റിയാദ്: സൗദിയിൽ സംഘടനകളും അസോസിയേഷനുകളും രൂപവത്കരിക്കാൻ അനുമതി നൽകുമെന്ന് തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മുഖ്യമായും പത്ത് സേവന മേഖലകളിൽ 24 ശാഖകളിലായി, 67 ഇനങ്ങളിൽ ലാഭം പ്രതീക്ഷിക്കാത്ത സംഘടനകൾ, ട്രസ്റ്റുകൾ, ചാരിറ്റി സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവ രൂപവത്കരിക്കാനാണ് അനുമതി നൽകുക.

സാഹിത്യ, കലാസാംസ്‌കാരിക, വിനോദ സംഘടനകൾ, വിദ്യാഭ്യാസ, ഗവേഷണ കേന്ദ്രങ്ങൾ, ആരോഗ്യ സംഘടനകൾ, സാമൂഹ്യക്ഷേമ, ജീവകാരുണ്യ സേവനങ്ങൾ, പരിസ്ഥിതി കൂട്ടായ്മ കൾ, ഭവന, വികസന സംരംഭങ്ങൾ, നിയമ, സുരക്ഷ സേവനങ്ങൾ, ചാരിറ്റി ട്രസ്റ്റുകൾ, ദഅ്വ, മതപഠന സംഘടനകൾ, തൊഴിലധിഷ്ഠിത സേവന കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിലാണ് ലാഭം പ്രതീക്ഷിക്കാത്ത സംരംഭങ്ങൾ ആരംഭിക്കാനാകുക.

നിർണിത കാലത്തേക്കോ അനിശ്ചിത കാലത്തേക്കോ അനുമതി നൽകാൻ മന്ത്രാലയത്തിന് വിവേചനാധികാരമുണ്ടായിരിക്കും. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മകൾക്കാകും അനുമതി ഉണ്ടാകുക. നന്മയും സാമൂഹ്യക്ഷേമവും ഉദ്ദേശിച്ച് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ലാഭം പ്രതീക്ഷിക്കാതെ വ്യക്തികളോ കുടുംബങ്ങളോ നടത്തുന്ന സാമൂഹ്യക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും അവക്ക് കീഴിലെ വഖഫ്, ദാനം, വസിയ്യ് എന്നിവയും ഈ ഗണത്തിലാണ് മന്ത്രാലയം പരിഗണിക്കുക. രാഷ്ട്രത്തിന് ബാധ്യത വരുത്തിവെക്കാത്ത ഇത്തരം സംരംഭങ്ങൾ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിക്ക് ശേഷമാണ് ആരംഭിക്കേണ്ട തെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് ഇത്തരത്തിലുള്ള സംഘടനകളും അസോസിയേഷനുകളും രൂപീകരിക്കാൻ അനുമതി ലഭിക്കുമോ എന്ന് വ്യക്തമല്ല. അനുമതി ലഭിക്കുകയാണെങ്കിൽ ജീവകാര്യണ്യ മേഖലയിൽ അടക്കം നിലിവിലുള്ളതിനേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ പ്രവാസികൾക്ക് സാധിക്കും.