മെക്‌സിക്കൻ അപാരതക്കാരുടെ സമയമാണ് സമയം. ഈ ലേഖകനൊക്കെ കാമ്പസ് രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന കാലത്ത് നമ്മുടെ മാതൃഭൂമിയും മനോരമയും മൽസരിച്ച് കൊടും നുണകൾ നിരത്തി എഡിറ്റോറിയലുകൾ എഴുതുകയായിരുന്നു. കാമ്പസുകളിലെ സകല കുഴപ്പത്തിനുകാരണം വിദ്യാർത്ഥി രാഷ്ട്രീയമാണെന്നും അതിനാൽ അത് നിരോധിക്കപ്പെടണമെന്നും! എന്നാൽ ഇപ്പോഴോ? അതേ പത്രങ്ങളുടെ അവരുടെ ചാനലുകളുമൊക്കെ ഇന്ന് കണ്ടത്തെുന്നത് സ്വാശ്രയ കോളജുകളിലെടക്കം നിലവിലുള്ള മിക്ക പ്രശ്‌നങ്ങൾക്കും കാരണം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അഭാവമാണെന്നാണ്.ചരിത്രത്തിന്റെ തിരച്ചടിയെന്ന് പറയുന്നത് ഇതിനൊക്കെയാണ്.

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം വഴിത്തിരുവിലത്തെി നിൽക്കുന്ന കാലമാണിത്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരയായി ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥി ജീവനൊടുക്കിയത് അടക്കമുള്ള സംഭവങ്ങൾ കലാലയങ്ങളിൽ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയർത്തി.ഒരു കാമ്പസിൽനിന്ന് തുടങ്ങിയ പ്രക്ഷോഭത്തിന്റെ തീജ്ജ്വാല ഒരു പാട് കലാലയങ്ങളിലേക്ക് പടരുകയും ചെയ്തു. ഇങ്ങനെ വിദ്യാർത്ഥികൾ തിളച്ചുമറിയുന്ന ഒരു കാലം വീണ്ടും സംജാതമായെന്നുള്ളതാണ് , മെക്‌സിക്കൻ അപാരതക്കാരുടെ എറ്റവും വലിയ ഭാഗ്യം. സിനിമ അനൗസ് ചെയ്യുമ്പോൾ ഇതുപോലൊരു അനുകൂല സാഹചര്യം വരുമെന്ന് അണിയറക്കാർപോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

അതുപോലെതന്നെ ടെയിലറും ടീസറും ഫുൾപേജ് പരസ്യവുമൊക്കെയായി കൃത്യമായ മാർക്കറ്റിങ്ങ് സ്ട്രാറ്റജിയൊരുക്കുന്നതിലും ഈ പടം വിജയിച്ചു. കേരളത്തിലെ ഏറ്റവം വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ സ്വന്തം പടമാണിതെന്ന് തോന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.അതുകൊണ്ടുതന്നെ ഈ പടത്തിനായി കാമ്പസുകളിലെ കുട്ടിസഖാക്കൾ ചെങ്കൊടിയുമായ മുദ്രാവാക്യം വിളിച്ച് ഒഴുകിയത്തെുകയാണ്. വിദ്യാർത്ഥികൾ മാത്രമല്ല, ഒരിക്കലെങ്കിലും കാമ്പസിന്റെ ഇടനാഴികളിലൂടെ നടന്ന് ഒരു തവണ മുഷ്ടി ചുരുട്ടിയവർപോലും ആവേശത്തോടെ അപരാതയിലേക്ക് പ്രവഹിക്കുന്നതോടെ പടം സമീപകാലത്തെ ഏറ്റവും വലിയ ഇനീഷ്യലുമായി സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. അല്‌ളെങ്കിലും നൊസ്‌ററാൾജിയ നമ്മുടെ മലയാളികളുടെ ഇഷ്ട വിഭവമാണെല്ലോ.അത് രാഷ്ട്രീയമായാലും പ്രണയമായാലും. പക്ഷേ കലാപരമായി നിരൂപിക്കുമ്പോൾ ശരാശരി മാത്രാണ് ടോം ഇമ്മട്ടിയെന്ന നവാഗത സംവിധായകൻ ഒരുക്കിയ ഈ പടം. പക്ഷേ ടൊവീനോ തോമസ്എന്ന യുവനടന്റെ അസാധ്യമായ പ്രകടനവും, ഇമ്പമാർന്ന ഗാനങ്ങളും, പ്രസരിപ്പാർന്ന ദൃശ്യപരിസരവുമൊക്കെ ചേരുമ്പോഴുള്ള ഒരു ഓളത്തിലാണ് പടം പെരുക്കുന്നത്. ചേരുവകളൊത്ത മികച്ച കച്ചവട സിനിമതന്നെയാണ് ഇതും.

