ചേർത്തല: അമേരിക്കയിലെ ന്യൂയോർക്കിലോ ബ്രിട്ടനിലെ ലണ്ടനിലോ തെരുവിൽ അലഞ്ഞു നടക്കാൻ ഹാലി ബെറി എന്ന നടിക്ക് എളുപ്പത്തിൽ സാധിക്കില്ല. അവരെ തിരിച്ചറിഞ്ഞ് ആരാധകവൃന്ദം വളയുമെന്നത് തന്നെയാണ് ഇതിന് കാരണം. പാപ്പരാസികൾ മുഴുവൻ തേടി നടക്കുന്ന ഹോളിവുഡ് സുന്ദരി ഇന്ത്യയിൽ എത്തി മടങ്ങിയത് അധികമാരും അറിയാതെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ ആലപ്പുഴയിലും നടി വന്നു പോയി. ഓസ്‌ക്കാർ അവാർഡ് ജേത്രി കൂടിയായ ഹാലി ബെറി കേരളത്തിന്റെ സൗന്ദര്യം അറിഞ്ഞു കൊണ്ടാണ് ഇവിടെ എത്തിയത്.

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലായിരുന്നു രണ്ടുദിവസത്തെ സന്ദർശനം. സ്വകാര്യ സന്ദർശനത്തിന് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിയ ഇവർ 10നാണ് കേരളത്തിലെത്തിയത്. വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആലപ്പുഴ മാരാരിക്കുളം കാർണോസ്റ്റി ബീച്ച് റിസോർട്ടിലാണ് രണ്ടുനാൾ താമസിച്ചത്. ആലപ്പുഴയുടെ കായൽസൗന്ദര്യം വഞ്ചിവീട് യാത്രയിൽ ആസ്വദിച്ചവർ റിസോർട്ട് പരിസരത്ത് കടൽത്തീരഭംഗിയും ആസ്വദിച്ചു. ഇവിടെ തീരവാസികളായ ചെറുപ്പക്കാർക്കൊപ്പം നൃത്തംചവിട്ടി. കണിച്ചുകുളങ്ങര ദേവിക്ഷേത്ര സന്നിധിയിൽ ശനിയാഴ്ച വൈകിട്ടെത്തി ആചാരങ്ങൾ മനസിലാക്കി.

ലോകപ്രശസ്ത നടിയാണ് എത്തിയതെന്ന് എവിടെയും ആർക്കും തിരിച്ചറിയാനായില്ല. ഞായറാഴ്ച ഉച്ചയോടെ അവർ മുംബൈയ്ക്ക് തിരിച്ചു. എട്ടിനാണ് മുംബൈയിലിറങ്ങി ഇന്ത്യാസന്ദർശനം ആരംഭിച്ചത്. രഹസ്യസ്വഭാവത്തോടെയായിരുന്നു സന്ദർശനം. മുംബൈ തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ഇവർ പ്രചരിപ്പിച്ചതോടെയാണ് ദേശീയമാധ്യമങ്ങൾ സന്ദർശനവിവരം അറിഞ്ഞത്. ബ്യൂട്ടീഷ്യൻ ഉൾപ്പെടെ നാലംഗസംഘം ഇവരെ അനുഗമിച്ചു. കേരളത്തെ അത്യധികം ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ കേരളത്തിലെത്തിയെന്ന വിവരം പങ്കുവെച്ചിട്ടുണ്ട് അവർ.

അംഗരക്ഷകർ ഒന്നുമില്ലാതെ ഹാലി ബെറി തെരുവിൽ അലയുന്ന ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈക്കാരാരും ഹാലി ബെറിയെ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഓസ്‌ക്കർ ജേതാവ് നഗരത്തിലെത്തിയ കാര്യം മറ്റ് സിനിമാക്കാരോ പൊലീസോ ഒന്നും അറിഞ്ഞില്ല. 2001ൽ മോൺസ്റ്റർ ബോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കർ നേടിയ ബെറി അമരിക്കയിൽ തരിച്ചെത്തിയശേഷം ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ടപ്പോഴാണ് വിഖ്യാതമായ എക്‌സ് മെൻസീരീസിലെ താരം മുംബൈയിലുണ്ടായിരുന്നുവെന്ന കാര്യം ലോകമറിഞ്ഞത്.

ചേരികൾക്കും അമ്പരചുംബികൾക്കും അപ്പുറത്ത് തെളിഞ്ഞുനിൽക്കുന്ന പ്രഭാത സൂര്യന്റേതാണ് ഒരു ചിത്രം. മറ്റൊന്ന് കല്ല് പതിച്ച നടവഴിയിലൂടെ അലസമായി നടക്കുന്നതിന്റേതാണ്. നഷ്ടപ്പെട്ട് അലയാൻ സമയം കണ്ടെത്തി എന്നൊരു കുറിപ്പുമുണ്ട്. ഇതാദ്യമായല്ല ബെറി ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തുന്നത്. 2011ൽ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്‌ലസ് എന്ന ചിത്രത്തിൽ സാരി ധരിച്ചും ഹെന്നയും വളകളുമണിഞ്ഞാണ് ബെറി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഇതിഹാസവുമായി അടുത്ത ബന്ധമുള്ളതായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.

ഓസ്‌കാർ പുരസ്‌കാരം നേടിയ ഏക കറുത്തവർഗക്കാരിയാണ് അൻപത്തിയൊന്നുകാരിയായ ഹാലി ബെറി. 2001ലെ 'മോൺസ്റ്റേഴ്‌സ് ബോൾ' എന്ന ചിത്രത്തിലെ അഭിനയമാണ് 2002ൽ ഓസ്‌കാർ നേടിക്കൊടുത്തത്. ജെയിംസ്‌ബോണ്ട് ചിത്രത്തിൽ നായികയായി വേഷമിട്ടു. മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പാവുകയും 1986ലെ മിസ്വേൾഡ് മത്സരത്തിൽ ആറാംസ്ഥാനം സ്വന്തമാക്കുകയും ചെയ്തു.