മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.

പിണറായി സർക്കാർ നിർമ്മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളിൽ നിന്നും സിപിഐ.എം കൈയിട്ട് വാരുകയാണ്.

അതുകൊണ്ട് തന്നെ നിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പിണറായി വിജയൻ സർക്കാരിന്റെ അഴിമതികൾക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിക്ക് ശുഭസൂചകമാണ്,' കെ. സുധാകരൻ പറഞ്ഞു.

ഉത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ എന്ന് പി കെ ഫിറോസ്

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നുവീണതിന് ആരാണ് ഉത്തരവാദിയെന്നും എന്താണ് കാരണമെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിന് ഉത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഫിറോസ് ഉന്നയിച്ചത്. ഇതിനെല്ലാം പഴയ എസ്എഫ്ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?

അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു. Let us wait...

റിപ്പോർട്ട് തേടി മന്ത്രി

അതേസമയം, പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടൻ തന്നെ ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.