ന്യൂഡൽഹി: ആത്മഹത്യ ചെയ്ത പെൺകുട്ടിയിലൂടെ രണ്ട്‌പേർക്ക് ലഭിച്ചത് പുതുജീവൻ. വൃക്കസംബന്ധമായി ചികിത്സയിൽ കഴിയുന്ന രണ്ട് പേരാണ് പത്തൊമ്പതുകാരിയിലൂടെ ജീവിതത്തിലേക്ക് തിരികെ കയറിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അധികൃതർ സന്നദ്ധരായതോടെയാണ് പെൺകുട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഡൽഹി സ്വദേശിനി ശകുന്തളയെ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടർന്ന് കീടനാശിനി കഴിക്കുകയായിരുന്നു, തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.

പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശകുന്തള. അവയവ ദാനത്തിനായ് പെൺകുട്ടിയുടെ രക്ഷിതാക്കളെ ആശുപത്രി അധികൃതർ സമീപിക്കുകയായിരുന്നു. വൃക്ക നൽകാൻ തയ്യാറായെങ്കിലും, വീട്ടുകാർ ഇപ്പോഴും ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ലെന്നു ഡോക്ടർ കൂട്ടിച്ചേർത്തു. വിഷം കഴിച്ച് മരിച്ചയാളിൽ നിന്നും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായ് നടന്നത് ലോകത്തിൽ തന്നെ ആദ്യമാണെന്ന് സഫ്ദർജങ്ങ് ആശുപത്രിയിലെ പ്രൊഫസറും നാഡീരോഗ വിദഗ്ധനുമായ ഡോ അനൂപ് കുമാർ പറഞ്ഞു.

മുപ്പത്തൊമ്പതുകാരിയാണ് വൃക്ക സ്വീകരിച്ചവരിൽ ഒരാൾ. സഫ്ദർജങ്ങ് ആശുപത്രിയിൽ വച്ച്് ശസ്ത്രക്രിയ വിജയകരമായ് നടന്നു. ' മൂന്ന് വർഷം മുമ്പ് വൃക്ക തകരാറായ ഇവർക്ക് അവയവം മാറ്റിവെക്കാതെ രണ്ട് വർഷത്തിൽ കൂടുതൽ ജീവൻ നിലനിർത്താൻ കഴിയില്ലായിരുന്നു,' ശകുന്തള അവരുടെ ജീവിതത്തിനു പുതുവെളിച്ചമാണ് നൽകിയതെന്ന് കുമാർ പറഞ്ഞു.

റാം മനോഹർ ആശുപത്രിയിൽ വച്ചാണ് രണ്ടാമത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മകളുടെ വേർപാടു വരുത്തിയ ഞെട്ടൽ പൂർണമായും മാറിയിട്ടില്ലെങ്കിലും മകളിലൂടെ രണ്ടുപേർക്ക് ജീവൻ തിരിച്ചു കിട്ടിയതോർത്ത് അഭിമാനമുണ്ടന്ന് ശകുന്തളയുടെ അച്ഛൻ പറഞ്ഞു. അവളെന്നും ക്ലാസ്സിൽ ഒന്നാമതായിരുന്നു. മകളെ ഓർത്ത് അഭിമാനിക്കുന്ന ഒരു ദിവസം വരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു, പക്ഷെ അതിനിടയിലാണ്് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത്. വൃക്ക മാറ്റിവെക്കൽ പ്രക്രിയ വേഗത്തിലാക്കാൻ പൊലീസ് സഹായിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ രണ്ട് ലക്ഷം പേർക്കാണ് അവയവദാനം ആവശ്യമായ് വരുന്നത്. എന്നാൽ 10% പേർക്ക് പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ ബന്ധുക്കളിൽ കുറച്ച് പേർ മാത്രമാണ് പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള ദുഃഖം മാറ്റിവെച്ച് അവയവദാനത്തിനു തയ്യാറാകുന്നത് എന്നതാണ് അതിന് കാരണമായി എടുത്തു പറയുന്നത്.