തിരുവനന്തപുരം: ടൈറ്റാനിയവുമായി ബന്ധപ്പെട്ട അഴിമതിയിൽ 'ഓർഗനൈസ്ഡ് ലൂട്ടിങ്' നടന്നുവെന്ന നിഗമനത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 2005ൽ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതിൽ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് നിരീക്ഷണങ്ങൾ. ബന്ധപ്പെട്ട കേസിൽ വിജിലൻസ് പരിശോധന തുടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികളാണ്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നേരിട്ടെത്തിയാണ് ഇന്ന് പരിശോധന നടത്തിയത്. അതിന് ശേഷമാണ് ഓർഗനൈസ്ഡ് ലൂട്ടിങ് എന്ന പദപ്രയോഗം അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയത്. കമ്പനിയിലെ മലിനീകരണ നിയന്ത്രണ പ്ലാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കേസിനെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.2011ലാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തത്. എന്നാൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനായിരുന്നു വിജിലൻസിന്റെ പരിശോധന. മെക്കോൺ എന്ന കമ്പനിയുമായി മലിനീകരണ നിയന്ത്രണ കരാറിൽ ഏർപ്പെട്ടതു വഴി 127 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

പരിശോധനയ്ക്ക് ശേഷം ട്രാാവൻകൂർ ടൈറ്റാനിയത്തിലെ അഴിമതിക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതികരിച്ചു. അന്വേഷണം നേരായ വഴിക്കെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ടൈറ്റാനിയത്തിലെ മുൻ ഉദ്യോഗസ്ഥനും വോളിബോൾ താരവുമായിരുന്ന സെബാസ്റ്റ്യൻ ജോർജ് അഴിമതി അക്കമിട്ട് നിരത്തി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന നടത്തിയത്. 2010 ൽ ഇറക്കുമതി ചെയ്തിട്ടും തുറക്കാത്ത കണ്ടെയ്നർ തുറന്ന് പരിശോധന നടത്തി. ടൈറ്റാനിയം പ്ളാന്റിലേക്കാവശ്യമായ യന്ത്രസാമഗ്രികളാണ് കണ്ടെയ്നറുകളിലുള്ളത്.

ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ സെബാസ്റ്റ്യൻ ജോർജാണ് ഈ അഴിമതി പുറത്തുകൊണ്ടു വന്നത്. പിന്നീട് ജോലി രാജിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായി. അതിന് ശേഷവും ഈ അഴിമതി സജീവമായി ചർച്ചയാക്കിയതും ഈ വോളിബോൾ താരമാണ്. ടൈറ്റാനിയം അഴിമതി തടയുന്നതിൽ മുൻ മുഖ്യമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കെണ്ടതുണ്ട്. പ്രതി പക്ഷ നേതാവ് ആയിരുന്നപ്പോൾ 31.8.2005 ൽ വി എസ് തന്നെ ടൈറ്റാനിയം പദ്ധതി അഴിമതി ആണെന്ന് പറഞ്ഞിരുന്നു . വിജിലൻസ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു . 6.6.2006 ൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ മന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദന് കത്ത് നൽകിയിരുന്നു . 10 വർഷം കഴിഞ്ഞു 6.6.2016 ൽ കോടികളുടെ അഴിമതി തടയുന്നതിൽ കുറ്റകരമായ അനാസ്ഥ കാട്ടിയ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യുവാൻ അനുവാദം ചോദിച്ചാണ് സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

തന്റെ പരാതിയിൽ 6.10.2006 ൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടുവെങ്കിലും അഴിമതിയുമായി മുൻപോട്ടു പോയി കോടികൾ തുലച്ചു . 10 വർഷം ആയിട്ടും കുറ്റ പത്രം ഇല്ല . വിജിലൻസ് ഡയറക്ടരുടെ അടുത്തും, വക്കീലന്മാരുടെ അടുത്തും ഒക്കെ ചോദിച്ചു. ടൈറ്റാനിയം ഇടപാടിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി കോടികൾ വിഴുങ്ങി എന്ന് ആരോപണം ഉന്നയിച്ചത് താൻ അല്ല. വി എസ്സും , പിണറായിയും , കോടിയേരിയും , എളമരം കരീമും ഉൾപ്പെടയുള്ള സി പി എം നേതാക്കന്മാരാണ് . ടൈറ്റാനിയം കേസിൽ ഉമ്മൻ ചാണ്ടി ഒന്നാം പ്രതി ആകേണ്ട ആളാണെന്നു പറഞ്ഞത് സാക്ഷാൽ പിണറായി വിജയനാണ്. ആരോപണം ഉന്നയിച്ച സി പി എം നേതാക്കന്മാർ ഒന്നും വിജിലൻസിന് മുൻപാകെ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകൾ നൽകിയിട്ടില്ലെന്നും സെബാസ്റ്റ്യൻ ജോർജ് പറയുന്നു.