പക്ഷേ പോസ്റ്ററൊട്ടിക്കയും മുദ്രാവാക്യം വിളിക്കുകയും എതിരാളിയെ തിരച്ചടിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയമെന്ന പൈങ്കിളി ബോധത്തിൽനിന്ന് പുറത്തുകടക്കാനാവാത്ത ഈ പടത്തിനായി ഇൻക്വിലാബ് വിളിക്കാൻ മാത്രം, ദുർബലമാണോ നമ്മുടെ കാമ്പസിന്റെ രാഷ്ട്രീയ ധാരണകൾ എന്ന സംശയവും പടം കണ്ടപ്പോൾ തോനുന്നു.

വിജയ സൂത്രവാക്യം ഇങ്ങനെ

എന്തൊക്കെ വിമർശനം ഉണ്ടെങ്കിലും കേരളത്തിലെ ഭൂരിഭാഗവും കാമ്പസുകളുടെ പൊതുമനസ്സും പൊതുബോധവും കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി എസ്.എഫ്.ഐക്ക് ഒപ്പമാണെന്നതിൽ തർക്കമില്ല. മറ്റുപാർട്ടികളുടെ അനുഭാവികളും ഒന്നിലും താൽപ്പര്യമില്ലാത്തവരുമൊക്കെ കോളേജിലത്തെുമ്പോൾ ആ ഒഴുക്കിൽപെട്ട് എസ്.എഫ്.ഐ ആയി മാറുന്നരാണ്. ഇവരിൽ പലരും സി പി എമ്മുകാരായി മാറുന്നില്ല. പ്രത്യയശാസ്ത്ര ബോധമൊന്നുമില്ലാതെ കെ. എസ്.യുക്കാരനെ നേരിട്ടും പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ഒരു ആവേശക്കൂട്ടത്തിൽ പങ്കെടുത്തെന്നപോലെ സംഘടനാ പ്രവർത്തനം നടത്തിയവരാണ് പലരും. പക്ഷേ അവരെല്ലാം ഒരു ഇടതുമനസ്സ് കാത്തുസൂക്ഷിക്കുന്നു. അവർക്കെല്ലാം ഈ കലാലയ രാഷ്ട്രീയ കാഴ്ചകൾ ആവേശം നൽകുന്ന ഗൃഹാതുരത്വമാണ്. പക്ഷേ ഇത്തരക്കാരെ മാത്രമല്ല, വേഗത്തിലുള്ള കഥ പറച്ചിലും താളവും കൊണ്ട് സാധാ പ്രേക്ഷകർക്കും ചിത്രം ഇഷ്ടമാവും. അങ്ങനെ ഇടതുപ്രേക്ഷകരെയും അതല്ലാത്തവരെയും കൂട്ടിക്കെട്ടാൻ കഴിഞ്ഞുവെന്നതാണ് ഈ പടത്തിന്റെ വിജയ സൂത്രവാക്യവും.

