തിരുവനന്തപുരം: അനാഥശാലയിൽ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കൊണ്ടുവന്ന സംഭവത്തിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങളുയർത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തെന്നിലാപുരം രാധാകൃഷ്ണൻ.

ബീഹാർ, ബംഗാൾ സർക്കാരുകളും സുപ്രീം കോടതിയും മനുഷ്യക്കടത്ത് വാദത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നീക്കം ദുരൂഹമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. കേരള സമൂഹ്യക്ഷേമ വകുപ്പും വകുപ്പ് മന്ത്രി മുനീറും ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആഭ്യന്തരവകുപ്പ് മൗനം അവസാനിപ്പിച്ച് കേസിൽ പ്രയോഗിച്ച സെക്ഷൻ 370(5) പിൻവലിക്കണം. കേരളത്തിൽ ഇത്തരത്തിൽ വിവാദം കത്തിച്ച് സാമൂഹ്യാന്തരീക്ഷം വഷളാക്കാൻ കാത്തിരിക്കുന്ന ശക്തികളെ ജനങ്ങൾ തിരിച്ചറിയണം. കാര്യഗൗരവത്തോടെയും സംയമനത്തോടെയും ഇത്തരം വിഷയങ്ങളെ സമീപിക്കാൻ മീഡിയകൾ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.