- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരശ്ശീലയ്ക്കു തീപിടിക്കുമ്പോൾ
കലാത്മകതയുടെ കാര്യത്തിൽ സിനിമയ്ക്കുള്ള മൗലികത എന്നും തർക്കവിഷയമാണ്. ചിത്രകലയിൽ നിന്ന് ഫോട്ടോഗ്രാഫിയിൽ നിന്ന് ദ്യശ്യപരതയും സാഹിത്യത്തിൽ നിന്ന് കഥാത്മകതയും കാല്പനിക കവിതയിൽ നിന്ന് ഗാനാത്മകതയും നാടകത്തിൽ നിന്ന് അഭിനയവും സംഭാഷണവും സംവിധാനവും സിനിമ കടം കൊണ്ടു എന്നു പറയാറുണ്ട്. മുൻപുണ്ടായിരുന്ന മുഴുവൻ കലകളെയും ഉൾക്കൊള്ളുകയായിരുന്നു, സിനിമ എന്ന് മാർഷൽ മക്‌ലൂഹൻ. അതേ സമയം തന്നെ സിനിമ മൗലികവും സ്വതന്ത്രവുമായ കലയാണെന്ന വാദവും പ്രബലമാണ്. സ്ഥലം, കാലം തുടങ്ങിയവയുടെ ആവിഷ്‌കാരത്തിൽ, ചലനചിത്രം എന്നനിലയിൽ, ദ്യശ്യവത്കരണത്തിന്റെ തോതിൽ, എഡിറ്റിംഗിന്റെ കലയിൽ, യന്ത്രകല എന്നരീതിയിൽ ഒക്കെ സിനിമ അതിന്റെ ഭാവനാ തലം മുതൽ സാക്ഷാത്കാര തലം വരെ ഓരോന്നിലും മുൻകാല കലകളിൽ നിന്നും ഭിന്നമാണെന്ന് ഇവർ വാദിക്കുന്നു. എന്തായാലും മനുഷ്യചരിത്രത്തിലെ ഏറ്റവും കാലപ്പഴക്കം കുറഞ്ഞ ഈ കല തന്നെയാണ് ഏറ്റവും ജനപ്രിയമായ കലയും. ചലച്ചിത്ര പഠനങ്ങൾ, ചലച്ചിത്രങ്ങൾക്കൊപ്പം തന്നെ പിറവിയെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിലുടനീളം അക്കാദമിക, സൗന്ദര്യാത്മക ആസ
കലാത്മകതയുടെ കാര്യത്തിൽ സിനിമയ്ക്കുള്ള മൗലികത എന്നും തർക്കവിഷയമാണ്. ചിത്രകലയിൽ നിന്ന് ഫോട്ടോഗ്രാഫിയിൽ നിന്ന് ദ്യശ്യപരതയും സാഹിത്യത്തിൽ നിന്ന് കഥാത്മകതയും കാല്പനിക കവിതയിൽ നിന്ന് ഗാനാത്മകതയും നാടകത്തിൽ നിന്ന് അഭിനയവും സംഭാഷണവും സംവിധാനവും സിനിമ കടം കൊണ്ടു എന്നു പറയാറുണ്ട്. മുൻപുണ്ടായിരുന്ന മുഴുവൻ കലകളെയും ഉൾക്കൊള്ളുകയായിരുന്നു, സിനിമ എന്ന് മാർഷൽ മക്‌ലൂഹൻ. അതേ സമയം തന്നെ സിനിമ മൗലികവും സ്വതന്ത്രവുമായ കലയാണെന്ന വാദവും പ്രബലമാണ്. സ്ഥലം, കാലം തുടങ്ങിയവയുടെ ആവിഷ്‌കാരത്തിൽ, ചലനചിത്രം എന്നനിലയിൽ, ദ്യശ്യവത്കരണത്തിന്റെ തോതിൽ, എഡിറ്റിംഗിന്റെ കലയിൽ, യന്ത്രകല എന്നരീതിയിൽ ഒക്കെ സിനിമ അതിന്റെ ഭാവനാ തലം മുതൽ സാക്ഷാത്കാര തലം വരെ ഓരോന്നിലും മുൻകാല കലകളിൽ നിന്നും ഭിന്നമാണെന്ന് ഇവർ വാദിക്കുന്നു. എന്തായാലും മനുഷ്യചരിത്രത്തിലെ ഏറ്റവും കാലപ്പഴക്കം കുറഞ്ഞ ഈ കല തന്നെയാണ് ഏറ്റവും ജനപ്രിയമായ കലയും.
