ന്യൂയോർക്ക്: ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും പയറ്റുന്ന കാലത്ത് പെരുമ്പാമ്പിനെ കമ്മലായി ചെവിയിൽ തിരുകിക്കയറ്റിയ അമേരിക്കൻ യുവതിക്ക് എട്ടിന്റെ പണി കിട്ടി. ചെവിക്കുഴയിൽ കുടുങ്ങി കടിക്കാൻ തുടങ്ങിയ പാമ്പിനെ നീക്കം ചെയ്യാൻ യുവതിക്ക് ആശുപത്രിയിലെത്തേണ്ടിവന്നു. പക്ഷേ പേടി കാരണം ഡോക്ടർമാർ ഇടപെടാൻ തയാറായില്ല. ഒടുക്കം യുവതിക്ക് തന്നത്താൻ പാമ്പിനെ പുറത്തെടുക്കേണ്ടിവന്നു.

യുഎസിലെ ഓറിഗോൺ സ്വദേശിനിയായ ആഷ്ലെ ഗ്ലോവാണ് ഇത്തരത്തിലൊരു പണി ഒപ്പിച്ചത്. താൻ 'ബാർട്ട്' എന്ന് പേരിട്ടു വളർത്തുന്ന പെരുമ്പാമ്പ് കുഞ്ഞിനെയാണ് ആഷ്ലെ കമ്മലിടുന്ന ദ്വാരത്തിലൂടെ കയറ്റിയത്. പാമ്പ് കാതിൽ കുടുങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ ആഷ്ലെ കുഴങ്ങി. ഇതിനിടെ പാമ്പ് കടിക്കാനും തുടങ്ങി. എന്തും വരട്ടെയെന്നോർത്ത് അവസാനം ആശുപത്രിയിൽ യുവതി അഭയം പ്രാപിക്കുകയായിരുന്നു.

ആഷ്‌ലെയുടെ ചുണ്ടിലും മൂക്കിലും ചെവിയുലമെല്ലാം ധാരാളം സ്റ്റഡുകൾ ഇട്ടിട്ടുണ്ട്. ഇതിനു പുറമേയാണ് പാമ്പിനെ ചെവിക്കുഴയിൽ തിരുക്കിക്കയറ്റിയത്. വെറുതേ ഒരു രസത്തിനുവേണ്ടിയാണ് ഈ പണി ചെയ്തതെങ്കിലും അവസാനം പാമ്പ് പണി കൊടുക്കുകയായിരുന്നു. ആഷ്‌ലെ ആശുപത്രിയിലെത്തിയെങ്കിലും ഭയം കാരണം ഡോക്ടർമാർ യുവതിയുടെ കാതിൽ തോടാൻ തയാറായില്ല.

ആശുപത്രിയിൽ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടർമാർ ആരും പുറത്തുവന്നില്ല. ഇതിനിടെ ആശുപത്രിയിൽ നിന്നുള്ള ഒരു സെൽഫിയും ആഷ്ലെ ഫേസ്‌ബുക്കിൽ പങ്കുവച്ചു. ഒടുവിൽ ഡോക്ടർമാരെത്തിയെങ്കിലും സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് യുവതിയെ പറഞ്ഞുവിടുകയായിരുന്നു. ആരും സഹായിക്കാതെ വന്നതോടെ സ്വന്തം പരിശ്രമത്തോടെ തന്നെ യുവതി പാമ്പിനെ പുറത്തെടുത്തു. ഫേസ്‌ബുക്കിലിട്ട ചിത്രത്തിന് സുഹൃത്തുക്കളുടെ വക ധാരാളം ചീത്തവിളിയും കിട്ടി. കാണുന്നവരെല്ലാം ഇവരുടെ സാഹസ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയുമായിരുന്നു.