- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതിലെ സുഷിരം അടയ്ക്കാൻ ചെന്നു; കാതിന്റെ ഭാഗം തന്നെ നഷ്ടമായി; ഈ ചികിത്സ നടത്തുന്നതിന് ഉടമയ്ക്കും സ്ഥാപനത്തിനും മതിയായ യോഗ്യതയില്ലാതിരുന്നത് മറച്ചത് കണ്ടെത്തി ഉത്തരവ്; പത്തനംതിട്ട ഓർക്കിഡ് ബ്യൂട്ടി പാർലർ ഉടമ 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം വിധി
പത്തനംതിട്ട: കാതിലെ സുഷിരം അടയ്ക്കാൻ ചെന്ന വീട്ടമ്മയ്ക്ക് കാതിന്റെ ഒരു ഭാഗം തന്നെ നഷ്ടമായി എന്ന പരാതിയിൽ ബ്യൂട്ടിപാർലർ ഉടമ 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു.
ഓമല്ലൂർ മേലേക്കാട്ടു വീട്ടിൽ ഷൈലശ്രീ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഫയൽ ചെയ്ത ഹർജിയിൽ പത്തനംതിട്ട ഓർക്കിഡ് ബ്യൂട്ടിപാർലർ ഉടമയ്ക്ക് എതിരേയാണ് വിധി. 2016ൽ നടന്ന സംഭവമാണ് കോടതിയിലെ കേസിനാസ്പദമായത്.
കാതിലെ സുഷിരം അടപ്പിക്കുന്നതിനു വേണ്ടി ഷൈലശ്രീ ഓർക്കിഡ് ബ്യൂട്ടിപാർലറിൽ എത്തി. ഇത്തരം ചികിത്സ നടത്തുന്നതിന് ഉടമയ്ക്കും സ്ഥാപനത്തിനും മതിയായ യോഗ്യതയില്ലാതിരുന്നത് മറച്ചു വച്ച് നടത്തിയ ചികിത്സയിൽ ഷൈലശ്രീയുടെ കാതിന് അലർജി ഉണ്ടാകുകയും കമ്മലിടുന്ന ഭാഗം മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു.
ഈ സ്ഥാപത്തിൽ തന്നെ നാലു പ്രാവശ്യം ചികിത്സ തേടിയപ്പോഴും അമിതമായ രാസവസ്തുക്കൾ ചേർന്ന മരുന്ന് ഉപയോഗിച്ചതിനാൽ ആരോഗ്യത്തിനും സാരമായ പ്രശ്നങ്ങൾ ഉണ്ടായെന്നായിരുന്നു ഹർജി. ആറു മാസത്തോളം വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സ നടത്തുകയും ചെയ്തു.
ഇരുകൂട്ടരുടെയും വാദങ്ങളും തെളിവുകളും പരിശോധിച്ചതിൽ സേവനവീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ഫോറത്തിന് ബോധ്യമായി. മനുഷ്യജീവന് ഹാനീകരമായി മാറുന്ന മരുന്നുകൾ അനധികൃതമായി ഉപയോഗിച്ചത് ഗുരുതരമായ പിഴവാണെന്നും കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഷൈലശ്രീയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിലേക്കായി 2,000 രൂപയും നൽകാൻ ഫോറം വിധിച്ചു.
ഫോറം പ്രസിഡന്റ് ജോർജ് ബേബി (ബേബിച്ചൻ വെച്ചൂച്ചിറ), മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്