ചലച്ചിത്ര പഠനങ്ങൾ, ചലച്ചിത്രങ്ങൾക്കൊപ്പം തന്നെ പിറവിയെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിലുടനീളം അക്കാദമിക, സൗന്ദര്യാത്മക ആസ്വാദന മണ്ഡലങ്ങളിൽ വലിയ പ്രചാരം നേടുകയും ചെയ്ത ഒന്നാണ്. കലാപഠനങ്ങളുടെയും മാധ്യമപഠനങ്ങളുടെയും മുഴുവൻ സാധ്യതകളും ചലച്ചിത്ര പഠനങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട് ഇക്കാലമത്രയും. ഭാഷാശാസ്ത്രം മുതൽ മന:ശാസ്ത്രം വരെ ; ചിഹ്നവിജ്ഞാനീയം മുതൽ പ്രത്യയശാസ്ത്രപഠനം വരെ; വരേണ്യത മുതൽ ജനപ്രിയത്വം വരെ; സംവിധായകത്വം മുതൽ താരമൂല്യം വരെ; സാങ്കേതികത മുതൽ സമ്പദ്ഘടന വരെ; അന്തർപാഠപരത മുതൽ ചരിത്രാത്മകത വരെ - ചലച്ചിത്ര പഠനങ്ങളുടെ അക്കാദമിക മണ്ഡലം അതിവിപുലമാണ്. സൗന്ദര്യ വിശകലനത്തിലൂടെ സിനിമയെക്കുറിച്ചെഴുതുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതികളും സമാനമായിത്തന്നെ പ്രചാരത്തിലുണ്ട്. ഈ രണ്ടു രീതികളെയും കൂട്ടിയിണക്കുന്ന കൗതുകകരമായൊരു ശ്രമമാണ് ബിപിൻ ചന്ദ്രന്റെ 'ഓർമ്മയുണ്ടോ ഈ മുഖം?'. മലയാള സിനിമയിലെ ജനപ്രീതി നേടിയ ചില സംഭാഷണങ്ങളുടെ കലയും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന ആദ്യ ശ്രമമാണ് ഈ പുസ്തകം. മലയാളി മറക്കാത്ത സിനിമ ഡയലോഗുകളുടെ ഒരവലോകനം.
വാക്കുകളുടെ ഭാവനിർമ്മാണ ശേഷി സ്വയം രൂപപ്പെടുന്നതല്ല. ശരീരത്തിന്റെ സാന്നിധ്യം കൊണ്ടോ മറ്റു വാക്കുകളോടുള്ള സംഘർഷം കൊണ്ടോ മാത്രം സാധ്യമാകുന്നതാണ്. ചിലപ്പോൾ ഒറ്റവാക്കാകാം. 'യൂ ടൂ ബ്രൂട്ടസ്' പോലെ. ചിലപ്പോൾ നെടുങ്കൻ പ്രസംഗമാകാം. നർമവും നാടകീയതയും സംഘർഷാത്മകതയും അധികാരവും ഹിംസയും പ്രണയവും വാക്കുകളിൽ സംഭരിക്കുന്ന സാഹിത്യ ഭാവന മുതൽ വാക്കും ശരീരവും തമ്മിലിണക്കി കൊടുങ്കാറ്റു സൃഷ്ടിക്കുന്ന നാടകവും പ്രഭാഷണവും വരെയുള്ളവയിൽ നിന്ന് സിനിമ കണ്ടെടുത്ത സംഭാഷണത്തിന്റെ കല മലയാളത്തിനും അപരിചിതമല്ല. മികച്ച തിരക്കഥാകൃത്തെന്നാൽ മികച്ച സംഭാഷണ രചയിതാവാണ് എന്ന ധാരണ പോലും മിക്കവർക്കുമുണ്ട്. സിനിമയുടെ സൗന്ദര്യവും ഭാവാത്മകതയും ജനപ്രിയതയും അഭിനയശേഷിയും, നാടകീയമായവതരിക്കപ്പെടുന്ന സംഭാഷണങ്ങളെക്കൂടി കേന്ദ്രീകരിച്ചു നിലനിൽക്കുന്നതാണെന്ന പൊതുബോധവും നമുക്കുണ്ട്. ഈ ജനപ്രിയ ചലച്ചിത്ര ധാരണകളെ ഒരളവോളം ശരിവയ്ക്കുന്നു,'ഓർമ്മയുണ്ടോ ഈ മുഖം?'
കലാസിനിമ- കച്ചവടസിനിമ എന്ന വിഭജനം മറികടന്നും 1964 ലിറങ്ങിയ 'ഭാർഗവീനിലയം' മുതൽ ഇന്നോളമുള്ള സിനിമകൾ പരിഗണിച്ചും നടത്തപ്പെടുന്ന ഈ അന്വേഷണം അടിസ്ഥാനപരമായി തെളിയിക്കുന്ന ചില വസ്തുതകളുണ്ട്. സിനിമ ഒരു രാഷ്ട്രീയ കലയായിരിക്കുമ്പോൾ തന്നെ വിനോദകലയുമാണ്. നിശബ്ദതക്കു ചില സാധ്യതകളുള്ളപ്പോഴും കഥാപാത്രകേന്ദ്രിതവും സന്ദർഭോചിതവും സംഘർഷാത്മകവും നാടകീയവുമൊക്കെയായ സംഭാഷണങ്ങൾക്കു സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അഥവാ സാഹിതീയമോ നാടകീയമോ ദ്യശ്യാത്മകമോ ആയ സംഭാഷണങ്ങൾ ഏതു ഭാവസന്ദർഭത്തെയും ജനപ്രിയമാക്കാനുള്ള വഴികളിലൊന്നാണ്.
അതേസമയം തന്നെ, ഏതാണ്ട് സമ്പൂർണമായും ഒരു പുരുഷാധീശ ലോകമാണ് സിനിമയില സംഭാഷണങ്ങളും. മലയാളത്തിലെ ജനപ്രീതി നേടിയ എഴുപത്തിരണ്ടു സിനിമകളിലെ സംഭാഷണ സന്ദർഭങ്ങൾ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ വെറും രണ്ടു സംഭാഷണം മാത്രമാണ് സ്ത്രീകളുടേത്. അവ തന്നെയും കഥാഗതിയിൽ വലിയ പ്രാധാന്യമൊന്നുമില്ലാത്തവയും. റോളുകൾ എന്നതുപോലെ സംഭാഷണങ്ങളും പുരുഷനു വേണ്ടി മാത്രമാണ് ജനപ്രിയ സിനിമ ആലോചിക്കുന്നത്.
