ർമ്മയുണ്ടോ, ഈ മുഖം...ഒരുകാലത്തെ കിടിലംകൊള്ളിച്ച സുരേഷ്‌ഗോപിയുടെ തകർപ്പൻ ഡയലോഗുകളിലൊന്നാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ കാലഘട്ടത്തെയും സ്വാധീനിച്ച പഞ്ച് ഡയലോഗുകളെറിച്ച് ടൈം മാഗസിനൊക്കെ പൊതുജനങ്ങളുടെ ഇടയിൽ സർവേ നടത്താറുണ്ട്. കേരളത്തിൽ അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ആദ്യത്തെ അഞ്ചു ഡയലോഗുകളിൽ വരുന്ന ഒന്നാകുമായിരുന്നു ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ വായിൽനിന്ന് വീണ ഈ കമേർഷ്യൽ ക്‌ളാസ്‌ക്ക് സാധനം. സുരേഷ് ഗോപി ഫീൽഡ്ഔട്ടായി നിൽക്കുന്ന കാലത്തും രഞ്ജിപ്പണിക്കറുടെ ഈ എരിപൊരി ഡയലോഗ് മിമിക്രിക്കാർ വഴി നഴ്‌സറികുട്ടികുളുടെ ഇടയിൽപ്പോലും പ്രശസ്തമായിരുന്നു. പക്ഷേ അതേ പേരിൽ യുവ നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസൻ നായകനായി പുതുമുഖം അൻവർ സാദിഖ് സംവിധാനം ചെയ്ത സിനിമ കണ്ടാൽ സുരേഷ് ഗോപിയുടെ മറ്റൊരു ഡയലോഗ് ഓർത്തുപോവും. 'ഫ പുല്ലേ' ന്ന്. അത്രക്ക് അരോചകവും അസഹനീയവുമായ കെട്ടുകാഴ്ചയാണ് 'ഓർമ്മയുണ്ടോ ഈ മുഖം'.

പൊട്ടക്കഥ, ബോറൻ തിരക്കഥ

ഐസ് കട്ടക്ക് പെയിന്റടിക്കുക എന്ന് മലബാറുകാർ പറയുന്ന വൃഥാവ്യായാമമാണ് ഈ ചിത്രം. ഈ പൊട്ടക്കഥ സീറ്റീവൻ സ്പിൽബർഗ് സംവിധാനിച്ചാലും ഇത്രയൊക്കെയേ വരൂ. അൻവർ സാദിഖ് പറഞ്ഞ ഈ കഥ കേട്ടയുടനെ ഡേറ്റുകൊടുക്കാതെ, അളിയാ വെറതെ ഒരു നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കാതെ അൽപ്പമെങ്കിലും കഴമ്പുള്ള എന്തെിങ്കിലും എഴുതിക്കൊണ്ടുവാ എന്ന് പറയാതിരുന്നതാണ് വിനീത് ശ്രീനിവാസൻ ചെയ്ത സാംസ്‌ക്കാരിക കുറ്റകൃത്യം. ( വിനീതിന്റെ പിതാവ് ശ്രീനിവാസൻ പറയാറ്, താൻ ചെയ്യാതെപോയ ചിത്രങ്ങളാണ് മലയാള സിനിമക്കുള്ള തന്റെ ഏറ്റവും വലിയ സംഭാവനയെന്നാണ്.)