തിരുവനന്തപുരത്തുള്ള ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു ഉണ്ടായ അഴിമതിയിൽ 200 കോടിയോളെ രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് . 1500 പേർക്ക് തൊഴിൽ നൽകിയിരുന്ന , അര നൂറ്റാണ്ടു കാലം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതു മേഖലാ സ്ഥാപനം ഇതോടെ തകർന്നു. 22 വർഷം ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു താൻ. ലോകായുക്തിലും , ഹൈക്കോടതിയിലും , വിജിലൻസ് കോടതിയിലുമായി കഴിഞ്ഞ 15 വർഷമായി ഈ അഴിമതിക്കെതിരെ പോരാടുന്നു. ഈ അഴിമതിയെ എതിർത്തതിന്റെ പേരിൽ 17 കൊല്ലം സർവീസ് ബാക്കി ഉണ്ടായിരുന്ന താൻ , 2002 നവംബറിൽ വോളന്ററി റിട്ടയർമെന്റും വാങ്ങി ജോലിയിൽ നിന്നും പിരിയേണ്ടി വന്നുവെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ സെബാസ്റ്റ്യൻ ജോർജ് വിശദീകരിക്കുന്നു.

1951 മുതലാണ് ടൈറ്റാനിയം കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 1500ൽപരം ജീവനക്കാരാരുണ്ടായിരുന്നു.എന്നാൽ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരിലെ അഴിമതി കമ്പനിയെ തകർക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചത്. മാലിന്യ നിവാരണത്തിനായി ദാമോദരൻ കമ്മറ്റി നിർദ്ദേശിച്ചവയിൽ നിന്നും ഏറ്റവും പ്രായോഗികവും ലാഭകരവുമായ പദ്ധതിയായ പൈപ്പ് ലൈൻ മോഡൽ ഒഴിവാക്കിയതും. അതൊഴിവാക്കുന്നതിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചതുമൊക്കെ അഴിമതിക്കുള്ള മുന്നൊരുക്കമായും അതിലെ ഇരു മുന്നണികളുടേയും പങ്കിനേയും സൂചിപ്പിക്കുന്നതായും ആരോപണം ഉയർന്നിരുന്നു

ഉൽപ്പാദന പ്രക്രിയയിൽ സൽഫ്യൂരിക്ക് ആസിഡ് പുറത്തേക്കൊഴുക്കേണ്ടതുണ്ട്. കമ്പനി പ്രവർത്തനമാരംഭിച്ചതു മുതൽ സമീപത്തേക്കുള്ള കടലിലേക്കാണ് ഇതൊഴുക്കിയിരുന്നത്. നാളിതുവരെ അതുകാരണം ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മാരക രോഗമോ മരണമോ സംഭവിച്ചതായി പരാതിയും ഇല്ലായിരുന്നു. എന്നാൽ സമീപത്തെ വീടുകളിലെ കിണറുകളിൽ ആസിഡിന്റെ അംസം കണ്ടത്തിയതായും കടൽതീരത്ത് ചില ഭാഗങ്ങളിൽ തവിട്ട് നിറം കാണപ്പെട്ടതായും പറഞ്ഞാണ് മലിനീകരണ നിവാരണ പദ്ധതി എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്. നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി അപ്രായോഗികമാണെന്ന് പറഞ്ഞതിന്റെ പേരിൽ തനിക്ക് ജോലിയിൽ നിന്നും പിരിഞ്ഞു പോകേണ്ട അവസ്ഥ വന്നതായും സെബാസ്റ്റ്യൻ ജോർജ് പറയുന്നു. പദ്ധതി നടപ്പാക്കരുതെന്ന ലോകായുക്ത വിധി 2001ൽ താൻ നേടിയതാണെന്നും എന്നാൽ ഹൈക്കോടതിയെ സ്വാധീനിച്ച് 2003ൽ വീണ്ടും പദ്ധതി കമ്പനിയുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാക്കരുതെന്നാവിശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചപ്പോൾ ഇടത് വലത് ട്രേഡ് യൂണിയൻ നേതാക്കൾ നേരിട്ട് 2004ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്ന ആവശ്യപ്പെടുകയും തുടർന്ന അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഉത്തരവിൽ അഴിമതിയുണ്ടെന്നാരോപിച്ച് അന്നതെ പ്രതിപക്ഷ നേതാവ് വി എസ് വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വി എസ് മുഖ്യ മന്ത്രിയായ ശേഷം താൻ പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ച് 10 വർഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രവും സമർപ്പിച്ചിട്ടില്ല. വി എസ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് പദ്ധതി നടപ്പിലാക്കുന്നതിനായി കെമോട്ടോ ഇക്കോ പ്ലാനിങ് എന്ന കമ്പനി യന്ത്ര സാമഗിരികളും മറ്റും ഇറക്കുമതിചെയ്തത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഴിമതി ആരോപണം ഉന്നയിച്ച വി എസ് മുഖ്യനായ ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ വേഗത്തിലാക്കത്തതെന്നും സെബാസ്റ്റ്യൻ ജോർജ് ചോദിക്കുന്നു.

ആ ആരോപണങ്ങളെല്ലാം ജേക്കബ് തോമസ് പരിശോധിക്കും. വ്യാപക ക്രമക്കേടിന്റെ സൂചനകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഫയലുകൾ മുഴുവൻ പരിശോധിച്ച ശേഷമേ എഫ് ഐ ആറിൽ ആരെയൊക്കെ പ്രതിചേർക്കണമെന്ന് വിജിലൻസ് തീരുമാനിക്കൂ.