സാഹിതീയ സിനിമകളിലല്ല, സ്വതന്ത്ര തിരക്കഥകളിലാണ് 'സിനിമാറ്റിക്' എന്നു വിളിക്കാവുന്ന സംഭാഷണ- സന്ദർഭങ്ങൾ ജനപ്രിയമാകുന്നതെന്നും ഈ പുസ്തകം തെളിയിക്കുന്നുണ്ട്. എം ടി, പത്മരാജൻ, എസ്.എൽ. പുരം, ജോൺപോൾ, ശ്യാമപ്രസാദ് തുടങ്ങിയവരുടെ സിനിമകൾ എത്രയും കുറവാണ് ഈ വിഭാഗത്തിൽ. അടൂർ തന്നെയും ഒരിടത്തേയുള്ളു കെ.ജി ജോർജും അരവിന്ദനും ലെനിനും മറ്റും ഇല്ല തന്നെ. അതേസമയം, ശ്രീനിവാസൻ, സിദ്ദിഖ് ലാൽ, രഞ്ജിത്ത്, രൺജി പണിക്കർ എന്നിവർ തൊട്ട് ശ്യാം പുഷ്‌കരൻ വരെയുള്ളവരുടെ നിരവധി സിനിമകൾ ഇവിടെയുണ്ട്. 1980 കളിലാരംഭിക്കുന്ന മലയാളത്തിലെ പുതിയ ഒരു ചലച്ചിത്ര ശൈലിയായിരുന്നു 'സാഹിതീയ' തിരക്കഥകളിൽ നിന്നു ഭിന്നമായ ഒരു ജനപ്രിയ ദ്യശ്യഭാവുകത്വത്തിനു രൂപം കൊടുത്തത്. ഫാസിൽ, പ്രിയദർശൻ തുടങ്ങിയ സംവിധായകരും ശ്രീനിവാസനെപ്പോലുള്ള തിരക്കഥാക്യത്തുകളുമായിരുന്നു ഇതിനു പിന്നിൽ. 1970 കളിലാരംഭിച്ച അടൂർ- അരവിന്ദൻ- കുമാരൻ- ജോർജ് നിരയുടെ തിരക്കഥകൾ സൃഷ്ടിച്ച നവതരംഗ ശൈലികളിൽ നിന്നും 1980 കൾ വരെ മേൽക്കോയ്മയുണ്ടായിരുന്ന 'ശുദ്ധ സാഹിത്യ' തിരക്കഥകളിൽ നിന്നും 1980 കളിലും ജനപ്രിയമായിരുന്ന എം ടി- ജോൺപോൾ രചനകളിൽ നിന്നും ഭിന്നമായ ഒന്നായിരുന്നു, ഈ ഭാവുകത്വം. മുഖ്യമായും ഇതിന്റെ തുടർച്ചയാണ് മലയാളത്തിലെ 'സിനിമാറ്റിക്' തിരക്കഥകൾ എന്നു പറയാം. എന്നു വച്ചാൽ 'സാഹിതീയ' തിരക്കഥകളിൽ നിന്നും സാഹിത്യവിരുദ്ധമായ 'നവതരംഗ' തിരക്കഥകളിൽ നിന്നും ഭിന്നമായി മധ്യവർത്തി 'സിനിമാറ്റിക്' തിരക്കഥകളുടെയും സംഭാഷണങ്ങളുടെയും ധാരയാണ് മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ ചലച്ചിത്ര സംഭാഷണങ്ങൾക്കു രൂപം കൊടുത്തത് എന്നർത്ഥം. രാഷ്ട്രീയ വിമർശനം, ഹാസ്യം, നാടകീയ സംഘർഷം, ആക്ഷൻ ത്രില്ലർ എന്നീ സന്ദർഭങ്ങളെയൊക്കെ ഭാവാത്മകമായി പൊലിപ്പിച്ചെടുക്കുന്ന സംഭാഷണങ്ങളുടെ ഈ സമാഹരണം തെളിയിക്കുന്ന പ്രധാന വസ്തുതകൾ ഇവ മൂന്നുമാണ്.
ഉറൂബിൽ (1954നീലക്കുയിൽ) തുടങ്ങി ശ്യാം പുഷ്‌കരനിലെത്തി നിൽക്കുന്നതാണ് മലയാള സിനിമയിലെ സംഭാഷണ കലയുടെ സാമാന്യ ചരിത്രം. എങ്കിലും 'ഭാർഗവീനിലയ' (1964) ത്തിലെ പ്രസിദ്ധമായ ബഷീറിയൻ ഭാഷണത്തിലാണ് ഈ പുസ്തകത്തിന്റെ തുടക്കം. കാമുകൻ കാമുകിക്കു നൽകിയ രക്തനക്ഷത്രം പോലെ ചുവപ്പായ (ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്!). പൂവ് അവൾ ചവിട്ടിയരച്ചു കളഞ്ഞോ, അത് തന്റെ ഹ്യദയമായിരുന്നു എന്ന അതി കാല്പനികതയും പ്രണയാതുരവുമായ സംഭാഷണത്തിൽ. തുടർന്ന് എസ്.എൽ പുരത്തിന്റെ (തകഴിയുടെയും) ചെമ്മീൻ, എം ടി യുടെ ഇരുട്ടിന്റെ ആത്മാവ്, തോപ്പിൽഭാസിയുടെ മൂലധനം, പത്മരാജന്റെ ഇതാ ഇവിടെ വരെ, അടൂരിന്റെ കൊടിയേറ്റം, ടി.ദാമോദരന്റെ അങ്ങാടി എന്നിങ്ങനെ 1980 കൾക്കു മുൻപുള്ള കുറെ സിനിമകൾ. പിന്നീടുള്ള കാലത്തും മലയാളത്തിൽ പല കാരണങ്ങളാൽ ജനപ്രീതി നിലനിർത്തിയ അങ്ങാടിയിലെ ജയന്റെ സംഭാഷണമാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം.
