തിരുവനന്തപുരം:യുഡിഎഫ് സമരം അതിശക്തമായി മുന്നേറുകയും എംഇഎസ് ചെയർമാൻ ഫസൽ ഗഫൂർ ഫീസ് കുറക്കാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഫീസ് കുറക്കലിലേക്ക് കാര്യങ്ങൾ നീങ്ങും എന്ന് കരുതി തന്നെയാണ് ഇന്നലെ മാനേജ്മന്റുകൾ ചർച്ചയ്‌ക്കെത്തിയത്. വിജയശ്രീലാളിതരായി സമരം അവസാനിപ്പിക്കാനുള്ള മുഹൂർത്തം കുറിച്ച് യുഡിഎഫ് നേതൃത്വം ഇരിക്കുകയും ചെയ്തു. ചെറിയ നഷ്ടം വന്നാലും സാരമില്ല എന്ന് കരുതി എത്തിയ മാനേജമന്റുകളെ ഞെട്ടിച്ചു കൊണ്ട് ഫീസ് കുറക്കേണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സമർദ്ദത്തിന്റെ ഫലമായി നഷ്ടം സഹിക്കാൻ എത്തിയ മാനേജ്മന്റുകൾ ഇത് കേട്ടു സന്തോഷിച്ചു. സമരം അസാനിപ്പക്കാം എന്ന് കരുതിയിരുന്ന യുഡിഎഫിൽ ഇതോടെ നിരാശയുമെത്തി. എന്നാൽ ഫീസ് കുറക്കാൻ അവസരം ഉണ്ടായിട്ടും കുറക്കാതെ പിണറായിയുടെ മുഖംമൂടി മാറ്റാനുള്ള തന്ത്രത്തിൽ സമരം ശക്തമാക്കാൻ കഴിയുമെന്ന വിശ്വാസം ആണ് യുഡിഎഫ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. അതു കൊണ്ട് കൂടിയാണ് സ്വാശ്രയ സമരം ശക്തമാകുന്നത്.

ഫീസിളവ് സംബന്ധിച്ച ചർച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രിതന്നെ നിലപാടെടുത്തതോടെ സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ച പൊളിഞ്ഞു എന്നതാണ് വസ്തുത. ഇത് ഫലത്തിൽ വെട്ടിലാക്കിയത് യുഡിഎഫിനെയാണ്. സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ  തീരുമാനം. ഇതിനെ അവഗണിക്കാനാണ് സർക്കാരും ഇടതുപക്ഷവും ശ്രമിക്കു. ആരോഗ്യസ്ഥിതി വഷളായതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന എംഎ‍ൽഎ.മാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിടി ബൽറാമും റോജി ജോണും നിരാഹാരം തുടങ്ങി. അതിനിടെ സമരം കടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാരം കിടക്കണമെന്ന ആവശ്യം സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ചെന്നിത്തല മനസ്സ് തുറക്കുന്നുമില്ല.

സർക്കാർ നേരത്തേ നിശ്ചയിച്ചുനല്കിയ ഫീസ് പ്രതിപക്ഷ സമ്മർദത്തിന് വഴങ്ങിയാണ് മാനേജ്‌മെന്റുകൾ കുറയ്ക്കുന്നതെന്നരീതിയിൽ വ്യാഖ്യാനംവന്നതാണ് ചർച്ച പൊളിയാൻ കാരണമെന്നു കരുതുന്നു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ഇളവോ സ്‌കോളർഷിപ്പോ നൽകാൻ മാനേജ്‌മെന്റുകൾ തയ്യാറായേക്കുമെന്നു വന്നതോടെ യു.ഡി.എഫിന്റെ സമരം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒത്തുതീർപ്പിലെത്തുമെന്നാണ് കരുതിയിരുന്നത്. ഇത് യുഡിഎഫിന് രാഷ്ട്രീയ നേട്ടമാകും. ഇതിന് നിന്നുകൊടുക്കാൻ തയ്യാറല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്. ആര് എന്ത് പറഞ്ഞാലും സമരത്തെ നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത് തന്നെയാണ് പ്രശ്‌ന പരിഹാരം നീട്ടുന്നതും. നിയമസഭയിലെ യുഡിഎഫ് നിരാഹാരം എട്ട് ദിവസമാവുകയാണ്. ഹൈബി ഈഡനും ഷാഫി പറമ്പിലും അനൂപ് ജേക്കബുമാണ് ആദ്യം നിരാഹാരം ഇരുന്നത്. ഇപ്പോൾ വിടി ബൽറാമും റോജി ജോണും. മുസ്ലിംലീഗ് എംഎൽഎമാർ നിരാഹാരം ഇരിക്കുന്നില്ല. മതപരമായ കാരണങ്ങൾ പറഞ്ഞാണ് ഇത്.

