- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നംകുളത്തെ കർഷക കുടുംബത്തിന്റെ പരാധീനകൾക്കിടയിൽ വളർന്ന ഗ്രാമീണൻ; മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ പ്രായം 38; കാൻസർ ബാധിതർക്കായി ആശ്വാസ പരിപാടി തുടങ്ങിയപ്പോൾ സ്വന്തംമോതിരം സംഭാവന നൽകാൻ ഗായിക ചിത്രയൈ പ്രേരിപ്പിച്ചത് ബാവായുടെ ദീനാനുകമ്പ
തിരുവല്ല: സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച പുരോഹിത ജീവിതമായിരുന്നു അന്തരിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേത്. കുന്നംകുളത്തെ സാധാരണ കർഷ കുടുംബത്തിൽ ജനിച്ച തനി ഗ്രാമീണനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉടനീളം ഗ്രാമീണ നന്മ കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ അറിയുന്ന വ്യക്തിയായതു കൊണ്ട് തന്നെ തന്നാൽ കഴിയുന്ന സാഹായങ്ങളെല്ലാം ചെയ്തു കൊണ്ടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. അതിന് വേണ്ടിയുള്ള പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തു നടപ്പിലാക്കി.
1985 മെയ് 15 ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ അദ്ദേഹത്തിനു 38 വയസ്സ് മാത്രമായിരുന്നു പ്രായം. 28 ാം വയസ്സിലാണ് പരിശുദ്ധ പരുമല തിരുമേനി മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. കുന്നംകുളം ഭദ്രാസനാധിപനായിരിക്കെ 2006 ഒക്ടോബർ 12ന് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷനിലാണ് അദ്ദേഹം നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പരിശുദ്ധ കാതോലിക്കാ ബാവായുടെ പിൻഗാമിയും സഹായിയുമായി നാലു വർഷം അദ്ദേഹം പ്രവർത്തിച്ചു.
പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പൗരസ്ത്യ കാതോലിക്കായായി അദ്ദേഹം സ്ഥാനാരോഹണം ചെയ്തു. മലങ്കര സഭയെ നയിച്ച പല മെത്രാപ്പൊലീത്തമാരും പിൻഗാമികളെ സ്വയം വാഴിച്ചിട്ടുണ്ടെങ്കിലും ഒരു കാതോലിക്കാ തന്റെ പിൻഗാമിയെ വാഴിക്കുന്നത് മലങ്കര സഭയിൽ അത് ആദ്യമായിട്ടായിരുന്നു.
വാഴിക്കൽ ദിവസത്തിന്റെ പ്രത്യേകതകളായിരുന്നു മറ്റൊരു അപൂർവത. മലങ്കരയുടെ മഹായിടയനായി പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ സ്ഥാനമേറ്റത് കേരളപ്പിറവി വാർഷിക ദിനത്തിലാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന്റെ നിറവിൽ, ആ പുണ്യഭൂമിയിലാണ് സ്ഥാനാരോഹണം നടന്നത് എന്നതു മറ്റൊരു പ്രത്യേകതയായി. പരുമലയിൽ നടന്ന മൂന്നാമത്തെ കാതോലിക്കാ സ്ഥാനാഭിഷേകമായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടേത്. 1991 ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും 2005 ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും സ്ഥാനാരോഹണം പരുമലയിലാണ് നടന്നത്.
മലങ്കര സഭയിൽ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ച ശേഷം കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട എട്ടാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. 1912-13 വർഷങ്ങളിൽ കാതോലിക്കായായിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ് പൗലോസ് എന്ന പേരിൽ മറ്റൊരു കാതോലിക്കായെ പൗലോസ് ദ്വിതീയൻ ബാവായിലൂടെ മലങ്കര സഭയ്ക്കു ലഭിച്ചത്.
ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കാതോലിക്കാ സ്ഥാനത്തെത്തി ചെറിയ കാലത്തിനുള്ളിൽത്തന്നെ അശരണർക്കും വേദനിക്കുന്നവർക്കും സാന്ത്വനമാകുന്ന ഒരുപിടി പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നൂറുകോടിയിലേറെ രൂപ ചെലവാകുന്ന പരുമല കാൻസർ സെന്ററാണു സേവനപാതയിൽ അഭിമാനിക്കാവുന്ന വലിയൊരു കാൽവയ്പ്. ഇതിന്റെ ഉദ്ഘാടനമായിരുന്നു സപ്തതി വർഷത്തിലെ പ്രധാന പരിപാടി. ഒപ്പം, നിർധനരായ കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിൽസാ സഹായ പദ്ധതി 'സ്നേഹസ്പർശ'വും ആരംഭിച്ചു.
ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനു സാക്ഷിയായത് കെ.എസ്. ചിത്രയുമായിരുന്നു. അദ്ദേഹത്തിന്റെ ദീനാനുകമ്പ നിറഞ്ഞ പ്രവർത്തിയിൽ മനം നിറഞ്ഞ ചിത്രം സ്വന്തം കയ്യിലെ വിലയേറിയ മോതിരം ആദ്യസംഭാവനയായി നൽകിയാണ് ചിത്ര തുടക്കമിട്ടത്. കാതോലിക്കാ ബാവായുടെ ദീനാനുകമ്പയും പാവപ്പെട്ടവരോടുള്ള ആർദ്രതയും കണ്ടറിഞ്ഞ ചിത്രയും ഭർത്താവ് വിജയ ശങ്കറും സഹായത്തിനായി മുൻപന്തിയിൽത്തന്നെ നിന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ചൂടേറിയ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ വേദിയിലെത്തിച്ചതാണു പൗലോസ് ദ്വിതീയൻ ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രമുഖം. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതിലൂടെ പള്ളി ഭരണത്തിലും അതുവഴി സഭാ ഭരണത്തിലും സ്ത്രീകൾ നിർണായക ശക്തിയായി മാറി.
പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒട്ടേറെ കർമപദ്ധതികളാണ് ഇടവകതലത്തിലും സഭാതലത്തിലും ഹ്യൂമൻ എംപവർമെന്റ് പരിപാടിയിലൂടെ നടപ്പാക്കി.
മറുനാടന് ഡെസ്ക്