'ബോയിങ് ബോയിംഗി'ൽ തുടങ്ങുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങളാണ് തുടർന്നുള്ള കാലത്തെയും ഭാഗത്തെയും പല ഉദാഹരണങ്ങളും. ആധുനിക- ജനപ്രിയ സാഹിത്യ ശൈലികളെ പരിഹസിച്ചുകൊണ്ട് ശ്രീനി പല കാലങ്ങളിലെഴുതിയ സംഭാഷണങ്ങൾ ഇതേ തുടർന്ന് എത്രയെങ്കിലും സിനിമകളിൽ ആവർത്തിച്ചു.
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, വടക്കുനോക്കിയന്ത്രം, അക്കരെ അക്കരെ അക്കരെ, അഴകിയ രാവണൻ, ചിന്താവിഷ്ടയായ ശ്യാമള, അയാൾ കഥയെഴുതുകയാണ്, ഉദയനാണ് താരം എന്നിങ്ങനെ നിരവധി ശ്രീനി ചിത്രങ്ങൾ ബിപിൻ ഉദാഹരിക്കുന്നു, ഓരോന്നിന്റെയും സൗന്ദര്യവും സ്വാരസ്യവും സന്ദർഭവും രാഷ്ട്രീയവും വിശദീകരിക്കുന്നു.
പ്രിയദർശൻ(താളവട്ടം, ചിത്രം), വേണു നാഗവള്ളി (ഏയ് ഓട്ടോ, കിലുക്കം, അഹം), സിദ്ദിഖ് ലാൽ (റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, മാന്നാർ മത്തായി സ്പീക്കിങ്), രഞ്ജിത്ത് (ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, രാവണപ്രഭു), രൺജി പണിക്കർ (കമ്മീഷണർ, ദി കിങ്, ലേലം), ശ്യാം പുഷ്‌കരൻ (ഇയ്യോബിന്റ പുസ്തകം, മഹേഷിന്റ പ്രതികാരം) എന്നിവരാണ് പിന്നീടുള്ള കാലത്തെ സംഭാഷണങ്ങളുടെ ഹിറ്റ് മേക്കർമാർ.
നർമ്മത്തിന്റയോ രാഷ്ട്രീയ വിമർശനത്തിന്റെയോ നാടകീയാഖ്യാനത്തിന്റെയോ തലങ്ങളിൽ ഏറെ ജനപ്രീതി പിടിച്ചു പറ്റിയ സംഭാഷണങ്ങൾ നിറഞ്ഞ ചില സിനിമകൾ കൂടെയുണ്ട് ഇവിടെ. രാജാവിന്റെ മകൻ (ഡെന്നീസ് ജോസഫ്), ഒരു വടക്കൻ വീരഗാഥ (എം ടി), കിരീടം (ലോഹിതദാസ്), തൂവാനത്തുമ്പികൾ (പത്മനാഭൻ), മേലേപ്പറമ്പിൽ ആൺവീട് (രഘുനാഥ് പലേരി), മീശമാധവൻ (രഞ്ജൻ പ്രമോദ്), രാജമാണിക്യം (ടി.എ. ഷാഹിദ്), എന്നു നിന്റെ മൊയ്തീൻ (ആർ. എസ് വിമൽ) എന്നിങ്ങനെ. ഈ പുസ്തകത്തിന്റെ രചയിതാവ് ബിപിൻ ചന്ദ്രൻ മാർട്ടിൻ പ്രക്കാട്ടുമായി ചേർന്നെഴുതിയ 'ബെസ്റ്റ് ആക്ടർ' എന്ന സിനിമയും ഈ പട്ടികയിലുണ്ട്.
സിനിമയിൽ ജനപ്രീതി നേടുന്ന സംഭാഷണങ്ങൾ അവയുടെ തുടർജീവിതം നിലനിർത്തുന്നത് മറ്റു പല കലകളും മാധ്യമങ്ങളും വഴിയാണ്. തുടക്കത്തിൽ മിമിക്രിയായിരുന്നു ഇതിന്റെ മാർഗം. പിന്നീടത് ടെലിവിഷൻ ചാനലുകളിലെ കോമഡി ഷോകളും രാഷ്ട്രീയാക്ഷേപഹാസ്യ പരിപാടികളുമായി. ഏറ്റവുമൊടുവിൽ സാമൂഹ്യ മാധ്യമങ്ങളും ട്രോളുകളുമാണ് ഈ രംഗത്തെ ജനപ്രിയ രൂപങ്ങൾ. മേൽപ്പറഞ്ഞ സിനിമകളിലെ നാനാതരം സംഭാഷണങ്ങളെയും ആ സന്ദർഭങ്ങളെയും ജനപ്രിയമാക്കി നിലനിർത്തുന്നത് ഇവയാണ്.
