പാലക്കാട്: കേരളത്തിൽ ചേരിസംസ്‌കാരം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റം കേരളത്തിൽ ചേരി സംസ്‌കാരത്തിനു രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും കമ്മീഷൻ പറ്റുന്ന മലയാളികൾ തന്നെയാണ് പുതിയ ചേരിസംസ്‌കാരത്തിനു തുടക്കമിടുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കാണാം, റെയിൽവേ സ്റ്റേഷനുകളുടെ സമീപത്തെ പുറമ്പോക്കിലും മറ്റ് പുറമ്പോക്ക് സ്ഥലങ്ങളിലും കാണുന്ന കൊച്ചു ടെന്റുകൾ,മഴ കൊള്ളാതിരിക്കാൻ ടാർപായ കൊണ്ട് മേൽക്കൂര, കിടക്കാൻ നാലു മരക്കഷണം, മണ്ണിൽ മരക്കഷണങ്ങൾ കുഴിച്ചിട്ട് മേലെ പാഴ്മരങ്ങൾ വിരിച്ചു നിർമ്മിച്ച കട്ടിൽ, കുനിഞ്ഞുമാത്രമേ കയറാനും ഇറങ്ങാനും പറ്റൂ, അകത്തുനിൽക്കണമെങ്കിൽ മുട്ടുകുത്തണം.

മേസ്തിരിമാർ പ്രതിമാസം അഞ്ഞൂറ് രൂപ വാടക വാങ്ങുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ പാർപ്പിടമാണിത്. ഇതിനകത്ത് താമസിക്കുന്നത് ഒരു കുടുംബമാണ്. കുട്ടികളും മുതിർന്ന പെൺകുട്ടികളും ഒക്കെയുള്ള കുടുംബം. പകൽ സമയത്ത് ഇവർ ജോലി സ്ഥലത്താവും. രാത്രി തലചായ്ക്കാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും ഒരിടം. മഴയോടും മറ്റ് ഇഴജന്തുക്കളോടും മല്ലടിച്ചാണ് കുട്ടികളടക്കമുള്ളവർ ഇവിടെ കഴിയുന്നത്. എന്നാൽ ഇത്തരം ടെന്റുകൾക്കുമുണ്ട് ഓരോ സ്ഥലത്തും ഓരോ മുതലാളി. കിട്ടിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ടെന്റുകൾ കെട്ടി വാടകക്ക് കൊടുത്ത് പണം ഉണ്ടാക്കുന്ന ഒരു സംഘം. മേസ്തിരിമാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവർ കേരളത്തിൽ അടിമപണിക്ക് തുല്യമായ ഒരു സംസ്‌കാരം തന്നെ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്ന ഇടനിലക്കാർ കൂടിയാണിവർ.

അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ അടിമപ്പണിക്ക് തുല്യമായ , തൊഴിൽ ചൂഷണമാണ് നേരിടുന്നത്. കേരളത്തിലെ ഉയർന്ന കൂലിയും ജീവിതസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുടുംബ സഹിതം കേരളത്തിലേക്ക് തൊഴിലാളികളെ കടത്തുന്നത്. ഇതിനുപിന്നിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെത്തിയാൽ അടിമപ്പണിക്ക് തുല്യമായ തൊഴിൽ ചൂഷണമാണ് ഇവർ നേരിടുന്നത്. ഉത്തരേന്ത്യയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ് കേരളത്തിൽ ഏറെയുള്ള അവിദഗ്ധ തൊഴിലാളികൾ. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ഏറെ ചൂഷണത്തിന് ഇരയാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ വലവീശി പിടിക്കുന്നതിൽ കേരളത്തിൽ തന്നെ ചിലരാണ് ചുക്കാൻ പിടിക്കുന്നത്. ഇതിലധികവും നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവരാണ്. ഇവരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ചില അന്യസംസ്ഥാന തൊഴിലാളികളാണ് അവരുടെ പ്രദേശത്തുനിന്ന് തൊഴിലാളികളെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടു വരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് അധികവും കുടുംബസമേതം എത്തുന്നത്.