ഓർമ്മയുണ്ടോ, ഈ മുഖം എന്നപേര് അന്വർഥമാക്കുന്ന രീതിയിൽ ഓർമയും മറവിയും തന്നെയാണ് സിനിമയുടെ പ്രധാന കഥാപരിസരം. ഒരു ആക്‌സിഡന്റിൽപെട്ട് കഥയിലെ നായിക നമിതാ പ്രമോദിന് ( ചിത്രത്തിന്റെ 'വശ്യത'കാരണം കഥാപാത്രത്തിന്റെ പേരുപോലും മറന്നുപോയി) പ്രത്യേക മോഡലിലുള്ള മറവിരോഗം വരുന്നതിൽ തുടങ്ങുകയാണ് ഈ അസംബന്ധ നാടകങ്ങൾ. അപകടത്തിനുശേഷം ഒരു ദിവസത്തെ ഓർമ്മമാത്രമേ നമിതക്കുണ്ടാവൂ. അതായത് രാത്രി ഉറങ്ങി എണീറ്റാൽ അവളുടെ മനസ്സിൽനിന്ന് തലേന്നത്തെ കാര്യങ്ങൾ മാഞ്ഞുപോവും. 'തന്മാത്രയിലും', 'ഗജിനിയിലടക്കം' നാം പലതരത്തിലുള്ള മറവിബാധകൾ കണ്ടെങ്കിലും അതിനൊക്കെ അൽപ്പം ശാസ്ത്രീയതയുണ്ടായിരുന്നു. ഇത് വല്ലാത്തൊരു പടപ്പായിപ്പോയി. മണലിൽ ചിത്രംവരക്കുന്ന സാൻഡ് ആർട്ടിസ്റ്റായ അവളുടെ ജീവിതത്തിലേക്ക്, പ്രതിശ്രുത കോടീശ്വരനായ, പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ മടിയനായ, വിനീത് ശ്രീനിവാസന്റെ കഥാപാത്രം എത്തുതോടെയാണ് ചിത്രം ചൂടുപിടിക്കുന്നത്. ഓർമ്മയും ബുദ്ധിശക്തിക്കുമുള്ള ആയുർവേദ ടാബ്ലറ്റുകൾ വിൽക്കുന്ന വലിയൊരു കമ്പനിയുടെ എം.ഡിയുടെ മകനായ വിനീതിന്റെ കഥാപാത്രം വലിയ മറവിക്കാരൻ കൂടിയാണ്. ഈ തുടക്കം കാണുമ്പോൾ ശ്രീനിവാസന്റെ പഴയ ചിത്രങ്ങളെപ്പോലെ, ശക്തമായ സാമൂഹിക വിമർശനമുള്ള സിനിമയാണിതെന്ന് നാം കരുതിപ്പോകും. കഷണ്ടിക്കും, വെളുക്കാനും, ബുദ്ധിവർധിക്കാനുമൊക്കെ ഗുളികകഴിച്ച് തുലയുന്നവരാണെല്ലോ മലയാളികൾ. ആഷിക് അബുവിന്റ 'ടാ തടിയാ' പോലെ മലയാളികളുടെ അപകർഷതാബോധം മുതലെടുത്ത് വളരുന്ന തട്ടിപ്പ് കമ്പനികളെ പരിഹസിക്കുന്ന സിനിമയാക്കി വികസിപ്പിക്കാനുള്ള പ്‌ളോട്ട് ഇതിലുണ്ടായിരുന്നെിലും കഥാകൃത്ത് കൂടിയായ സംവിധായകൻ അതൊന്നും മുതലെടുത്തില്ല. മാത്രമല്ല, ഇത്തരം തട്ടിക്കൂട്ട് കമ്പനികളെ, അമേരിക്കയിൽപോലും മാർക്കറ്റുണ്ടെന്ന് കാണിച്ച് ന്യായീകരിക്കയും ചെയ്യുന്നുണ്ട്. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഇത്തരം പൊട്ട ഗുളികളുമായി അമേരിക്കയിലേക്ക് ചെന്നാൽ മതി. വിവര മറിയും!