നർമ്മത്തെയും രാഷ്ട്രീയാക്ഷേപഹാസ്യത്തയും മുൻനിർത്തി ചാനലുകളും ട്രോളുകളും ഏറ്റവുമധികം ഏറ്റെടുത്തിട്ടുള്ള മലയാള സിനിമകളിൽ പെടുന്നവയാണ് ശ്രീനിവാസന്റെയും സിദ്ദിഖ് ലാലിന്റെയും. ആക്ഷൻ ഹീറോകളെന്ന നിലയിൽ നിരന്തരം ആവർത്തിക്കപ്പെടുന്നവയാകട്ടെ, രഞ്ജിത്തിന്റെയും രൺജി പണിക്കരുടെയും തിരക്കഥകളും. ന്യൂ ജനറേഷൻ സിനിമയിലെ മാസ്റ്റർ റൈറ്റർ എന്ന നിലയിൽ ശ്യാം പുഷ്‌കരന്റെ സംഭാഷണങ്ങൾക്കുള്ള സ്വീകാര്യതയാണ് മറ്റൊന്ന്. സവർണ, ഫ്യൂഡൽ, ഹിന്ദു പുരുഷ നായകബിംബത്തിന്റെ അതിഭാവുകത്വമാർന്ന ബ്യഹത് രൂപഭാവങ്ങളാണ് രഞ്ജിത്തിന്റെ സംഭാഷണങ്ങളെങ്കിൽ രൺജി പണിക്കരുടേത് മറ്റൊരു വിതാനത്തിലാണ് കത്തിപ്പടർന്നത്. ബ്യൂറോക്രസിയും രാഷ്ട്രീയ നേത്യത്വവും മാധ്യമ- ബിസിനസ് രംഗങ്ങളും കൈവരിച്ച അധോലോക പദവികളിൽ. 'ലേലം' സിനിമയിലെ സംഭാഷണങ്ങളെക്കുറിച്ച് ബിപിൻ എഴുതുന്നതു വായിക്കുക:
'മദ്ധ്യതിരുവിതാംകൂറിന്റെ, വിശേഷിച്ചും കിഴക്കൻ കോട്ടയത്തിന്റെ, വേരുബലമുള്ള കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. പതിവ് നായകസങ്കല്പത്തിൽനിന്ന് വ്യത്യസ്തമായി എം.ജി. സോമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സഹനായക കഥാപാത്രം സുരേഷ് ഗോപിയുടെ ചാക്കോച്ചിയെക്കാൾ ഏറെ തലയെടുപ്പോടെ നിൽക്കുന്നു. സൈന്യവും സേനാധിപനും ഇല്ലാതെ പോരാടുന്ന ഒറ്റയാന്റെ ഭാവമുള്ള ഈപ്പച്ചന്റെ ശരീരഭാഷ തനിക്ക് താൻ കാവൽ എന്നാണ്. ഭൂതകാലത്തിന്റെ ദുരന്ത അനാഥത്വത്തിൽനിന്ന് വൻ അബ്കാരി സാമ്രാജ്യം കൈപ്പിടിയിലാക്കിയവന്റെ ആത്മവിശ്വാസം നിറഞ്ഞ നെഞ്ചുറപ്പ്. ചുരുക്കത്തിൽ നിരവധി ചോരച്ചാലുകൾ നീന്തിക്കടന്ന ഒറ്റയാൾ പ്രസ്ഥാനം. മലയാള സിനിമ അതുവരെ കാണാത്ത ഒരു ക്യാരക്ടർ ഷിഫ്റ്റ് ഈപ്പച്ചനിൽ ഉണ്ട്. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികകളിലെ അനന്തപത്മനാഭനെയും കുഞ്ചൈക്കുട്ടിപ്പിള്ളയെയും പെരിഞ്ചക്കോടനെയും പോലെ ഇതിഹാസ മാനത്തിലേക്ക് ഉയർന്നുനിൽക്കാൻ പര്യാപ്തമായ ഒരു ജനപ്രിയ കഥാപാത്രം. പുതുതലമുറ കട്ട 'ഹീറോയിസം' എന്നോ 'കൊലമാസ്സ്' എന്നോ വിളിച്ചേക്കാവുന്ന തരത്തിലുള്ള സംഭാഷണ മുഹൂർത്തങ്ങളും നടന ഗാംഭീര്യവും ഈപ്പച്ചൻ കാഴ്ചവയ്ക്കുന്നു. മധ്യതിരുവിതാംകൂറിലെ അബ്കാരി ലോകത്തിന്റെ കുടിപ്പകകൾ, കുടുംബബന്ധങ്ങൾ, മലയോര രാഷ്ട്രീയം, പള്ളിമേധാവിത്വം, ബ്യൂറോക്രസി, പ്രണയം എന്നീ ചേരുവകൾ നല്ല കൈയടക്കത്തോടെ രൺജി പണിക്കർ വിളക്കിച്ചേർത്തപ്പോൾ ആക്ഷൻ സിനിമയുടെ വിജയം എന്നതിനപ്പുറമുള്ള ജനകീയ സ്വീകാര്യത ലേലം സ്വന്തമാക്കി. പ്രമേയത്തിന്റെ വികാസത്തിനും കഥാപാത്രപശ്ചാത്തലങ്ങൾക്കും അനുപൂരകമാവുന്ന സംഭാഷണരചന രൺജി പണിക്കരിലെ ക്രാഫ്റ്റ്മാൻഷിപ്പിന്റെ പുതുക്കികാട്ടി. സ്ഥിരം വില്ലൻ വേഷം ചെയ്തുപോന്നിരുന്ന സ്ഫടികം ജോർജിനുപോലും ഈ ചിത്രത്തിൽ ഒരു പ്രത്യേകമായ പരിവേഷം കടന്നുവരുന്നു. കടയാടി ബേബി എന്ന കഥാപാത്രത്തിന് മറ്റൊരു ക്യാരക്ടർ നൽകാനുള്ള രൺജി പണിക്കരുടെ ശ്രമം മുൻപറഞ്ഞ രചനാ വൈഭവത്തെ ഉദാഹരിക്കുന്നു.
