- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷത്തിന് പൊതു സ്ഥാനാർത്ഥി; മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾക്ക് ഗുലാം നബി ആസാദിനെ ചുമതലപ്പെടുത്തി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കോൺഗ്രസ് നേതാക്കളോട് സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് സോണിയാഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മറ്റ് പ്രതിപക്ഷപാർട്ടികളുമായി ചേർന്ന് നേതാവിനെ തീരുമാനിക്കും. രാഹുൽഗാന്ധി, ആനന്ദ് ശർമ, എ.കെ.ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഹരിവംശ് നാരായൺ സിങ്ങിന്റെ കാലാവധി പൂർത്തിയാക്കിയതോടെയുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 14ന് നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് എൻ ഡി എക്ക് വേണ്ടി ഹരിവംശ് നാരായൺ തന്നെ സ്ഥാനാർത്ഥിയാകുമെന്നും വിവരങ്ങളുണ്ട്.
കോൺഗ്രസ് എംപിയായിരുന്ന പി.ജെ.കുര്യൻ 2018 ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിങ്ങ് വിജയിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ.ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായൺ സിങ് 125 വോട്ട് നേടിയപ്പോൾ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ടുകളാണ്.
അവസാന നിമിഷം വരെ ആർക്കു വോട്ടുചെയ്യുമെന്ന കാര്യം ‘സസ്പെൻസ്' ആക്കി നിലനിർത്തിയ ഒഡിഷയിലെ ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ചതാണ് നിർണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദൾ എന്നീ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്കു പിന്നിൽ ഉറച്ചുനിന്നതും തെലുങ്കുദേശം പാർട്ടിയുടെ (ടിആർഎസ്) പിന്തുണ ലഭിച്ചതും വോട്ടെടുപ്പിൽ നിർണായകമായി.
ഹരിവംശ് നാരായൺ സിങ്ങിന്റെ തിരഞ്ഞടുപ്പോടെ രാജ്യസഭയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ എൻഡിഎ പ്രതിനിധികളെത്തി. ഉപരാഷ്ട്രപതി കൂടിയായ എം.വെങ്കയ്യ നായിഡുവാണ് രാജ്യസഭാ അധ്യക്ഷൻ. മൂന്നു തവണയൊഴികെ ഉപാധ്യക്ഷപദവി കോൺഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതൽ 2012 വരെ മൊത്തം 19 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. അതിൽ 14 തവണയും മൽസരമില്ലായിരുന്നു. 1992 ജൂലൈയിൽ കോൺഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മൽസരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്.
മറുനാടന് ഡെസ്ക്