അല്ലാതെ ഇടതുപക്ഷത്തെ പൊക്കിവിടുന്നുവെന്ന കാരണത്താൽ എതെങ്കിലും ഒരു സിനിമ വിജയിക്കണം എന്നില്ലല്ലോ. (അങ്ങനെയാണെങ്കിൽ ദേശാഭിമാനിയായിരിക്കണം കേളരത്തിൽ ഏറ്റവും സർക്കുലേഷനുള്ള പത്രം. ചാനൽ കൈരളിയും!) തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ചുള്ള സിനിമക്ക് സഖാക്കൾ കൂട്ടമായി എത്തുമെങ്കിൽ വിപ്‌ളവ നായകനായ പി കൃഷ്ണപിള്ളയുടെ കഥപറഞ്ഞ 'വസന്തത്തിന്റെ കനൽ വഴികളും' മറ്റും നൂറുദിവസം ഓടണം. ബാലസംഘം കുട്ടികൾപോലും ഇവയൊന്നും കണ്ടിട്ടില്ല. അവിടെയാണ് ടോം ഇമ്മട്ടി എന്ന യുവസംവിധായകന്റെ മിടുക്ക് ഇരിക്കുന്നത്. രചനാപരമായി അത്ര മികവു പുലർത്താൻ സാധിച്ചില്ലങ്കെിലും സംവിധായകനെന്ന നിലയിൽ ടോം ഇമ്മട്ടി കയ്യടി നേടുന്നുണ്ട്. കലാലയത്തിന് വെളിയിൽ അധികം രംഗങ്ങളൊന്നുമില്ലങ്കെിലും അവതരണ ഭംഗിയാൽ ഛായാഗ്രഹണം നിർവ്വഹിച്ച പ്രകാശ് വേലായുധൻ രംഗങ്ങൾ മിഴിവുറ്റതാക്കി. ഗോപീസുന്ദറിന്റെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലസംഗീതവും മകിച്ച ഗാനങ്ങളും കൂടിയാവുന്നതോടെ, വാണിജ്യ സിനിമയെ ഇഷ്ടപ്പെടുന്ന ആർക്കും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമായി ഇത് മാറുന്നു. അത് നല്ലതുതന്നെ, പക്ഷേ ഇതൊരു മഹത്തായ രാഷ്ട്രീയ ചിത്രമാണെന്നൊന്നും വീമ്പടിക്കുരുത് എന്നേയുള്ളൂ

രാഷ്ട്രീയം എന്ന പേരിൽ കട്ടക്കലിപ്പ് വിറ്റ് കാശാക്കുന്നു?

ഏറെ ശ്രദ്ധേയമായ നിരവധി രാഷ്ട്രീയ ചിത്രങ്ങൾ പലകാലങ്ങളിലായി മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങളോട് താരതമ്യം ചെയ്താൽ പ്രമേയപരമായി അത്ര ഉയരത്തിൽ നിൽക്കുന്ന ചിത്രമൊന്നുമല്ല മെക്‌സിക്കൻ അപാരത. രാഷ്ട്രീയ സിനിമ എന്ന പേരിൽ 'കട്ടക്കലിപ്പ്' വിറ്റ് കാശാക്കാനുള്ള ശ്രമത്തിനപ്പറത്തേക്ക് പോകാൻ ഈ പടത്തിന് കഴിയുന്നുമില്ല. പോസ്റ്ററൊട്ടിക്കുകയും കെ എസ് യുക്കാരെ തിരിച്ചടിക്കുകയും ചെയ്യന്നതാണ് ഏറ്റവും വലിയ ഇടത് പക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം എന്ന് പടം കണ്ടാൽ തോന്നിപ്പോവും. പക്ഷേ അടിയും പ്രണയവും ഡയലോഗും കോമഡിയും മദ്യപാനവും കഞ്ചാവുവലിയുമെല്ലാം നിറഞ്ഞ ഒരു ശരാശരി കോളേജ് കഥയെന്ന നിലയിൽ ഇതിനെ കണ്ടാൽ വലിയ കുഴപ്പമില്ല.

കലയായാലും കച്ചവടമായാലും എന്നും നല്ല വിൽപ്പന ചരക്കാണ് ഇടതുപക്ഷവും ചുവന്ന കൊടിയും ചെഗുവേരയുമെല്ലാം. അധികാരത്തിലായാലും ഇല്‌ളെങ്കിലും സി പി.ഐ എം എന്ന പ്രസ്ഥാനത്തിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കേരളത്തിലെ മാധ്യമങ്ങൾക്കും താത്പര്യം. കാരണം കേരളത്തിൽ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇപ്പോഴും ഇടതുപക്ഷത്തിന് ഒപ്പമാണ്. കോൺഗ്രസിന്റെയും കെ.എസ.യുവിന്റെയും കാര്യങ്ങളറിയാൻ ആളുകൾക്ക് താത്പര്യമില്ല. അത് കവർ‌സ്റ്റോറിയായാൽ വിറ്റുപോവില്ല. അതുകൊണ്ട് തന്നെയാണ് പിണറായി വിജയനിലും വി എസ് അച്യുതാനന്ദനിലുമായി നമ്മുടെ ചാനൽ-പത്രവാർത്തകൾ കിടന്ന് കറങ്ങുന്നത്. ഈ വിൽപ്പന സാധ്യത തന്നെയാണ് മെക്‌സിക്കൊക്കാരെ എസ് എഫ് ഐ യെ കേന്ദ്രമാക്കി കഥപറയാൻ പ്രേരിപ്പിച്ചതെന്നതിന്റെ കൂടതൽ സൂചനകൾ ചിത്രമിറങ്ങിയതോടെ പറത്ത് വരുകയും ചെയ്തിട്ടുണ്ട്.