ഈ ചലച്ചിത്രത്തിലെ ഒരു കഥാപാത്രത്തിനും വേരുകളില്ലാതെ പോകുന്നില്ല. ഗോഡ്ഫാദർ സിനിമ പരമ്പരകളുടെ ഛായയുള്ള ഒരു മധ്യ തിരുവിതാംകൂർ പ്രാദേശിക ആവിഷ്‌കാരമായും ഈ ചലച്ചിത്രത്തെ കാണാവുന്നതാണ്. എന്നാൽ പരുക്കനായ ഒരു അധിപനല്ല ഈപ്പച്ചൻ. പ്രിയപ്പെട്ടവരെ മമതയോടെ ചേർത്തുപിടിക്കുന്ന എല്ലാ വിധത്തിലുമുള്ള വൈകാരികതലങ്ങളുമുള്ള ഒരു പച്ചമനുഷ്യൻ. സ്‌നേഹനിധിയായ കുടുംബനാഥനും ആശ്രിതവത്സലനും സർവ്വോപരി ആജ്ഞാശക്തിയുള്ള ഉഗ്രരൂപിയാണ് ഈപ്പച്ചൻ. വിഭിന്ന ഭാവങ്ങളുടെ കേളീരംഗമായി ഈപ്പച്ചൻ എന്ന കഥാപാത്രം സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. ആ അഭയത്തിൽ സുരക്ഷിതരാകാൻ ആഗ്രഹിക്കുന്നു ചാക്കോച്ചിയും മറ്റു കഥാപാത്രങ്ങളും. അനീതികൾക്ക് സമരസപ്പെടാത്ത, ആധിപത്യങ്ങൾക്കു മുന്നിൽ ശിരസ്സു നമിക്കാത്ത, വായിൽ തീതുപ്പുന്ന ഹ്യദയം എന്നും സൂക്ഷിക്കുന്ന, ഒരു പോരാളിയാണ് ഈപ്പച്ചൻ. അയാളുടെ വാക്കുകൾക്ക് സ്പിരിറ്റിന്റെ ആളൽശേഷിയുണ്ട്.
അതു പലരെയും പൊള്ളിക്കുകയും ദ്രവിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഒറ്റയാൻ പ്രസ്ഥാനമായ ആനക്കാട്ടിൽ ഈപ്പച്ചനും എണ്ണത്തിൽ കൂടുതലുള്ള കുന്നേൽ, കടയാടി കുടുംബങ്ങളുമായുള്ള സാമ്പത്തിക വ്യാപാരബന്ധങ്ങൾ ആഴത്തിലുള്ള വ്യക്തിസ്പർദ്ധയായി മാറുന്ന പശ്ചാത്തലത്തിൽ, ഈപ്പച്ചനെ അനുനയിപ്പിക്കാനായി കുന്നേൽ കുടുംബത്തിന്റെ ബന്ധുകൂടിയായ മെത്രാൻ തിരുമേനി (ജഗന്നാഥ വർമ്മ) ശ്രമിക്കുന്നു. അതിനായി ഈപ്പച്ചനെ അരമനയിലേക്കു വിളിച്ചിരിക്കുന്നു. പൗരോഹിത്യ അധികാരത്തിന്റെ ദണ്ഡുവീശി ഈപ്പച്ചനെ വരുതിക്കു നിർത്തുക എന്നതാണ് മെത്രാന്റെ ദൗത്യം. ആ ശ്രമം പരാജയപ്പെടുന്നിടത്ത് മെത്രാൻ തിരുമേനി ഇടപെടുന്നു. ഈപ്പച്ചന്റെ വാക്കുകൾകൊണ്ട് നിർവീര്യമാക്കുകയാണ് തിരുമേനിയുടെ ലക്ഷ്യം'.
