പത്തനംതിട്ട: അടൂരിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വീട്ടമ്മ പാതിരാത്രി പതുങ്ങിയെത്തി പീഡിപ്പിക്കാനൊരുങ്ങിയ പ്രതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെങ്ങും ആരുമില്ലാത്ത കുറ്റിക്കാടിന് നടുവിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മയുടെ നിലവിളി തൊട്ടടുത്ത പറമ്പിൽ നിന്ന വാച്ച്മാൻ കേട്ടില്ലായിരുന്നുവെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് പെരുമ്പാവൂരിൽ ജിഷയ്ക്കുണ്ടായതുപോലൊരു ദുരന്തം. കോന്നി നെടുമ്പാറയിൽ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമ്മാണത്തിന് എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയുടെ ആക്രമണത്തിൽ നിന്ന് തൊട്ടടുത്ത് തനിച്ചു താമസിച്ചിരുന്ന 50 വയസുള്ള വീട്ടമ്മ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രതി പിടിയിലായെങ്കിലും ശരീരമാസകലം മുറിവും ചതവുമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ. പശ്ചിമ ബംഗാൾ ബൈഡിയപുർ ജില്ലക്കാരനായ ക്രോദീബിനെ (23) സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്തു.

കോന്നി മെഡിക്കൽ കോളജ് ആശുപത്രി നിർമ്മാണം നടക്കുന്ന നെടുമ്പാറയിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ച ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. ഇതു മനസ്സിലാക്കിയ പ്രതി കുറ്റകൃത്യത്തിന് മുതിർന്നത്. മെഡിക്കൽ കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമ്പാറയിലെ ഷെൽട്ടറിൽ താമസിച്ചു വരുകയായിരുന്നു ക്രോദീബ്. മദ്യലഹരിയിലായിരുന്നു പീഡനം.

വീടിന് പുറത്ത് പതുങ്ങിയിരുന്ന ഇയാൾ രാത്രി മൂത്രമൊഴിക്കുന്നതിന് പുറത്തിറങ്ങിയ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. ഏറെ നേരത്തേ ബലപ്രയോഗത്തിന് ഒടുവിൽ വീടിന് പിന്നിലെ കാട്ടിലേക്ക് 50 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയാണ് ഇവരെ പീഡിപ്പിച്ചത്. നിലവിളി കേട്ട് മെഡിക്കൽ കോളജ് നിർമ്മാണ മേഖലയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ചർ എത്തിയതോടെ് പ്രതി വീട്ടമ്മയെ ഉപേക്ഷിച്ച് രക്ഷപെട്ടു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടമ്മ. ആസൂത്രിതമായിട്ടാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. മറ്റു വീടുകളിൽ നിന്നും കുറച്ചകലെയായിരുന്നു ഇവരുടെ താമസമെന്നത് പ്രതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇതെല്ലാം പ്രതി നേരത്തേ തന്നെ മനസിലാക്കി വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാത്രികാലങ്ങളിൽ മൂത്രശങ്ക തീർക്കാൻ വീട്ടമ്മ വെളിയിൽ ഇറങ്ങാറുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്ഥലത്ത് എത്തി കാത്തുനിന്നു. വീടിന് പുറത്തെ ഇരുളിൽ പതുങ്ങിയിരിക്കുമ്പോൾ പ്രതീക്ഷിച്ചതു പോലെ വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങി. തിരിച്ച് ഇവർ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. ആദ്യം ഒന്നു ഭയന്നെങ്കിലും വീട്ടമ്മ കുതറിയോടി വീട്ടിൽക്കയറി കതക് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ പ്രതി ബലപ്രയോഗത്തിലൂടെ കതകു തള്ളിത്തുറന്ന് അകത്തു കയറി. രക്ഷ തേടി കിടപ്പുമുറിയിലേക്ക് ഓടിയ വീട്ടമ്മയെ കടന്നു പിടിച്ച് കട്ടിലിലേക്ക് തള്ളി. കിടക്കയിൽ രണ്ടു പേരും തമ്മിൽ പിടിവലി നടന്നു. ഒടുവിൽ വീട്ടമ്മയെ കീഴ്‌പ്പെടുത്തിയ ഇയാൾ വലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. വീട്ടമ്മ എതിർത്തപ്പോൾ വലിച്ചിഴച്ചു പുറത്തിട്ടു. പിന്നെ വീടിന് പിന്നിലുള്ള കാടിന് നേർക്ക് അമ്പത് മീറ്ററോളം വലിച്ചിഴച്ചു. ഇതിനിടെ അക്രമി വീട്ടമ്മയുടെ നൈറ്റിയും മറ്റ് വസ്ത്രങ്ങളും വലിച്ച് കീറി എറിഞ്ഞു. സ്വയം വിവസ്ത്രനാകുകയും ചെയ്തു.തുടർന്ന് കാടിനുള്ളിലുള്ള ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. 