ഇതിനിടിയിൽ ചില വാർത്തകൾ കേട്ടിരുന്നു. ഈ പടം ഒരു കെ. എസ്.യു പ്രാധാന്യമുള്ള ചിത്രമാക്കാനായിരുന്നത്രെ സംവിധായകന്റെ തീരുമാനം. മഹാരാജാസ് കോളേജിൽ കെ എസ്.യുക്കാർ നേരിട്ട പീഡനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ് എഫ് ഐക്കാരെ വില്ലന്മാരാക്കിയുള്ള ചിത്രമായിരിക്കും അതെന്ന് വ്യക്തം. ചിത്രത്തിൽ വില്ലനായ കെ. എസ്.യു നേതാവായി വേഷമിട്ട മഹാരാജാസിലെ കെ എസ് യു നേതാവായിരുന്ന ജിനോ ജോൺ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ആർക്കും വേണ്ടാതായ കെ.എസ്.യുവിന് സിനിമയിലും മാർക്കറ്റില്ലന്നെ് മനസ്സിലാക്കിയ നിർമ്മാതാക്കളാരും ചിത്രമെടുക്കാൻ വരാതായതോടെയാണ് കഥ മാറ്റി വിഷയം തലതിരച്ചിട്ടത്. ജിനോ ജോൺ ഉൾപ്പെടെയുള്ളവർ നേരിട്ട അക്രമങ്ങൾ, പോൾ വർഗ്ഗീസിലേക്ക് മാറ്റി അയാളെ പോരാളിയാക്കിയപ്പോൾ മെക്‌സിക്കൊ തിയേറ്ററിലും തരംഗമായി! ( ഇത് കെ.എസ്.യു നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അല്ലാതെ ഈ പടത്തിന്റെ അണിയറക്കാരെ തെറിവിളിച്ചതുകൊണ്ടായില്ല. എങ്ങനെ കെ.എസ്.യു എടുക്കാച്ചരക്കായി എന്ന ആത്മവിമർശം ഈ പടത്തിന്റെ പശ്ലാത്തലത്തിലെങ്കിലും ഉയർന്നുവരട്ടെ. കാമ്പസുകളിൽ ഇന്ന് കെ.എസ്.യുവിനെ എ.ബി.വി.പി വിഴുങ്ങിക്കൊണ്ടിരിക്കയാണെന്ന സത്യം ആർക്കാണ് അറിയാത്തത്)

എസ്.എഫ്.ഐ അൺലിമിറ്റഡ്!

കാമ്പസിനെ ഏറെ മനോഹരമായി ആവിഷ്‌ക്കരിച്ച ചിത്രങ്ങളായിരുന്നു വേണു നാഗവള്ളിയുടെ 'സർവ്വകലാശാലയും', ലാൽജോസിന്റെ 'ക്‌ളാസ്‌മേറ്റ്‌സും'. കാമ്പസ് ചിത്രങ്ങളെന്ന പേരിൽ മലയാളത്തിൽ പുറത്തിറങ്ങിയ മറ്റ് പല സിനിമകളും വെറും തട്ടിക്കൂട്ടുകൾ മാത്രമായിരുന്നു. ഈയൊരു ഗണത്തിൽ നോക്കിയാൽ കാലാലയ പ്രസരിപ്പ് രസകരമായി ആവിഷ്‌ക്കരിക്കുന്ന ചിത്രം തന്നെയാണ് മെക്‌സിക്കൻ അപാരത. മറ്റ് കാമ്പസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥി രാഷ്ട്രീയം മാത്രം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്.