ബാലചന്ദ്രമേനോൻ, ജോൺപോൾ, എസ്.എൻ സ്വാമി, ഉദയകൃഷ്ണ-സിബികൃഷ്ണ, റാഫി-മെക്കാർട്ടിൻ, ഉണ്ണി. ആർ തുടങ്ങിയവരെ വെറുതെ ഉൾപ്പെടുത്തിയതാവാം, ബിപിൻ. പത്രം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളെ ഒഴിവാക്കിയതും വെറുതെയാവാം. ആത്മനിഷ്ഠമായ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും നിലനിൽക്കുമ്പോൾ തന്നെ, മലയാളത്തിലെ ഏറ്റവും ഊർജസ്വലമായ പെൺഭാഷണം പത്രത്തിലെ മഞ്ജുവാര്യരുടേതാണെന്നും (എൻ. എഫ്. വർഗീസിന്റയും സുരേഷ് ഗോപിയുടെയും മികച്ച സംഭാഷണങ്ങൾ വേറെയും) ഏറ്റവും രൂക്ഷവും തീഷ്ണവുമായ കോർപ്പറേറ്റ് കമ്യൂണിസ്റ്റ് വിമർശനങ്ങളുള്ളത് മുരളി ഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലാണെന്നും ഏറ്റവും നാടകീയമായ കീഴാള ഭാഷണങ്ങൾ പലതുമുള്ളത് കമ്മട്ടിപ്പാടത്തിലാണെന്നും ബിപിൻ ഓർത്തിരുന്നെങ്കിൽ ഈ പുസ്തകം കുറേക്കൂടി നന്നായേനെ.
തിരക്കഥാകൃത്തിനും സംഭാഷണ രചയിതാവിനും ജനപ്രിയ സിനിമയുടെ വിപണി സമവാക്യങ്ങളിൽ കിട്ടാതെ പോകുന്ന കർത്യ പദവിയെക്കുറിച്ച് നിശിതമായ ചില നിരീക്ഷണങ്ങൾ ബിപിൻ ആമുഖത്തിൽ അവതരിപ്പിക്കുന്നുണ്ട്.
'തിരക്കഥാക്യത്തുക്കളായി സിനിമാരംഗത്ത് കടന്നുവരുന്ന എം ടി. യും പത്മരാജനും ശ്രീനിവാസനും ഡെന്നീസ് ജോസഫും ലോഹിതദാസും രൺജി പണിക്കരും രഞ്ജിത്തും തുടങ്ങി ഇങ്ങേയറ്റത്ത് ജിനു എബ്രഹാം വരെ എന്തുകൊണ്ട് സംവിധായകന്റെ കുപ്പായമണിയാൻ തീരുമാനിച്ചു എന്ന അന്വേഷണം രസകരമായ ചില വസ്തുതകളെ വെളിച്ചത്തു കൊണ്ടുവന്നേക്കാം.
ശില കൊത്തി വിഗ്രഹമാക്കുന്ന പ്രക്രിയ നടക്കുമ്പോൾ തച്ചന്റെ ക്ഷേമം അന്വേഷിക്കാൻ ആയിരം നാട്ടുകാർ ഉണ്ടാകാം. പക്ഷേ, ശ്രീകോവിലിൽ അത് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പൂജാരിയാകും സർവ്വാധിപതി. പേപ്പറും പേനയുമായി, അഥവാ കംപ്യൂട്ടറും കീപാഡുമായി ഒറ്റയ്‌ക്കൊരു പടനയിക്കുമ്പോൾ ആരും എഴുത്തുകാർക്ക് തുണയായി ഉണ്ടാകില്ല. തങ്ങളുടെ ഏകാന്തയുദ്ധങ്ങളുടെ ഫലമായി പടുത്തുയർത്തപ്പെടുന്ന സിനിമാസാമ്രാജ്യങ്ങളിൽ സാമന്തരാജാക്കന്മാർ പോലുമാകില്ല മിക്കവാറും എഴുത്തുകാർ. വിതയ്ക്കുന്ന കാലത്ത് കൂടെ നിൽക്കുന്നവർ വിളവെടുപ്പുകാലമാകുമ്പോൾ കാണാത്തമട്ടിൽ നയിക്കുന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല.
തങ്ങളുടെ വർഗ്ഗത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച തിരക്കഥയെഴുത്തുകാരെക്കുറിച്ച് വിരളമായെങ്കിലും കേൾക്കുന്നത് ഒരാശ്വാസമാണ്. വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഫോക്‌നറെക്കുറിച്ച് അത്തരത്തിലൊരു കഥയുണ്ട്. ഗോൺ വിത്ത് ദ് വിൻഡിലെ നായകനായിരുന്ന ക്ലാർക്ക് ഗേബിളിനെക്കുറിച്ച് അറിയാത്ത കൊച്ചുകുട്ടികൾപോലും ഉണ്ടായിരുന്നില്ല ഒരു കാലത്ത്. പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ അല്പം താരജാഡയോടെ ഗേബിൾ മഹാനായ ഫോക്‌നറോടു ചോദിച്ചു: 'മിസ്റ്റർ ഫോക്‌നർ, താങ്കൾ എഴുതാറുണ്ടല്ലേ'. ഒരു നിമിഷം പോലും വൈകാതെ ഫോക്‌നർ മറുപടി കോടുത്തു: 'ഉവ്വ്'. ഒപ്പം താരരാജാവിന്റെ ഔദ്ധത്യത്തെ തരിപ്പണമാക്കിയ ഒരു മറുചോദ്യം കൂടി പുള്ളി തൊടുത്തു: 'മിസ്റ്റർ ഗേബിൾ, താങ്കളെന്തു ചെയ്യുന്നു. പുതിയ ഭാഷയിൽ പറഞ്ഞാൽ, ഗേബിൾ പ്ലിങ്ങായിക്കാണണം. നമ്മുടെ പ്രിയപ്പെട്ട എം ടി. യെക്കുറിച്ചും അങ്ങനെയൊരു കഥയുണ്ട്.