അതിക്രൂരമായ ആക്രമണമാണ് പിന്നീട് നടന്നതെന്ന് വീട്ടമ്മയുടെ പരുക്കുകൾ വ്യക്തമാക്കുന്നു. മുഖം മുഴുവൻ പ്രതി കടിച്ചു പറിച്ചു. ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറിവേറ്റു. വീട്ടമ്മയുടെ നിലവിളി കേട്ട ആശുപത്രി നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. നിലവിളി ഉയർന്ന ഭാഗത്തേക്ക് ഇയാൾ ടോർച്ച് തെളിച്ചതോടെ പ്രതി എണീറ്റ് ഓടി മറയുകയായിരുന്നു. വാച്ചമാൻ അവിടേക്ക് ചെന്ന് പരിശോധിച്ചപ്പോഴാണ് വീട്ടമ്മയെ അവശനിലയിൽ കണ്ടത്. ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പരിസരവാസികൾ വിവരമറിഞ്ഞ് ഓടിക്കൂടുകയും ചെയ്തു. ഇന്നലെ രാവിലെ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. സംഭവ സമയത്ത് ഒരു കനത്ത മഴ പെയ്തിരുന്നെങ്കിൽ പോലും നിലവിളി ആരും കേൾക്കില്ലായിരുന്നെന്നും വീട്ടമ്മയ്ക്ക് ജീവൻ തന്നെ നഷ്ടമായേനെയെന്നും പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് 250 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയിട്ടുണ്ട്്. ഇവർക്കായി താൽകാലിക ഷെൽട്ടറും നിർമ്മിച്ച് നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ശരീരമാസകലം മുറിവുമായി വന്ന ക്രോദീബിനോട് സഹതൊഴിലാളികൾ എന്തു പറ്റിയതാണെന്ന് ചോദിച്ചിരുന്നു. വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളവരാണ് പ്രതി ക്രോദീബാകാമെന്ന സംശയം പറഞ്ഞത്. ചെരുപ്പും ധരിച്ചിരുന്ന വസ്ത്രങ്ങളും പീഡനശ്രമത്തിനിടെ നഷ്ടപ്പെട്ട ക്രോദീബ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് അടൂർ ഡിവൈ.എസ്‌പി ഉത്തരവിട്ടതിന് പിന്നാലെയാണ് നാടുനടുക്കിയ പീഡനം നടന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്നവരെ പൊതുവേ ബംഗാളികൾ എന്നാണ് പറയുന്നത്. എന്നാൽ, ഇവരിൽ ബംഗാളികൾ മാത്രമല്ല ഉള്ളത്. ആസാം, ബീഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി ബംഗ്ലാദേശിൽ നിന്നുള്ളവർ വരെ ഇവിടെ ബംഗാളികൾ എന്നു പറഞ്ഞ് ജോലി ചെയ്യുന്നുണ്ട്. ഇതിലേറെയും ആ നാട്ടിലെ ക്രിമിനലുകളാണ്. കുറ്റകൃത്യം നടത്തിയ ശേഷം സുരക്ഷിത ഒളിത്താവളമെന്ന് കണ്ടാണ് കേരളത്തിലേക്ക് വരുന്നത്. ഇവിടെ കുറ്റകൃത്യം ചെയ്തിട്ട് മുങ്ങുന്നവരെ അവിടെ ചെന്ന് അറസ്റ്റു ചെയ്യുക എന്നതും കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്‌നവുമാണ്.