ഇവരെ കേരളത്തിലെത്തിച്ച് കുടുസ്സു മുറികളിലും, റെയിൽവേ സ്റ്റേഷനരികിലും, പുഴയരികിലും, മറ്റുമുള്ള സ്ഥലത്ത് ടെന്റ് കെട്ടി താമസിപ്പിക്കുകയാണ് ചെയ്യുന്നത്. താമസസ്ഥലത്തിന് വാടക തൊഴിലാളികൾ നൽകണം. കേരളത്തിലെത്തി ജോലികിട്ടിയാലും ഇല്ലെങ്കിലും താമസ സ്ഥലത്തിന് വാടക നൽകണം. നിർമ്മാണ പ്രവൃത്തികളും, ക്വാറിപ്രവർത്തനം, പുഴയിൽനിന്ന് മണലെടുപ്പ്, ചാലുകീറൽ തുടങ്ങിയ ജോലികൾക്കുമാണ് ഇവർ നിയോഗിക്കപ്പെടുന്നത്. അവിദഗധ തൊഴിലാളികളെ നിർമ്മാണ മേഖലയിൽ ഹെൽപ്പർമാരായാണ് ഉപയോഗിക്കുന്നത്.

ജോലികൾ ഉയർന്ന പ്രതിഫലത്തിൽ കേരളത്തിലെ ഇടനിലക്കാർ ഏറ്റെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് മേസ്തിരിമാരെ ഏൽപ്പിക്കുയാണ് ചെയ്യുന്നത്. ഓരോ ഇടനിലക്കാരന്റെ കീഴിലും പത്തിലധികം മേസ്തിരിമാരും നിരവധി തൊഴിലാളികളുമുണ്ടാകും. ചുരുങ്ങിയത് ഇരുപതു മുതൽ നൂറു വരെയെങ്കിലും തൊഴിലാളികൾ ഓരോ മേസ്തിരിയുടെ കീഴിലുണ്ടാകും. ഓരോ ഇടനിലക്കാരന്റെ കീഴിലും നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടാകും.

നിർമ്മാണ പ്രവ്യത്തി നൽകുന്നവരുമായി തൊഴിലാളികൾക്ക് ബന്ധം ഉണ്ടാകില്ല. തൊഴിൽ നൽകിയവരിൽ നിന്ന് ഇടനിലക്കാരൻ ഇവർക്കുള്ള കൂലി നേരിട്ടുവാങ്ങി ഓരോ തൊഴിലാളിയുടേയും എണ്ണമനുസരിച്ച് കമ്മീഷൻ എടുത്താണ് മേസ്തിരിയെ ഏൽ
പ്പിക്കുന്നത്. ഒരു തൊഴിലാളിയുടെ പേരിൽ മാത്രം നൂറ്റമ്പത് രൂപയെങ്കിലും ഇവർ കൈപ്പറ്റും. കൂടാതെ തൊഴിലാളികളുടെ വൈദഗധ്യം നിശ്ചയിക്കുന്നതും അതനുസരിച്ച് ഇവരുടെ കൂലി തീരുമാനിക്കുന്നതും ഇവരാണ്. നൂറുകണക്കിന് തൊഴിലാളികളെ കൊണ്ട് ഇടനിലക്കാരൻ ഈയിനത്തിൽ തന്നെ ആയിരകണക്കിനു രൂപയാണ് ഒറ്റ ദിവസം കൊണ്ടുതന്നെ ഉണ്ടാക്കുന്നത്. ഒരു തൊഴിലാളിക്ക് അറുന്നുറ് രൂപയാണ് തൊഴിൽ ദാതാവ് നൽകുന്നതെങ്കിൽ കമ്മീഷൻ കഴിച്ച് തൊഴിലാളിക്ക് കിട്ടുന്നത് 300 രൂപ മുതൽ 450 രൂപ വരെ മാത്രമാണ്.

കേരളത്തിലേക്ക് ഒരു മേസ്തിരിയുടെ കീഴിൽ എത്തിയാൽ സ്വതന്ത്രമായി മറ്റൊരു ജോലിക്ക് പോകാനും അനുവാദമില്ല. ഓരോ തൊഴിലാളിയുടേയും തിരിച്ചറിയൽ രേഖകളും, പണിയാധുങ്ങളും സൂക്ഷിക്കുന്നത് മേസ്തിരിമാരാണ്. സ്വതന്ത്രമായി മറ്റൊരു ജോലിക്ക് പോകാൻ പണിയായുധങ്ങൾ നൽകില്ല.അഥവാ പോയാലും പിഴയായി ഒരു തുക കമ്മീഷനായി നൽകേണ്ടി വരും. താമസിക്കുന്ന ടെന്റിന് പുറമെ കിടക്കുന്ന പായയ്ക്ക് വരെ പ്രതിമാസം വാടക നൽകണം. പണിയായുധം സൂക്ഷിക്കാൻ വേറെയും വാടക നൽകേണ്ട സ്ഥിതിയാണ്.