ഫ്‌ളോറിഡ: ഒർലാന്റോയിലെ പ്രമുഖ മലയാളി സംഘടനകളായ ഒരുമയും, ഓർമ്മയും സംയുക്തമായി നടത്തിയ ഈസ്റ്റർ - വിഷു ആഘോഷം അവിസ്മരണീയമായി. ഏപ്രിൽ 21ന് ആൾട്ടിമോണ്ട് സ്പ്രിങ്‌സിലുള്ള ജോർജ് പെർകിൻസ് സിവിക് സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രമുഖ സൗത്ത് ഇന്ത്യൻ നടി മനീഷാ രാജ് മുഖ്യ അതിഥിയായി പങ്കെടുത്തു. കുറിയാക്കോസ് വടന, സന്തോഷ് തരകൻ, ജേക്കബ് മാത്യു തുടങ്ങിയവർ സന്ദേശം നൽകി.

ഒരുമ പ്രസിഡന്റ് സണ്ണി കൈതമറ്റവും, ഓർമ്മ പ്രസിഡന്റ് സാബു ആന്റണിയും സദസിന് സ്വാഗതം ആശംസിച്ചു. ആര്യ ഡാൻസ് അക്കാഡമിയിലെ കുട്ടികളും, ലയന സ്‌കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച നൃത്ത വിസ്മയങ്ങൾ കലാപരിപാടികൾക്ക് മിഴിവേകി. സ്‌പെഷ്യൽ മാജിക് ഷോ കാണികൾക്ക് മിഴിവേകി.

അതത് സംഘടനകളുടെ വ്യക്തിത്വവും തനിമയും നിലനിർത്തിക്കൊണ്ട് തന്നെ പൊതു വിഷയങ്ങളിലും വിവിധ ആഘോഷ വേളകളിലും മലയാളി സമൂഹത്തെ വിഭാഗിയതകൾ ഇല്ലാതെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ കഴിയുന്നെതിൽ ഇതു സംഘടനകളുടെയും നേതാക്കൾ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു.

നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത പരിപാടികൾക്ക് ചാക്കോച്ചൻ ജോസഫ്, ഷാജി തൂമ്പുങ്കൽ, ജിജോ ചിറയിൽ, ജോസഫ് തുരുത്തി മാലിൽ, നയൻ നോബിൻ, നെബു സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി. സജിത നായർ പ്രോഗ്രാം കോർഡിനേറ്ററായിരുന്നു. ഒരുമ സെക്രട്ടറി ലിനു ചാക്കോ നന്ദി പ്രകാശിപ്പിച്ചു.