അമ്മ നിശ്ചയിച്ച കല്യാണത്തിൽനിന്ന് രക്ഷപ്പെടാൻ നമ്മുടെ നായകൻ കണ്ടത്തെുന്ന വഴി തനിക്കും ഒരു കാമുകിയുണ്ടെന്ന് അവതരിപ്പിക്കലാണ്. അതിനായി അയാൾ പരതി നടക്കുമ്പോഴാണ് യാദൃശ്ചികമായി നമിതയെ കാണുന്നത്. പക്ഷേ ഒരു ദിവസത്തെ സൗഹൃദം അവൾ അടുത്ത ദിവസം മറന്നുപോവുമല്ലോ. അതിനാൽ കഷ്ടപ്പെട്ട് പ്രേമിച്ച് ഒരുമറവി രോഗത്തിനും വിട്ടുകൊടുക്കാതെ അവളുടെ ഓർമ്മയിൽ കയറിക്കൂടാനായി വിനീത് നടത്തുന്ന കോപ്രായങ്ങളാണ് സിനിമയിലുടനീളം. സമയവും സന്ദർഭവും നോക്കാതെ 'ആ....ബാ...' എന്നൊക്കെ പറഞ്ഞ് കഴുതരാഗത്തിൽ കുറെഗാനങ്ങളുമുണ്ട്. പ്രേക്ഷകർക്ക് വെള്ളം കുടിക്കാനും ടോയ്‌ലറ്റിൽപോവാനും ഒന്നാന്തരം അവസരം. അവസാനമത്തെുമ്പോഴേക്ക് ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടാൽ മതിയെന്ന ഗതിവരുന്നു. ന്യൂജൻ സിനിമയുടെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ. സിനിമയുടെ പ്രമേയ പരിസരമാണ് ഏറ്റവും അപലപനീയം. കേരളത്തിലാണ് ഈ കഥ നടക്കുന്നതെന്ന് തോനുന്നുപോലുമില്ല. കൊട്ടാര സമാനമായ വീടുകൾ, ആഡംബരകാറുകൾ, വൻകിട മാളുകൾ, ഹൈട്ടക്ക് ആശുപത്രികൾ എന്നിവടങ്ങളിലാണ് കാമറ ഭൂരിഭാഗം സമയവും ചുറ്റിക്കറങ്ങുന്നത്. എല്ലാവരുംസമ്പന്നർ; ഒപ്പം സുന്ദരികളും സുന്ദരന്മാരും.വിയർപ്പുമണക്കുന്നവനെ ഈ സിനിമയിൽ നിരോധിച്ചിരിക്കുന്നു എന്ന അപ്രഖ്യപിത ബോർഡ് എവിടെയോ തൂങ്ങിക്കിടക്കുന്നതുപോലെ!

അരോചകവേഷവും ഭാവുമായി വിനീത്; സുന്ദരിയായിരിക്കുക എന്ന ഒറ്റ ദൗത്യവുമായി നമിത

വിനീത് ശ്രീനിവാസന്റെ കാസ്റ്റിങ്ങ്തന്നെയാണ് ഈ സിനിമയിൽ ഏറ്റവും പരാജയം. മീശവടിച്ച്, കോലാടിനെപ്പോലെ താടിവച്ച് ആ രൂപത്തിൽ മോഡേൺ ഫാഷൻ ഡ്രസ്സുകൾ കുത്തിക്കയറ്റിയ വസ്ത്രാലങ്കാര വിദ്ഗധനെ അനുമോദിക്കണം. 'ചാപ്പാക്കുരിശിലെ' അൻസാരിയുടെ അതേമുഖഭാവത്തോടെ ഈ സിനിമയുടെ കാൽപ്പിക ഭാവങ്ങളിലേക്ക് വരികയാണ് വിനീത്.പലേടത്തും പിതാവ് ശ്രീനിവാസനെ വികൃതമായി അനുകരിക്കയാണ്. എന്നാൽ ശ്രീനിയുടെ നർമ്മം എവിടെയും വരുന്നുമില്ല. ഈ സിനിമയിൽ വിനീത് കരയുന്നതുകണ്ടാൽ ചിരിക്കയാണെന്ന് തോന്നും; ചിരിക്കുന്നതു കണ്ടാൽ കരയുകയാണെന്നും. മോശമില്ലാത്ത സംവിധായകനും ഒന്നാന്തരം ഗായകനുമായ വിനീതിന് അഭിനയം അത്രപറ്റിയ തൊഴിലല്‌ളെന്ന് ഈ ചിത്രവും അടിവരയിടുന്നു. വിനീതിനെ ഇത്രക്ക് വിമർശിക്കാൻ കാരണം അയാളുടെ മുഖംകണ്ടാണ് ജനം സിനിമക്ക് കയറുന്നത് എന്നതുകൊണ്ടാണ്. പിതാവ് ശ്രീനിവാസനെപ്പോലെ, മിനിമം ഗ്യാരണ്ടിയുടെ ഒരു സുരക്ഷിതത്വബോധം വിനീതിന്റെ ചിത്രം കാണുമ്പോഴുണ്ടായിരുന്നു. ഇതോടെ അത് കളഞ്ഞു കുളിച്ചു.

