കോതമംഗലം:ഹൈറേഞ്ച് കവാടം,മതമൈത്രിയുടെ സംഗമ ഭൂമി,പ്രകൃതി സ്‌നേഹികളുടെ വിഹാരകേന്ദ്രം,കായിക കേരളത്തിന്റെ തലസ്ഥാനം,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈറ്റില്ലം,കർഷകർ കനകം വിളയിക്കുന്ന മണ്ണ്.....കോതമംഗലത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ ഏറെയാണ്. ചരിത്രവും ഹൈതീഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഈ നാടിന്റെ ഭൂതകാലം.മഹാശിലാ സംസ്‌കാരകാലം മുതൽ കോതമംഗലം പേരുകേട്ട നാടായിരുന്നെന്നാണ് ചരിത്രാന്വേഷകരുടെ വിലയിരുത്തൽ.പിൽകാലത്ത് ചേരരാജാക്കന്മാരുടെ ഭരണകാലത്തിനുശേഷം ഇടപ്രഭുക്കന്മാരായ കർത്താക്കന്മാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നുചേർന്നെന്നും പിന്നീട് കുറച്ചു നൂറ്റാണ്ടുകളിൽ ഈ പ്രദേശത്തിന് എന്ത് സംഭവിച്ചു എന്നകാര്യം ഇനിയും പുറത്തുവന്നിട്ടില്ലാ എന്നുമാണ് ഇക്കൂട്ടരുടെ പക്ഷം

ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലമെന്നും കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേര് 'കോത'എന്നായിരുന്നും. ഇതിനാലാവാം ഈ പ്രദേശത്തിന് കോതമംഗലം എന്ന് പേര് ലഭിച്ചതെന്നും ഈ രാജവംശത്തിന്റെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു എന്നും മറ്റുമുള്ള വാദഗതിയും ചരിത്ര ഗവേഷകർ ഉയർത്തുന്നുണ്ട്.

ചരിത്ര ശേഷിപ്പുകൾ എന്ന തരത്തിൽ വിലയിരുത്താവുന്ന കോതമംഗലം മർത്താമറിയം വലിയ പള്ളിയും മർത്തോമ ചെറിയ പള്ളിയും കത്തീഡ്രൽ പള്ളിയും അടുപ്പുകല്ലുകൾപോലെ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു.മൂന്നു കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന തൃക്കാരിയൂർ മാഹാദേവ ക്ഷേത്രത്തിനും ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. നഗരത്തിന്റെ തിലകക്കുറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്തോമ ചെറിയ പള്ളിക്ക് കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ നിർണ്ണായക സ്ഥാനമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.എൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സുറിയാനി ക്രിസ്തിയാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്.

പള്ളി സ്ഥാപിച്ചത് സംബന്ധിച്ച് ചരിത്രത്തിലെ പരാമർശങ്ങൾ ഇങ്ങിനെ...പ്രദേശത്തെ വലിയ വ്യാപാര കേന്ദ്രമാക്കാൻ ഭരണകർത്താവായിരുന്ന പാറയ്ക്കാനാട്ട് കയ്മൾ ഉൾപ്പെടെ ഏതാനും പ്രബലർ ശ്രമിച്ചിരുന്നു.കമ്പോളം സ്ഥാപിക്കാനായി ഇവർ കണ്ടെത്തിയ കട്ടച്ചിറ കുരിയൻ കതുരിയതനും ആരാധനയ്ക്കായി പള്ളിവയ്ക്കുന്നതിന് പൂക്കോട്ടുമല കയ്മൾമാർ ദാനമായി നൽകി.1340-ൽ ഇവിടെ കന്യാമറിയത്തിന്റെ നാമത്തിൽ പള്ളി സ്ഥാപിച്ചു.പ്രദേശം അഭിവൃത്തി പ്രാപിച്ചുവരവേ ഇടവകക്കാർക്കിടയിലെ അഭിപ്രായഭിന്നത മൂലം 18 വീട്ടുകാർ പള്ളിയിൽ നിന്നും പിരിയാൻ തീരുമാനിച്ചു. വിവരമറിഞ്ഞ് ദയതോന്നി കൈമൾമാർ ഇവർക്ക് കൊള്ളിക്കാട്ടുമലയിൽ പള്ളിവയ്ക്കാൻ അനുമതി നൽകി.ഇത് പ്രകാരം ഇവർ 1451 ധനു 18-ന് കൊള്ളിക്കാട്ടുമലയിലെ പട്ടക്കാടുമുകളിൽ പരിശുദ്ധ മാർത്തോമയുടെ നാമത്തിൽ കുരിശു സ്ഥാപിച്ചു.ഈ കുരിശ് പോത്താനിക്കാട്ട് ചെറിയാൻ ഉണ്ണൂപ്പ് പറിച്ചു കളഞ്ഞെന്നും തുടർന്ന് കൈമളെ വിവരം അറിയിച്ച് 13400 പൊൻപണം വീതിച്ചെടുത്ത് പള്ളിപണിയുന്നതിനുള്ള സ്ഥലം സ്വന്തമാക്കി.പിന്നീട് ക്രിസ്തുവർഷം 1455 കന്നി 13-ന് കുരിശ് സ്ഥാപിച്ചുകൊണ്ട് പള്ളിനിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പള്ളിവക സ്ഥലത്തിന്റെയും കുരിശിന്റെയും സംരക്ഷണം മൂത്തേടത്ത് സ്വരൂപി എറ്റെടുത്തു.

