തിരുവനന്തപുരം: ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥം പിടിച്ചാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ എംഎൽഎയായി മാറിയത്. ഇവിടെ രണ്ട് സഭക്കാരെയും പ്രീണിപ്പിക്കുന്ന നിലപാടായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. ഒരു വശത്ത് വിധി നടപ്പിലാക്കാമെന്ന് ഓർത്തഡോക്‌സ് സഭയോട് പറയുകയും മറുവശത്ത് സുപ്രീംകോടതി വിധി നടപ്പിലാക്കാതെ പ്രശ്‌നം പരിഹരിക്കാൻ വഴിയുണ്ടാക്കാമെന്ന് യാക്കോബായ സഭയോടും പറഞ്ഞു സിപിഎം. രണ്ട് കൂട്ടരും സിപിഎമ്മിന്റെ വാക്കിൽ വിശ്വസിച്ചതോടെ വോട്ടു പെട്ടിയിലായി സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

എന്നാൽ, അന്ന് ചെങ്ങന്നൂരിൽ സജി ചെറിയാനെ പിന്തുണച്ചത് തെറ്റായ തീരുമാനമായിപ്പോയി എന്നാണ് ഇപ്പോൾ ഓർത്തഡോക്‌സ് സഭയുടെ പക്ഷം. കാലങ്ങളായി കോൺഗ്രസിനൊപ്പം നിന്ന സഭയാണ് ചെങ്ങന്നൂരിൽ ഇടതുപക്ഷത്തേക്ക് ചരിഞ്ഞത്. ഇപ്പോൾ വീണ്ടും കോൺഗ്രസ് പക്ഷത്തേക്ക് നീങ്ങിയ സഭ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കേന്ദ്രസർക്കാറിന്റെയും സഹായം തേടുകയാണ്. കോടതി വിധി നടപ്പിലാക്കാത്ത സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് സഭ കേന്ദ്രസഹയം തേടുന്നത്. അതേസമയം മറുവശത്ത് സംസ്ഥാന സർക്കാറിനെ കൂടുതൽ പിന്തുണക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. കാരണം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ കാലതാമസം വരുത്തുന്നതു കൊണ്ടുള്ള ഗുണം സഭയ്ക്ക് ലഭിക്കുന്നുണ്ട്. ഇക്കാരം കൊണ്ടു തന്നെ വനിതാ മതിലിൽ അടക്കം പങ്കെടുക്കാമെന്ന പക്ഷത്തിലാണ് യാക്കോബായ സഭയുള്ളത്.

സിപിഎം വിരുദ്ധരായ കേന്ദ്രസർക്കാറിന്റെ നിലപാടുകളെ തങ്ങൾക്ക് ഗുണകരമാക്കി മാറ്റാമെന്ന ധാരണയിലാണ് ഓർത്തഡോക്‌സ് സഭ കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായുണ്ടായ സുപ്രീംകോടതിവിധി നടപ്പാക്കിക്കിട്ടുന്നതിന് സഭാനേതൃത്വം കേന്ദ്രസർക്കാരിന്റെ സഹായം തേടുയാണ്. സാധ്യതകൾ പരിശോധിക്കാൻ സഭയുടെ അസോസിയേഷൻ അംഗങ്ങളുടെ അടിയന്തരയോഗം ജനുവരി മൂന്നിന് ദേവലോകം അരമനയിൽ കൂടും.

പള്ളിപ്രശ്‌നത്തിൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്കു നിവേദനം നല്കുന്നതിന്റെ സാധ്യതകളും ചർച്ചചെയ്യും. നേരത്തേ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ നടത്തിയത്. കോടതിവിധി നടപ്പാക്കാൻ സംസ്ഥാനസർക്കാരിനു കഴിഞ്ഞില്ലെങ്കിൽ അതു തുറന്നുപറഞ്ഞാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് കാതോലിക്കാബാവ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സഭയുടെ പ്രതിനിധിസംഘം ഗവർണറെക്കണ്ടു പരാതി നല്കാനും തീരുമാനിച്ചിരുന്നു. അസോസിയേഷൻ ചേരുന്ന വിവരം അറിയിച്ചുകൊണ്ട് സഭാധ്യക്ഷൻ പ്രതിനിധികൾക്കു നല്കിയ കത്തിലും രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിക്കുന്നുണ്ട്.

നീതിന്യായസംവിധാനങ്ങളുടെ അന്തസ്സത്തയെ ചോദ്യംചെയ്യുന്നതരത്തിലുള്ള വഞ്ചനാപരവും നിഷേധാത്മകവുമായ നിലപാടാണ് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 1934-ലെ സഭാ ഭരണഘടന അനുസരിച്ച് തർക്കത്തിലിരിക്കുന്ന എല്ലാ പള്ളികളും ഭരിക്കപ്പെടണം എന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ സംസ്ഥാനസർക്കാർ മൈല്ലപ്പോക്കു നിലപാടാണു സ്വീകരിക്കുന്നതെന്നും കത്തിൽ പറയുന്നു.

യാക്കോബായസഭയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനുപിന്നിൽ സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സമ്മർദമാണെന്നുമുള്ള ആരോപണവുമായി ഓർത്തഡോക്‌സ് സഭാനേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമുതൽ സിപിഎം. അനുകൂലനിലപാടാണ് ഓർത്തഡോക്‌സ് സഭാനേതൃത്വം സ്വീകരിച്ചിരുന്നത്. ആറന്മുള, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ വിജയത്തിൽ സഭാനേതൃത്വത്തിനു നിർണായകപങ്കുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, പള്ളിത്തർക്കത്തെച്ചൊല്ലി സംസ്ഥാനസർക്കാരുമായി സഭാനേതൃത്വം അകലുന്നത് എൽ.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനുള്ള എല്ലാ സാധ്യതകളും അസോസിയേഷൻ അംഗങ്ങളുടെ അടിയന്തരയോഗം ചർച്ചചെയ്യും. തുടർച്ചയായി സഭ നേരിടുന്ന നീതിനിഷേധങ്ങളിൽ തുടർന്നു കൈക്കൊള്ളേണ്ട നിലപാടുകളും ചർച്ചചെയ്യുമെന്ന് ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു. അതേസമയം പ്രശ്‌ന പരിഹാരത്തിലായി ഇന്നലെ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടന്നെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഓർത്തഡോക്‌സ് സഭ വഴങ്ങില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇതോടെയാണ് പ്രശ്‌നം കേന്ദ്രസർക്കാറിന്റെ ഇടപെടലിനായുള്ള ശ്രമങ്ങൾ നടക്കുന്നത്.