തിരുവനന്തപുരം: സാറെ ഞാൻ ഒരു പരാതി ഈ സ്റ്റേഷനിൽ തന്നിരുന്നു, പരാതി സ്വീകരിച്ചതല്ലാതെ മറ്റ് എന്തെങ്കിലും നടപടി എടുത്തോ എന്ന ചോദ്യവുമായി ഇനി പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങേണ്ട. നിങ്ങൾ സമർപ്പിച്ച പരാതിയുടെ മേൽ എടുക്കുന്ന നടപടികൾ ഇനി എസ്എംഎസ് ആയി ഫോണിലെത്തും. എസ്എച്ച്ഒയുടേയോ സ്‌റ്റേഷൻ റൈറ്ററുടേയോ ഫോണിൽ നിന്നായിരിക്കും ഈ വിവരങ്ങൾ ലഭിക്കുക. ഇത് അടിയന്തര പ്രാധാന്യം നൽകി നടപ്പിലാക്കണമെന്ന് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസ് ഫയലിൽ സ്വീകരിക്കുന്നത് മുതലുള്ള വിവരങ്ങൾ എസ്എംഎസ് അലർട്ടായി നൽകുന്നതിന് ഓട്ടോമാറ്റിക് സംവിധാനം നിലവിൽ വരും. അതുവരെ എസ്എച്ചഒമാരും റൈറ്റർമാരും ഈ ചുമതല വഹിക്കാൻ ആണ് ഉത്തരവ്

നിലവിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന പരാതിയുടെ മേൽ എന്ത നടപടിയാണ് എടുത്തത് എന്ന് പരാതിക്കാരന് അറിയാൻ മറ്റ് മാർഗങ്ങൾ ഇല്ല. ഇതേ തുടർന്നാണ് ഉത്തരവ്. പരാതിക്കാരന് അറിയാൻ അവകാശമുള്ള ഒന്നാണ് ഇത് എന്നതിനാലാണ് ഇങ്ങനെ ഒരു ഉത്തരവ്.പരാതി നൽകാൻ എത്തുന്നയാളുടെ മൊബൈൽനമ്പർ കൃത്യമായി എസ്എച്ച്ഒ അല്ലെങ്കിൽ സ്റ്റേഷൻ റൈറ്റർ വാങ്ങിയിരിക്കണം. കേസ് റെജിസ്റ്റർ ചെയ്ത് എഫ്‌ഐആർ ഇട്ട് കഴിഞ്ഞാൽ ഉടൻ തന്നെ എസ്എച്ച്ഒ അല്ലെങ്കിൽ റൈറ്ററുടെ ഔദ്യോഗിക ഫോൺ നമ്പറിൽ നിന്നും സന്ദേശം അയക്കണം. കേസിന്റെ ക്രൈം നമ്പർ, രജിസ്റ്റർ ചെയ്ത ദിവസം ആരുടെ പരാതി എന്ത് പരാതി എന്നിവ ഉൾപ്പെടുത്തിയായിരിക്കണം മെസ്സേജ് അയക്കേണ്ടത്.

കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരാതിക്കാരന്റെ മൊബൈൽ നമ്പർ വാങ്ങണം. നമ്പർ ഇല്ലാത്തയാളാണെങ്കിൽ അയാളുടെ ഏതെങ്കിലും അടുത്തയാളുടെ മൊബൈൽ നമ്പർ തീർച്ചയായും ശേഖരിച്ചിരിക്കണം എന്നും ഉത്തരവിൽ പറയുന്നു. കേസ് അന്വേഷിക്കാൻ ഉത്തവ് ആകുന്നതും പരാതിക്കാരനെ എസ്എംഎസ് മുഖേന അറിയിക്കണം. ഇന്ന ദിവസം താങ്കൾ സമർ്പിച്ച ഇന്ന പരാതിയിൽ എന്നതുൾപ്പടെ വിശദാംശങ്ങളും എസ്എംഎസിൽ ഉൾപ്പെടുത്തണം. പൊലീസും പരാതിക്കാരും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും പൊലീസ് കാര്യക്ഷമമായി കേസന്വേഷിക്കുന്നുവെന്ന കാര്യം പരാതിക്കാരനെ അറിയിക്കാനുമാണ് പദ്ധതി

പരാതിക്കാരന് ഇംഗ്ലഷിലോ മലയാളത്തിലോ ആയിരിക്കണം സന്ദേശം അയക്കാൻ. നവംബർ ഒന്ന് കേരളപ്പിറവി ദിനം മുതൽ ഇത് പ്രാബല്യത്തിൽ വരുത്താൻ ആണ് ഉത്തവര് ഇട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും പരാതിക്കാരനെ നിർബന്ധമായും വിവരമറിയിക്കണമെന്നും ഇക്കാര്യത്തിൽ പരാതിക്ക് ഇടവരുത്തരുതെന്നും ഉപേക്ഷ കാണിക്കുന്നതായി പരാതി ലഭിച്ചാൽ കൃത്യമായ നടപടികളുണ്ടാകുമെനന്ും ഡിജിപി ഓഫീസ് അറിയിച്ചു. ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പരാതിക്കാരന് കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും ഉൾപ്പടെയുള്ള വിവരങ്ങൾ കൈമാറുന്നതിനായി ഓട്ടോമാറ്റിക് സംവിധാനവും ഉടൻ തന്നെ നടപ്പിലാക്കും. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. എന്നാൽ ഓട്ടോമാറ്റിക് സംവിധാനം നടപ്പിലാവുന്നത് വരെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇക്കാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. പരാതിക്കാരന് എസ്എംഎസ് ആയി വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാനും സൗകര്യം ഒരുക്കും.