കെ. എസ്. ക്യൂ എന്ന് പേര് മാറ്റിയ കെ. എസ്.യു കുത്തകയാക്കിവച്ച കാമ്പസിൽ (മഹാരാജാസ്) എസ്.എഫ്.വൈ എന്ന് സിനിമയിൽ വിളിക്കുന്നു, എസ്.എഫ്.ഐ വേരുകളിറക്കുന്നതും, അതിലേക്കുള്ള യാത്രയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചുരുക്കിപ്പറഞ്ഞാൽ ഒരു മെക്‌സിക്കൻ അപരാത. കോളേജിൽ കെ. എസ്.ക്യുക്കാരുടെ നേതൃത്വത്തിൽ അരാജകത്വമാണ് നടമാടുന്നത്. തങ്ങൾക്ക് താത്പര്യമില്ലാത്തവരെ തല്ലിയൊതുക്കിയും, മദ്യപിച്ചും കെ. എസ്. ക്യു നേതാക്കൾ തേർവാഴ്ച നടത്തുന്നു. മുണ്ടുടുക്കാനും മുടിവളർത്താനുമുള്ള അവകാശം പോലും വിദ്യാർത്ഥികൾക്കില്ല. കലോത്സവങ്ങളിൽ കോളേജിലെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പോലും കെ. എസ്.ക്യുവിനോട് ആഭിമുഖ്യം പുലർത്തുന്നവർക്ക് മാത്രമെ അവസരമുളൂ.

 

കഥ നടക്കുന്ന കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ സൂചന സിനിമ നൽകുന്നില്ലങ്കെിലും ഏറെക്കുറേ കേരളത്തിലെ കലാലയങ്ങൾ എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലായ ഒരു കാലത്താണ് കഥയെന്ന് ഏറെക്കുറേ വ്യക്തമാണ്. ഏതായാലും അതിവിദൂരത്തില്ലാത്ത ഒരു കാലത്തൊന്നും എസ്.എഫ്.ഐയെ അടിച്ചൊതുക്കി വാഴ്ച നടത്താൻ കെ എസ് യു വിന് എവിടെയും സാധിച്ചിട്ടില്ല. എങ്കിലും സിനിമയെന്ന നിലയിൽ ഇത്തരം തിരുത്തലുകൾ നടത്താൻ സംവിധായകന് അവകാശമുള്ളതുകൊണ്ട് ഇക്കാര്യം നമുക്ക് മറക്കാം.

പക്ഷേ കെ.എസ്.യുക്കാരെ മൊത്തം വില്ലന്മ്മാരായി ചിത്രീകരിച്ചത് ചരിത്രനിഷേധവും അങ്ങേയറ്റം പക്ഷപാതപരവുമാണ്.ഇടതുപക്ഷത്തെ പറ്റെ താറടിച്ച 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ മറ്റൊരു രാഷ്ട്രീയ പകർപ്പായി മെക്‌സിക്കൻ അപാരത മാറുന്നതും ഇതുകൊണ്ടാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ പിണറായി വിജയന്റെ വേഷം ചെയ്ത ഹരീഷ് പേരോടി തന്നെ ഇവിടെ സാത്വികനായ ജില്ലാസെക്രട്ടറിയായി വരുന്നുവെന്നതും ശ്രദ്ധേയമാണ്.

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന പോൾ വർഗീസ് ഒരു സാധാരണ വിദ്യാർത്ഥിയാണ്. മനസ്സിലും മുഖത്തും പ്രണയവുമായത്തെുന്ന ഒരു സുന്ദരക്കുട്ടപ്പൻ. ഈ സാധാരണ വിദ്യാർത്ഥി എങ്ങിനെ കോളേജിലെ വിപ്‌ളവ നായകനായി പരിണമിക്കുന്നു എന്നുള്ളതാണ് കഥ. തന്നെപ്പോലെ അലസനായിരുന്നു ചെഗുവേരയെന്ന് സഹകഥാപാത്രങ്ങൾ പോളിനെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഈ കലാലയത്തിന് ചോരയിൽ മുങ്ങിയ പോരാട്ടത്തിന്റെ ഒരു ഭൂതകാലമുണ്ട്. അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട കൊച്ചനിയൻ എന്ന ഉശിരൻ സഖാവിന്റെ ചോര വീണ മണ്ണാണിത്.

അലസമായ ജീവിതത്തിനിടയിൽ രാത്രിയിലുണ്ടായ ഒരു സംഘട്ടനത്തിന്റെയിടയിൽ പോൾ വർഗീസ് കാലങ്ങളായി അടഞ്ഞു കിടക്കുന്ന എസ്.എഫ്.വൈ യുടെ ഓഫീസായ മെക്‌സിക്കൊയിൽ കയറി ഒളിക്കുന്നു. അവിടെയയാൾ ചെഗുവേരയുടെ തീഷ്ണമായ നോട്ടത്തിന് മുന്നിൽ പതറി നിൽക്കുന്നു. ചെങ്കൊടിക്കിടയിലൂടെ അയാൾ കൊച്ചനിയനെ കാണുന്നു. ഇതോടെ കൊച്ചനിയന്റെ ദൗത്യം സഫലമാക്കാനുള്ള പോരാട്ടത്തിന്റെ വഴിയിലേക്ക് പോൾ വർഗീസ് കടക്കുകയാണ്.

