തിരുവനന്തപുരം: ഞങ്ങൾ ഇപ്പോൾ സനാഥരാണെന്ന് ഓർത്തഡോക്‌സ് സഭാത്തലവൻ പൗലോസ് മാർ ദ്വിതീയൻ ബാവ. യുഡിഎഫ് ഭരണകാലത്തു രാഷ്ട്രീയമായി ഞങ്ങൾ അനാഥരായിരുന്നുവെന്നും ബാവ പറഞ്ഞു.

തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബാവ.

മുൻപ് അനാഥരാണെന്ന വികാരമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി. കരുതുന്ന സർക്കാർ ഇവിടെയുണ്ട് എന്ന തോന്നലുണ്ട്. സൗഹൃദ സംഭാഷണമായിരുന്നു. സഭയോട് അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരുമായി ഓർത്തഡോക്സ് സഭ ഭിന്നതയിലായിരുന്നു. സഭാംഗം കൂടിയാണെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സഭയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന നിർദേശവുമുണ്ടായിരുന്നു.