ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സൺഡേ സ്‌കൂൾ ഭദ്രാസന തലത്തിൽ നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ന്യൂയോർക്ക് ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഇടവകയുടെ ടീം ഒന്നാം സ്ഥാനം നേടി. ആദർശ് പോൾ വർഗീസ്, ജസ്റ്റിൻ ജോർജ്, മരിയ അലക്‌സ് എന്നിവർ അടങ്ങിയ ടീം ഭദ്രാസനത്തിലെ 52 ഇടവകകളുടേയും ടീമുകളെ പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്.

കഴിഞ്ഞ മാസം ഭദ്രാസനത്തിലെ സ്ത്രീ സമാജം അംഗങ്ങളുടെ ബൈബിൾ ക്വിസ് മത്സരത്തിലും നൂറ് ശതമാനം മാർക്ക് നേടി തുടർച്ചയായി മൂന്നാം വർഷവും ഭദ്രാസന തലത്തിൽ ഇടവക ഒന്നാം സ്ഥാനം നേടി റോളിങ് ട്രോഫി കരസ്ഥമാക്കി.

ആരാധന, പഠനം, സേവനം എന്നിവ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഇടവക ആഴത്തിലുള്ള ബൈബിൾ പഠനത്തിനു വലിയ പ്രധാന്യമാണ് നൽകുന്നത്. ലോകപ്രശസ്തമായ യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വൈദീക സെക്രട്ടറിയുമായ വികാരി ഫാ.ഡോ. വർഗീസ് എം. ഡാനിയേൽ ഇടവക തലത്തിൽ നടത്തുന്ന ബൈബിൾ പഠന പരിശീലന ക്ലാസുകൾ സൺഡേ സ്‌കൂൾ, മാർത്തമറിയം സമാജം, യുവജന പ്രസ്ഥാനം, എം.ജി.ഒ.സി.എസ്.എം എന്നീ സംഘടനകളെ ട്രോഫി നേടുന്നതിലുപരിയായി ആത്മീയമായി ഉന്നതനിലവാരത്തിൽ എത്തിക്കുന്നു. അജിത് വട്ടശേരിൽ (കൗൺസിൽ മെമ്പർ, മലങ്കര ഓർത്തഡോക്‌സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ്) അറിയിച്ചതാണിത്.