പ്രേം നസീർ മലയാള സിനിമയിലെ മുടിചൂടാമന്നനായി നിൽക്കുന്ന സമയം. എം ടി. താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ദിവസം പ്രേംനസീർ താമസിക്കാനിടയായി. എം ടി. തിരക്കഥയെഴുതുന്ന സിനിമയിൽ നായകനായി പ്രേംനസീർ അഭിനയിച്ചാൽ നന്നാകുമെന്ന ആഗ്രഹം പുലർത്തിയിരുന്ന ഒരു നിർമ്മാതാവ് പ്രേംനസീർ ഹോട്ടലിലുണ്ടെന്നും മുറിയിൽച്ചെന്ന് അദ്ദേഹത്തെക്കണ്ട് കാര്യം അവതരിപ്പിച്ചാൽ സംഗതി നടക്കുമെന്നും എം ടി. യോടു പറഞ്ഞു. എം ടി. ആ നിർദ്ദേശത്തോട് സൗമ്യമായി പ്രതികരിച്ചത് ഈ മട്ടിലായിരുന്നത്രെ: 'ഞാനീ മുറിയിലുണ്ടാകുമെന്ന് അദ്ദേഹത്തെ അറിയിക്കൂ. സൗകര്യം കിട്ടിയാൽ അദ്ദേഹത്തിന് എന്നെ വന്ന് കാണാമല്ലോ'. ഒരു ജനപ്രിയ താരത്തിനേക്കാൾ ഒട്ടും കുറഞ്ഞവനല്ല ഒരു എഴുത്തുകാരനെന്ന ആത്മബോധമായിരുന്നു എം ടി. യെക്കൊണ്ട് അതു പറയിപ്പിച്ചത്. വാക്കിൽ പണിയുന്നവന്റെ വൈശിഷ്ട്യം എന്തെന്നറിയാവുന്ന നസീർ എം ടി. യെ മുറിയിൽ വന്ന് കാണുകതന്നെ ചെയ്തു. അത് പ്രേംനസീറിന്റെ താരശോഭയെ ശതഗുണീഭവിപ്പിക്കുകയേ ചെയ്തുള്ളൂ. ഇന്നത്തെ എത്ര എഴുത്തുകാർ എം ടി. യെപ്പോലെ സംസാരിക്കും? എത്ര താരങ്ങൾ പ്രേംനസീറിനെപ്പോലെ പെരുമാറും?
തിരക്കഥാകൃത്തുകളുടെ കഥ പരിതാപകരമാണെങ്കിൽ സംഭാഷണം മാത്രമെഴുതുന്നവരുടെ നിലയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ബാലന്റെ എഴുത്തുകാരൻ മുതുകുളം രാഘവൻപിള്ളയ്ക്കു മുതൽ പുതുതലമുറ എഴുത്തുകാർക്കുവരെ സിനിമയിലെ തമസ്‌കരണത്തിന്റെയും തിരസ്‌കരണത്തിന്റെയും എത്രയോ തിക്തകഥകൾ പറയാനുണ്ടാകാം. ചെമ്മീൻ സിനിമയുടെ എഴുത്തുകാരൻ തകഴിയാണെന്നാണ് ചില സിനിമാക്കാരടക്കം ഇപ്പോഴും ധരിച്ചുവച്ചിരിക്കുന്നത്. എസ്. എൽ. പുരത്തിന് അർഹിക്കുന്ന ഖ്യാതി കിട്ടാതെപോയ ഒറ്റപ്പെട്ട സംഭവമല്ലത്. മികച്ച തിരക്കഥയ്ക്കുള്ള 1982ലെ സംസ്ഥാന അവാർഡ് ലഭിച്ചത് യവനികയുടെ രചയിതാക്കളായ കെ.ജി. ജോർജിനും എസ്.എൽ. പുരം സദാനന്ദനുമായിരുന്നു. പക്ഷേ, യവനികയുടെ തിരക്കഥാ പുസ്തകം പുറത്തിറങ്ങിയപ്പോൾ അതിന്റെ പുറംചട്ടയിൽ എസ്.എൽ. പുരത്തിന്റെ പേരില്ലായിരുന്നു. ശ്രീലക്ഷ്മിപുരത്തുകാരന് സ്റ്റേറ്റ് അവാർഡ് കിട്ടിയത് ഇനി കൽപ്പണിക്കോ മറ്റോ ആയിരുന്നോ!
നിശ്ചയമായും, മലയാള സിനിമയിലെ സംഭാഷണ കലയുടെ ചില ചരിത്ര സന്ദർഭങ്ങളെ, ജനപ്രിയമായി നിലനിന്നുപോരുന്ന ചില മാതൃകകൾ മുൻനിർത്തി അടയാളപ്പടുത്തുന്ന, ഏറെ ക്ലേശകരമായ ഒരു ദൗത്യവും ധർമ്മവുമാണ് ബിപിൻ ഏറ്റെടുത്തത്. ചലച്ചിത്ര പഠനങ്ങളിൽ ഇത്തരം സമീപനങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട് എന്നതുതന്നെയാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്ന മുഖ്യഘടകം.
ഓർമ്മയുണ്ടോ ഈ മുഖം ?
മലയാളി മറക്കാത്ത സിനിമാഡയലോഗുകൾ
വിപിൻ ചന്ദ്രൻ
ഡി. സി ബുക്‌സ്
വില: 260 രൂപ