തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക വീണാ ജോർജ്ജ് ആറന്മുളയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തിറങ്ങിയ സമയത്ത് ഉയർന്ന പ്രധാന ആരോപണം വീണ സ്ഥാനാർത്ഥിയായത് ഓർത്തഡോക്‌സ് സഭയുടെ ആളായതു കൊണ്ടാണെന്നാണ്. ഈ ആരോപണങ്ങൾ ശക്തമായി ഉയർന്നപ്പോൾ സിപിഎമ്മിന് അതിന് പ്രതിരോധിക്കേണ്ടി വരികയും ചെയ്തു. ഭർത്താവ് ഓർത്തഡോക്‌സ് സഭയുടെ സെക്രട്ടറിയായിരുന്നു എന്നതായിരുന്നു വീണയ്‌ക്കെതിരെ ആരോപണം ഉയരാൻ ഇടയാക്കിയ സാഹചര്യം.

ഈ സമയത്ത് സഭ പറഞ്ഞതും സഭാ അംഗങ്ങൾ പ്രചരണം നടത്തിയതും വീണയുടെ സ്ഥാനാർത്ഥിത്വത്തിന് സഭയുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു. എന്നാൽ, സിപിഐ(എം) പ്രവർത്തകർ കൈ മെയ് മറന്ന് പ്രവർത്തിച്ചപ്പോൾ വീണാ ജോർജ്ജ് ആറന്മുളയിൽ അട്ടിമറി വിജയം നേടി. ഇതോടെ ഓർത്തഡോക്‌സ് സഭ തങ്ങളുടെ സമുദായംഗത്തിൽ വിശ്വാസമർപ്പിച്ച് രംഗത്തെത്തി. വീണാ ജോർജ്ജ് സഭയുടജെ മകൾ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നുമാണ് ഇപ്പോൾ ഓർത്തഡോക്‌സ് സഭയുടെ അവകാശവാദം. വീണയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ എടുത്താണ് സഭ രംഗത്തെത്തിയത്.

സഭായുടെ ഓൺലൈൻ എഡിഷനായ ഇന്ത്യൻ ഓർത്തഡോക്‌സ് ഹെറാൾഡിലാണ് വീണയുടെ വിജയതതിൽ അവകാശവാദം ഉന്നയിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത്. 'സഭയുടെ മകൾ വീണാ ജോർ്ജ് ഇനി എംഎൽഎ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം' എന്ന തലക്കെട്ടിൽ ദേശാഭിമാനി വാരികയിൽ പ്രത്യക്ഷപ്പെട്ട വീണയുടെ ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം സഭയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അഞ്ച് പേരുടെ പരാജയം വിശ്വാസികളിലെ സൂക്ഷ്മത കുറവാണെന്നും ലേഖനത്തിൽ പറയുന്നു..

ഇന്ത്യൻ ഓർത്തഡോക്‌സ് ഹെറാൾഡിൽ പ്രത്യക്ഷപ്പെട്ട വാർത്ത ഇങ്ങനെയാണ്:

പത്തനംതിട്ട: കഷി രാഷ്ട്രീയങ്ങൾ മറന്ന് സഭാദ്ധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് പ്രവർത്തിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ കൂട്ടായ വിജയമാണ് ആറന്മുളയിലേത്. അതുകൊണ്ടു തന്നെ ഭരിക്കുന്ന ഒരു പാർട്ടിയുടെ എംഎ‍ൽഎ പദത്തിലെത്തി സഭയുടെ മകളും മാദ്ധ്യമ പ്രവർത്തകയുമായ വീണാ ജോർജ്.

പോരാട്ടത്തിന്റെ അവസാന ഘട്ടങ്ങളിൽ എതിർസ്ഥാനാർത്ഥി ഇറക്കിയ ലഘുലേഖകൾക്കെതിരെ ആഞ്ഞടിക്കാൻ സഭയുടെ യുവജന പ്രസ്ഥാനം കാട്ടിയ സോഷ്യൽ മീഡിയാകളിലെ പ്രകടനങ്ങൾ സഭാ മക്കളുടെ വോട്ടിനെ വീണയുടെ വിജയത്തിലെത്തിക്കാൻ സഹായിക്കുകയായിരുന്നു. അവശ്യ ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ യുവജന പ്രസ്ഥാനം എന്നും സഭയോടൊപ്പമെന്ന് ഈ പ്രവർത്തനം തെളിയിക്കുന്നു.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കൂടുതൽ ഉയർത്താൻ കഴിയാതെപോയതും സഭാ വിശ്വാസികൾ പരിശോധനാ വിഷയമാകേണ്ടതാണ്. കന്നിയങ്കത്തിൽ തിളക്കമാർന്ന ഒരു വിജയം നേടിക്കൊടുത്ത വീണയെ കഴിതെളിയിച്ച ഒരു മാദ്ധ്യമ പ്രവർത്തകയെന്ന നിലയിൽ മന്ത്രി പദത്തിലേക്ക് പാർട്ടി പരിഗണിക്കും എന്നു തന്നെയാണ് കരുതുന്നത്.

സഭയുടെ 5 മറ്റു സ്ഥാനാർത്ഥികളുടെ തോൽവിയിൽ സഭാവിശ്വാസികളുടെ സൂക്ഷ്മതക്കുറവും സഭയെക്കാളുപരിയുള്ള രാഷ്ട്രീയ വീക്ഷണവും ഒരു കാരണം തന്നെ. മർത്തോമ്മാ സഭയുടെ പി.ജെ.കുര്യൻ ജോസഫ് എം.പുതുശ്ശേരിക്കെതിരെ ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കാൻ ഒരു പരിധിവരെ സഭാ വിശ്വാസികൾക്ക് കഴിയുമായിരുന്നു. നല്ല ഒരു സാമാജികനെയാണ് നമുക്ക് നഷ്ടമായത്. പിറവത്ത് എം.ജെ.ജേക്കബിന്റെ തോൽവി നമ്മുടെ പരാജയമാണ്. പൈലി വാതിയാട്ടിന്റെ പരാജയം സഭയുടെയും പരാജയമാണ്. കോട്ടയത്തെ ഭൂരിപക്ഷം നോക്കുമ്പോൾ അഡ്വ്. റജി സഖറിയായുടെ തോൽവി സഭാവിശ്വാസികളുടെ മാത്രം വീഴ്ചയായി പരിഗണിക്കാനാവില്ല. ശോഭനാ ജോർജിന്റെ വോട്ടുനില പരിശോധിക്കുമ്പോൾ ചെങ്ങന്നൂർ മെത്രാപ്പൊലീത്തായുടെ വിശ്വസനീയതക്കുകൂടിയാണ് കളങ്കമേറ്റത്.

അതേസമയം വീണയുടെ വിജയത്തിൽ അവകാശവാദവുമായി രംഗത്തെത്തിയ സഭയ്‌ക്കെതിരെ വിമർശനം കടുക്കുന്നുണ്ട്. സ്ഥാനാർത്ഥിയായപ്പോൾ യാതൊരു സഹായവും നൽകാതിരുന്നതും ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ വാദമാണെന്നും ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ വിമർശനം. എന്തായാലും സഭയുടെ അവകാശവാദം സിപിഎമ്മിനെയും ശരിക്കും ചൊടിപ്പിച്ചിട്ടുണ്ടെന്നതാണ് അറിയുന്നത്. സിപിഐ(എം) അണികൾ പലരും സഭയുടെ അവകാശവാദത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.