1558-മീനത്തിൽ അന്നത്തെ ജാതിത്തലവനായ ഇടപള്ളിയിലെ ഇട്ടിക്കുരിശ് അർക്കദിയോക്കൽ അച്ചൻ സ്ഥലത്തെത്തുകയും പള്ളിക്കാർ തമ്മിലുള്ള വഴക്ക് പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു.1065-ൽ നിർച്ചാൽകോട്ടയിലെ ചെറിയപള്ളിക്ക് പ്രത്യേക ഭരണഘടന ഉണ്ടാക്കി ഇടവകക്കാർ ഭരണം തുടങ്ങി.1108-ലും 1110-ലും ഭരണഘടന പുതുക്കി.1110-ൽ പുതുക്കിയ ഭരണഘടന പ്രകാരമാണ് പള്ളി ഇപ്പോഴും ഭരിക്കപ്പെടുന്നത്.മലങ്കരയിലെ യാക്കോബായ സുറിയാനി പള്ളികളിൽ മുഖ്യ സ്ഥാനത്താണ് കോതമംഗലം മാർത്തോമ ചെറിയപള്ളി.ഇവിടെ 2000 -ത്തോളം ഇടവകക്കാരുണ്ട്. മാർബസ്സേലിയോസ് ആശുപത്രിയും സംസ്ഥാന സ്‌കൂൾ കായികമേളകളിൽ മികച്ച വിജയം സ്വന്തമാക്കി വരുന്ന മാർബേസ്സിൽ ഹയർ സെക്കന്ററി സ്‌കൂളും നെല്ലിമറ്റം എംബിറ്റ്‌സ് കോളേജും മാർബസേലിയോസ് ദന്തൽകോളേജുമുൾപ്പെടെ നിരവധി സ്ഥപനങ്ങൾ ഈ ദേവാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.കിഴക്കൻ മേഖലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മാർ അത്തനേഷ്യസ് കോളേജിന്റെ നിർമ്മിതിയിലും പള്ളിവഹിച്ച പങ്ക് നിർണ്ണായകമായിരുന്നു.

പറങ്കികളുടെ ആക്രമണത്താൽ കഷ്ടപ്പെട്ടിരുന്ന മലങ്കര സഭയെ രക്ഷിക്കാൻ പാത്രിയാർക്കീസ് ബാവയുടെ കൽപ്പന പ്രകാരം യൽദോമാർ ബസേലിയോസ് ബാവ എത്തിയതും തുടർന്നുള്ള സംഭവ പരമ്പരകളുമാണ് പള്ളിയുടെ ഇന്നുള്ള പ്രശസ്തിക്ക് വഴിതെളിച്ചത്.1685 കന്നി 7-ന് ബാവ കോതമംഗലം ചെറിയപള്ളിയിൽ എത്തിയെന്നും ഇതേ വർഷം കന്നി 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ക്ഷിണവും കഷ്ടതകളും മൂലമുണ്ടായ അവശതകളാലും പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാലും അവശനായ ബാവ പള്ളിയിയിൽ വച്ച് ബാവ ഇഹലോകവാസം വെടിഞ്ഞെന്നുമാണ് ചരിത്രം.ഭൗതീക ശരീരം പള്ളി മദ്ബഹായുടെ തെക്ക് വശത്ത് സംസ്‌കരിച്ചു.ഈ കബർ സ്ഥിതി ചെയ്യുന്ന പള്ളി അന്ത്യോഖ്യ സിംഹാസനത്തിന് വിധേയമാക്കപ്പെട്ടിട്ടുള്ളതാണ്.

