- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃഷ്ടിപ്രദേശത്ത് കനത്ത മഴ: ജലനിരപ്പ് 2398.32 അടിയായി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തൊടുപുഴ: അതിശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.05 അടിയായി ഉയർന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.
നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു. ഇന്നലെ കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേർപകുതിയാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.
ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടുക്കിയിൽ നാളെയും ഞായറാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കൂടാതെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ആറു ജില്ലകളിലും അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