അലസമായ വഴികളിൽ നിന്ന് വിപ്‌ളവ പാതയിലേക്ക് വഴിമാറി നടക്കുന്ന ഒരു കൂട്ടം യവാക്കളുടെ കഥ പറഞ്ഞ 'രംഗ് ദേ ബസന്തി' എന്ന ചിത്രത്തിലേതുപോലെ ഒരു മാറ്റമാണ് പോളിനും. എന്നാൽ യുവാക്കളുടെ പതിയെയുള്ള മാറ്റം വ്യക്തമായി അവതരിപ്പിച്ച രംഗ് ദേ ബസന്തിയിലേതുപോലെ അത്ര പെട്ടന്ന് ഉൾക്കോള്ളാവുന്നതല്ല പോളിന്റെ മാറ്റം. ഒരു രാത്രിയിലെ ചില കാഴ്ചകളിലൂടെ പോൾ ആളാകെ മാറുന്നു. കെ. എസ്.ക്യുക്കാരെ നേരിട്ട് കലാലയത്തിൽ ചെങ്കൊടി പാറിച്ച് പോൾ കൊച്ചനിയന്റെ സ്വപ്നം സഫലമാക്കി തന്റെ വിപ്‌ളവ ജീവിതം സാർഥകമാക്കുന്നു. തിരിച്ചടിയിൽ പതറി കെ. എസ്. ക്യുക്കാർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കും വീഴുന്നു.

ലോ അക്കാദമിയിലെ സമരം അവസാനിച്ചിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ആ സമരത്തിൽ നിന്ന് പിന്തിരിഞ്ഞന്ന് പറഞ്ഞ് മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ക്ഷീണം എസ്.എഫ് .ഐക്ക് ഇപ്പോഴുമുണ്ട്. ആ നിരാശയിൽ നിൽക്കുന്ന പ്രവർത്തകർക്ക് തങ്ങളുടെ ഭൂതകാലവും പേരാട്ടവഴികളും തീയേറ്റിൽ കാണുമ്പോഴുള്ള ആവേശവും താദാത്മ്യബോധം ചില്ലറയല്ല. സഖാവ് പോൾ വർഗീസ് ഇൻക്വിലാബ് വിളിക്കുമ്പോൾ തിയേറ്ററിലെ ഇരുട്ടിലിരുന്ന് ഒരോ എസ് എഫ് ഐക്കാരനും മനസ്സിൽ ഇൻക്വിലാബ് വിളിക്കയാണ്!

ആസ്വാദകർ ആവേശഭരിതരായി കയ്യടിച്ച് മുന്നോട്ട് പോകുമ്പോൾ ചെറിയൊരു ട്വിസ്റ്റ് ഒരു വേള തിയേറ്ററിനെ ആകെ നിശബ്ദമാക്കി. നായകനായ പോൾ വർഗീസിനെ കൊന്ന് കോളേജിൽ ഒരു രക്തസാക്ഷിയെ ഉണ്ടാക്കണമെന്ന് ഒരു പാർട്ടി നേതാവ് തന്നെ പറയുമ്പോൾ കഥയാകെ മാറിയോ എന്ന് സംശയിച്ചിരുന്നു. എന്നാൽ കച്ചവട സൂത്രം മനസ്സിലുള്ള നിർമ്മാതാക്കൾ അത്തരം വഴിയിലേക്കൊന്നും പിന്നീട് സഞ്ചരിച്ചില്ല. അടുത്തകാലത്ത് പാർട്ടിയിൽ കയറിക്കൂടിയ ഒരാളുടെ ജൽപ്പനം മാത്രമായിരുന്നു അതെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നതോടെ ആ പ്രശ്‌നവും തീർന്നു.