ബാവയെ പള്ളിയിലേയ്ക്ക് ആനയിച്ചത് പ്രദേശത്തെ ചാക്കാല നായർ കുടംമ്പാംഗമായിരുന്നെന്നും ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് ചാക്കാല നായർ യുവാവിന്റെ പിന്മുറക്കാർ ഇന്നും പള്ളിയിലെ കന്നി 20 പെരുന്നാൾ പ്രദക്ഷിണത്തിന് തുക്കുവിളക്ക് എടുക്കുന്നതെന്നുമാണ് നുറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രചാരണം.സെപ്തംമ്പർ 25-ന് കൊടിയേറുന്ന കന്നി 20-പെരുന്നാൾ 10 ദിവസം നീണ്ടുനിൽക്കും.പെരുന്നാളിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒക്ടോബർ1 മുതൽ 5 വരെ നഗരം ഫെസ്റ്റിവൽ ഏര്യയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.കന്നി 19-ന് നടക്കുന്ന പെരുന്നാൾ പ്രദക്ഷിണത്തിൽ നാടിന്റെ നാനാഭാഗത്തുനിന്നായി എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ അണിചേരും.ഈ പ്രദക്ഷിണത്തിന്റെ മുൻനിരയിലാണ് നായർ കുടുംമ്പാംഗം വൃതശുദ്ധിയോടെ എത്തി തൂക്കുവിളക്കെടുക്കുന്നത്.കഴിഞ്ഞ 333 വർഷമായി പള്ളിയിൽ ഈ ആചാരം തുടരുന്നു.

യാക്കോബായക്കാർക്ക് പറയാനുള്ളത്

ഈ കബറിങ്കൽ ആർക്കും വരാം.. അവകാശികളായല്ല അഭയാർത്ഥികളായി.. ഇതാണ് ഇപ്പോൾ യാക്കോബായ പക്ഷക്കാരായ ഇവിടുത്തെ വിശ്വാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയുടെ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന ആചാര-വിശ്വാസങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വിശ്വാസ-ആചാരങ്ങൾ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി ഇക്കൂട്ടരെ ഒന്നടങ്കം ആശങ്കകൂലരാക്കിയിട്ടുണ്ട്.

1934ലെ ഓർത്തഡോക്‌സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാച്ചന് പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടുമാണ് കോടതി വിധി ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ പള്ളിക്കമ്മറ്റി നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള ഈ വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.മുൻപും ഇത്തരത്തിൽ വിധി വന്നപ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങിയിരുന്നു.

വിധി അറിഞ്ഞപ്പോൾ മുതൽ വിശ്വാസികൾ പള്ളിയിലേക്ക് എത്തിതുടങ്ങിയിരുന്നു ഒറ്റയ്ക്കും കൂട്ടമായും ഇത് ഇപ്പോഴും തുടരുന്നു.നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്നാണ് യാക്കോബായ വിശ്വാസികളുടെ പ്രധാന ആരോപണം.നിലവിലെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് കോതമംഗലത്തെ ഇതര മത നേതാക്കാളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പള്ളിക്കറ്റിക്ക് പൂർണ്ണപിന്തുണ അറിയിട്ടുണ്ട്.കോതമംഗലത്തെ കലാപഭൂമിയാക്കി പള്ളി പൂട്ടുന്ന സ്ഥിതി അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പള്ളി സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.

