മെൽബൺ: സ്വവർഗ ദമ്പതിമാരോടുള്ള അവഗണനയ്ക്ക് അന്ത്യം കുറിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഫെഡറൽ പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ സ്വവർഗ വിവാഹ ബിൽ പാർലമെന്റിൽ  അവതരിപ്പിച്ചു. നിയമപരമായി വിവാഹം ചെയ്യുന്നതിന് സ്ത്രീയും പുരുഷനും എന്നു പറയുന്നതിന് പകരം രണ്ടു വ്യക്തികൾ എന്ന പദമായിരിക്കും പുതിയ ബില്ലിൽ ഉപയോഗിക്കുക എന്നും ബിൽ ഷോർട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ബില്ലിനെ എതിർത്ത് കൂട്ടുകക്ഷി മന്ത്രിസഭ മുന്നോട്ടുവന്നിട്ടുണ്ട്. ഇതിലുള്ള സംവാദം മാറ്റിവയ്ക്കണമെന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സും ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിന്മേലുള്ള ചർച്ച പാർലമെന്റിന്റെ സ്പ്രിങ് സിറ്റിംഗിൽ വീണ്ടും പരിഗണിക്കില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. സ്വവർഗവിവാഹ ബില്ലിൽ ഫ്രീ വോട്ട് ചെയ്യുന്നതിന് തന്റെ എംപിമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷോർട്ടൺ പ്രധാനമന്ത്രി ടോണി അബോട്ടിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.

സ്വവർഗ വിവാഹത്തെ സംബന്ധിച്ച ബില്ല് രാഷ്ട്രീയത്തിന് മേലെയാണെന്നും ഷോർട്ടൻ അവതരണവേളയിൽ പ്രഖ്യാപിച്ചിരുന്നു. സ്വവർഗ വിവാഹത്തിൽ അയർലണ്ടിൽ നടന്ന റഫറണ്ടത്തിൽ 62 ശതമാനം ആൾക്കാരും അനുകൂലമായി വോട്ട് ചെയ്ത് നിയമമാക്കിയ സാഹചര്യത്തിൽ ഓസ്‌ട്രേലിയയും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാൻ നിർബന്ധിതമാകുകയായിരുന്നു. സ്വവർഗ ദമ്പതികൾക്കും ഇതിലൂടെ വിവാഹതുല്യത കൈവരിക്കാനാണ് സാധിക്കുന്നതെന്ന് ഷോർട്ടൺ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹതുല്യത ഏർപ്പെടുത്തുന്ന നിയമം കൊണ്ടുവരുന്നതിന് ഗ്രീൻസ് നേതാവ് റിച്ചാർഡ് ഡി നതാലിയിൽ നിന്നുള്ള വിമർശനത്തെ ഷോർട്ടൻ പാടേ അവഗണിച്ചു. പ്രധാനമന്ത്രി അനുകൂലിച്ചിട്ട് വിവാഹതുല്യതാ നിയമം വരുമെന്ന് ഒരിക്കലും ചിന്തിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തന്റെ പാർലമെന്റിൽ സ്വവർഗ വിവാഹ നിയമം സംബന്ധിച്ചുള്ളത് വളരെ സുപ്രധാനകാര്യമാണെന്നും അതിലുപരി ഇപ്പോൾ പ്രാധാന്യം നൽകുന്നത് ചെറുകിട ബിസിനസുകാർക്ക് ടാക്‌സ് ഇളവു സംബന്ധിച്ച നിയമം പാസാക്കുകയാണെന്നും ടോണി അബോട്ട് വ്യക്തമാക്കിയിട്ടുണ്ട്.