ഇത്തരത്തിൽ കയറിക്കൂടിയ ചിലരാണ് പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്നതെന്നും ആളെക്കോല്ലുന്ന പാർട്ടിയല്ല ഇതെന്നും ടോം ഇമ്മട്ടി വ്യക്തമാക്കുന്നു. ടി പി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ആളുകളെ വധിച്ചത് ഇത്തരം ചില കള്ളനാണയങ്ങളായിരിക്കാം. പാർട്ടി ഇക്കാര്യത്തിൽ എന്ത് പിഴച്ചു. കാര്യങ്ങൾ വ്യക്തമാകുന്നതോടെ സഖാക്കളുടെ കയ്യടികൾ കൂടുതൽ ഉച്ചത്തിൽ തന്നെ തിയേറ്ററിൽ ഉയർന്നു. ഇത്തരം ഗിമ്മിക്കുകളെയൊന്നും രാഷ്ട്രീയ ചിത്രം എന്ന് വിളിച്ച് അപമാനിക്കരുത്.

സൂപ്പർ താര പദവിയിലേക്ക് ടൊവീനോ

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ടൊവീനോ തോമസ്. ഗപ്പി ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഈ നടന്റെ മികവുറ്റ അഭിനയത്താൽ സമ്പന്നമായിരുന്നു. എന്നാൽ നായക വേഷത്തിലത്തെിയ ചില ചിത്രങ്ങളടെ പരാജയം ഈ മികച്ച നടന് തിരിച്ചടിയായി. എന്നാൽ മെക്‌സിക്കൻ അപാരത യുവതാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കമാണ്. ഒരു സൂപ്പർതാരത്തിന് സമാനമായ മൈലേജാണ് ഈ ഒറ്റപടം ടൊവീനോക്ക് നൽകിയത്.

വരും നാളുകളിൽ തീർച്ചയായും ഒരു താരമായി അദ്ദഹേം വളരുമെന്ന് ഉറപ്പ്. കയ്യികളോടെയാണ് യുവത്വം ടൊവീനോയെ സ്വീകരിക്കുന്നത്. കൊച്ചനിയനായും പോൾ വർഗീസായും ഇരട്ടവേഷത്തിൽ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്‌ചെവെക്കുന്നത്. സ്ഫടികത്തിലെ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതാബരൻ കെ എസ് ക്യു നേതാവായ വില്ലനായി നല്ല പ്രകടനം കാഴ്ച വച്ചു. പതിവ് കോമഡി വേഷത്തിൽ നിന്ന് മാറി നീരജ് മാധവിനും നല്‌ളൊരു കഥാപാത്രത്തെ തന്നെ ലഭിച്ചു.

ഗായത്രി സുരേഷിന്റെ നായികാ വേഷത്തിന് പ്രത്യകേിച്ചൊന്നും ചെയ്യാനില്ല. ചില കഥാപാത്രങ്ങളുടെ ലിപ് മൂവ്‌മെന്റ് ശരിയാവാത്തതും കോമഡികൾ പലപ്പോഴും ഏൽക്കാതെ പോകുന്നതും കല്ലുകടിയാകുന്നുണ്ട്.

വാൽക്കഷ്ണം: പക്ഷേ ഈ ലേഖകനെയൊക്കെ ഞെട്ടിച്ചത് ഇടതു വിദ്യാർത്ഥികളുടെ പൈങ്കിളി രാഷ്ട്രീയ ബോധമാണ്. ഈ പടത്തിനായാണോ ഇവർ ചെങ്കൊടിയുമായി ആർപ്പവിളിക്കുന്നത്.'ഇത്തരം കൊടിയ അക്രമങ്ങൾ അതിജീവിച്ചാണ് തങ്ങളത്തെിയതെന്നും അടിയെടാ കെ എസ് യു ചെറ്റകളെ' എന്നൊക്കെ തിയേറ്ററിനകത്തു നിന്ന് ആക്രോശങ്ങൾ ഉയരുകയാണ്.സഖാക്കളെ രാഷ്ട്രീയം ഇത്ര ലളിതമല്ല.'മീനമാസത്തിലെ സൂര്യനും', 'നെയ്ത്തുകാരനൊന്നുമല'്‌ള മെക്‌സിക്കൻ അപാരതയെപ്പോലുള്ള കാഴ്ചകളാണ് പുതിയ കാലത്ത് വിപ്‌ളവ സംഘടനകൾക്ക് ആവശ്യമെന്നത് ലജ്ജാവഹമാണ്, അരാഷ്ട്രീയതയുടെ അടിവേരാണ്.