ഈ സാഹചര്യത്തിൽ സമരം തുടർന്നാൽ മുതിർന്ന നേതാക്കൾക്കും നിരാഹാരം ഇരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സമരം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. നിയമസഭയിൽ നിലപാട് കടുപ്പിക്കും. സഭ സ്തംഭിപ്പിക്കാനാണ് പദ്ധതി. അങ്ങനെ സർക്കാരിനെ സമ്മർദ്ദമാക്കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാനാണ് തീരുമാനം. സിപിഐയുടെ നിലപാട് ചെറിയ പ്രതീക്ഷയാണ്. പിണറായി വിജയനെ സിപിഐ പൂർണ്ണമായും അംഗീകരിക്കുന്നില്ല. ഈ സാഹചര്യം ഗുണകരമായി മാറുമെന്ന പ്രതീക്ഷ മാത്രമാണ് യുഡിഎഫിനുള്ളത്. എന്നാൽ മാനേജ്‌മെന്റുകൾ ചർച്ചകൾ വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന തിരിച്ചറിവുമുണ്ട്. സുപ്രീംകോടതി വിധിയുടെ പിന്തുണയുള്ളതിനാൽ മാനേജ്‌മെന്റുകൾ അഡ്‌മിഷനുമായി മുന്നോട്ട് പോകും. ക്ലാസുകൾ പോലും സമയത്തിന് തുടങ്ങും. അതുകൊണ്ട് തന്നെ സമരത്തിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഫീസ് കുറച്ചുകൊണ്ടുള്ള ഒത്തുതീർപ്പിന് സർക്കാറും അനുകൂലമാണെന്ന ധാരണ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റത്തോടെ പൊളിയുകയായിരുന്നു. തനിക്ക് ഒരു വാക്കേയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താനുമായി കരാറിന് ധാരണയാക്കുമ്പോൾ ഫീസ് ഇതിൽ കുറയ്ക്കാനാകുമോയെന്ന് ചോദിച്ചതാണ്. അന്ന് പറ്റില്ലെന്ന് പറഞ്ഞിട്ട് ഇപ്പോഴെങ്ങനെ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നുമണിക്ക് മന്ത്രി കെ.കെ. ശൈലജ, ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരോടൊപ്പമാണ് മാനേജ്‌മെന്റ് പ്രതിനിധികൾ എത്തിയത്. നിങ്ങൾ ധാരണയുണ്ടാക്കിയശേഷമാണോ എത്തിയിരിക്കുന്നതെന്ന ചോദ്യത്തോടെയായിരുന്നു ചർച്ചയുടെ തുടക്കം. അല്ലെന്ന് മാനേജ്‌മെന്റുകൾ മറുപടിനൽകി. ഇതു നിഷേധിച്ച മുഖ്യമന്ത്രി എങ്കിൽ ചർച്ച ആദ്യംമുതൽ തുടങ്ങാമെന്ന് പറഞ്ഞു. മുൻവർഷത്തെ ഫീസ് വച്ച് തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ മാനേജ്‌മെന്റുകൾ നിശബ്ദരായി. ആരോഗ്യമന്ത്രിയുമായും സെക്രട്ടറിയും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു.

ഇടയ്ക്ക് ഇടപെട്ട സെക്രട്ടറി രാജീവ് സദാനന്ദനോടും മുഖ്യമന്ത്രി കയർത്തു. തങ്ങൾ ഇടപെട്ടാണ് ഇവരെ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്ന് പറയാൻ ശ്രമിച്ച മന്ത്രി ശൈലജയോടും മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. ഇതോടെ ചർച്ചയ്ക്ക് വിരാമമായി. ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച ചർച്ചയിലേക്ക് കടക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇക്കൊല്ലത്തെ ഫീസ് നിശ്ചയിച്ച് ക്ലാസ് തുടങ്ങിയശേഷം, ഫീസ് കുറയ്ക്കുമെന്ന് പറയുന്നതിന് എന്താണ് പ്രസക്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മെറിറ്റ് സീറ്റിലെ ഫീസ് രണ്ടരലക്ഷത്തിൽനിന്ന് 2.10 ലക്ഷമായി കുറയ്ക്കാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം എം.ഇ.എസ്. മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മൂന്നുലക്ഷം വരെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നല്കാൻ മറ്റു മാനേജ്‌മെന്റുകളും സന്നദ്ധമായി.

ചൊവ്വാഴ്ച രാവിലെ അസോസിയേഷൻ യോഗം ചേർന്ന് ഇക്കാര്യം ചർച്ചചെയ്ത് ധാരണയിലെത്തുകയും ചെയ്തു. ആരോഗ്യമന്ത്രി, സെക്രട്ടറി എന്നിവരുമായും അസോസിയേഷൻ പ്രതിനിധികൾ ആശയവിനിമയം നടത്തിയിരുന്നു. അസോസിയേഷൻ യോഗത്തിനുശേഷം നിയമസഭാ സമുച്ചയത്തിലെത്തിയ പ്രതിനിധികൾ പ്രതിപക്ഷനേതാക്കളെയും കണ്ടു. സർക്കാറുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയാൽ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. എന്നാൽ, ചർച്ച പാളിയതോടെ വിഷയം കൂടുതൽ സങ്കീർണമായി.

അതിനിടെ സ്വാശ്രയ കോളേജുകളിലെ ഫീസ് ഇളവും സ്‌കോളർഷിപ്പും അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റുകൾ. ഇത്തരം ഒരു നിർദ്ദേശം മാനേജ്‌മെന്റ് അസോസിയേഷനിൽനിന്നുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അത്തരം ആവശ്യം ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പി. കൃഷ്ണദാസ് പറഞ്ഞു. ഫീസ് കുറയ്ക്കൽ സംബന്ധിച്ച ചർച്ചയ്ക്ക് ഇനി പ്രസക്തിയില്ല. അടുത്തവർഷത്തെ പ്രവേശനം സംബന്ധിച്ചും കോളേജുകളുടെ നടത്തിപ്പ് സംബന്ധിച്ച ചില പ്രശ്‌നങ്ങളുമാണ് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തതെന്നും അദ്ദേഹം പറഞ്ഞു.