പള്ളിയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവൻ ത്യജിക്കാൻപോലും തങ്ങൾ തയ്യാറാണെന്നുള്ള പ്രഖ്യപനവുമായി വിശ്വാസികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ഭക്തിയുടെ മാർഗ്ഗവിട്ടുള്ള പ്രതിഷേധ പരിപാടികൾ നടത്താനോ സംഘടിപ്പിക്കാനോ പള്ളി മുന്നിട്ടിറങ്ങില്ല.ഈ മാർഗ്ഗം എല്ലാം നേടിത്തരുമെന്ന് അഞ്ചലമായ വിശ്വാസത്തിന്റെ നിറവിലാണ് ഓരോരുത്തരും പള്ളിയിലേക്ക് എത്തുന്നത്.പള്ളി ട്രസ്റ്റി അഡ്വ.സി ഐ ബേബി മറുനാടനോട് പറഞ്ഞു.അന്ത്യോഖ്യയും മലങ്കരയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനാണ് സിറിയയിൽ നിന്നും ബാവ ഇവിടെ എത്തിയത്.വൈദേശിക ആധിപത്യം അനുവദിക്കില്ലന്നാണ് ഇപ്പോൾ ഓർത്തഡോക്‌സ്‌കാരുടെ നിലപാട്.പാത്രിയർക്കാ ബാവയെ അംഗീകരിക്കില്ലന്നും മലങ്കര കാതോലിക്കായെ മാത്രമേ അംഗീകരിക്കു എന്നുമാണ് അവരുടെ നിലപാട്.വൈദേശിക നേതൃത്വം അനുവദി്ക്കാൻ കഴിയില്ല,പക്ഷേ ബാവയുടെ കബർ സ്ഥിതിചെയ്യുന്ന പള്ളിവേണം.കുർബ്ബാന അർപ്പിക്കുന്നതിനോ വിശ്വാസ സംരക്ഷണത്തിനോ വേണ്ടിയല്ല ഇപ്പോൾ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നത്.എങ്ങിനെയെങ്കിലും പള്ളിപൂട്ടിക്കുക .അതാണ് അവരുടെ ലക്ഷ്യം.

വിശ്വാത്തെ ചെറുക്കാൻ ആരുവന്നാലും അവർ അത് സംരക്ഷിക്കാൻ ശ്രമിക്കും.കഴിഞ്ഞദിവസം തോമസ്സ് പോൾ റമ്പാൻ പൊലീസ് സംരക്ഷണയിൽ പള്ളിയിൽകയറാൻ എത്തിപ്പോഴും സംഭവിച്ചത് അതാണ് .ഇനി ആരുവന്നാലും ഇത് തന്നെ സംഭവിക്കും.അദ്ദേഹം വ്യക്തമാക്കി.ഇതര മതവിശ്വാസികളും പള്ളിയുടെ വിശ്വാസം സംരക്ഷിച്ച് നില നിർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ഇക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പം അണിചേരാൻ താനടക്കമുള്ളവർ ശക്തമായി രംഗത്തുണ്ടാവുമെന്നും മുൻസിപ്പൽ കൗൺസിലർ ഭാനുമതി രാജു വ്യക്തമാക്കി.എന്ത് വിഷമവും മുത്തപ്പന്റെ പള്ളിയിലെത്തി ,മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാൽ മാറും.ഇപ്പോൾ ചിലതൽപര കക്ഷികൾ പള്ളി കയ്യേറാനും മറ്റും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി അറിഞ്ഞു.ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.എന്തുതന്നേ വന്നാലും പള്ളിയും വിശ്വാസവും ഞങ്ങൾക്ക് തന്നേ കിട്ടണമെന്ന പ്രാർത്ഥയാണ് ഇപ്പോഴുള്ളത്. അവർ തുടർന്നു പറഞ്ഞു.

ജീവൻ ത്യജിച്ചും വിശ്വാസം സംരക്ഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .നൂറു വർഷം മാത്രം പഴക്കമുള്ള നൂതന സിംഹാസന തർക്കവുമായി മുന്നോട്ടുപോകുന്ന വിരലിലെണ്ണാവുന്നവർക്കുവേണ്ടി പതിനായിരക്കണക്കിന് ആളുകൾ കൂടുന്ന ദേവാലയം മാറി നിന്നുകൊടുക്കുക എന്ന് പറയുന്നത് നീതിക്കും ന്യായത്തിനും ചേർന്നതല്ല.തോമസ്‌പോളിന്റെ നീക്കം എത് വിലകൊടുത്തും ചെറുക്കും ,തകർക്കും സംശയമില്ല. മുൻ കോളേജ് അദ്ധ്യാപകൻ കൂടിയായ എ പി എൽദോസ് പറഞ്ഞു.