നന്നായി മേക്കപ്പിട്ട് സുന്ദരിയായിരിക്കയാണ് നല്ല അഭിനയമെന്ന തെറ്റിദ്ധാരണയിലാണ് ഇതിലെ നായികയായ നമിത പ്രമോദ്. ഈ യുവനടിയുടെ വിവിധ കോസ്റ്റ്യൂമിലുള്ള കുറെ സുന്ദര ഫോട്ടോകൾ പ്രേക്ഷകർക്ക് നേരത്തെ കൊടുത്തിരുന്നെങ്കിൽ സിനിമയിലെ അവരുടെ ഭാഗങ്ങൾവരുമ്പോൾ ഉറങ്ങാമായിരുന്നു.തമ്മിൽ ഭേദമായത് അജുവർഗീസാണ്. അജുവിന്റെ ചില നമ്പറുകളാണ് താങ്ങാനാവാത്ത ബോറടികൾക്കിടയിലും ചിലപ്പോഴൊക്കെ സിനിമയെ ആസ്വാദ്യമാക്കുന്നത്. സുരാജിനെയും ഷാജോണിൻെയും വെട്ടിച്ചുകൊണ്ട് ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള ഹാസ്യനനടനായി അജു വളർന്നിരക്കയാണ്. നമിതയുടെ സഹോദരിയായിവന്ന സൗമ്യ സദാനന്ദനാണ് ഈ ചിത്രത്തിൽ വേറിട്ടുനിൽക്കുന്നത്. ബോയ്കട്ടുമായത്തെിയ പൊടിക്കുപ്പിപോലുള്ള ഈ കുട്ടിയും അജുവും ചേർന്നുണ്ടാകന്ന നർമ്മം ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിന്നുണ്ട്.
പക്ഷേ ഈ ചിത്രത്തിന്റെ എറ്റവും പ്‌ളസ്‌പോയിന്റ് ജിത്തു ദാമോദറിന്റെ കാമറയാണ്. ദൃശ്യങ്ങളുടെ മനോഹാരിത നോക്കുമ്പോൾ സംവിധായകൻ അൻവർ സാദിഖിനും അഭിമാനിക്കാം. നല്‌ളൊരു കഥ കിട്ടിയാൽ തകർക്കാനുള്ള മരുന്ന് ഇയാളുടെ കൈവശമുണ്ടെന്ന് ചുരുക്കം.

വാൽക്കഷ്ണം: ട്രെയിലർ കണ്ട് ചിത്രം നന്നാവുമെന്ന മൂൻവിധി പാടില്ലെന്ന് ഈ ചിത്രം ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. ഫിലം ഫെസ്റ്റിവൽ സിനിമകളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മനോഹരമായി ട്രെയിലറും, ടീസറുമൊക്കെയായിരുന്നു ഈ വികൃതമുഖത്തിനും. നാടൻ ഭാഷയിൽ പറഞ്ഞാൽ അനിയത്തിയെകാട്ടി ചേട്ടത്തിയെ കെട്ടിക്കുന്നപോലൊരു പരിപാടിയായിപ്പോയി ഇത്.