പെരുമ്പാവൂർ:പ്രൈവറ്റ് ബസ്സ്റ്റാന്റ് കെട്ടിടത്തിൽ കൈവരിയിൽ കഴുത്തിലെ കുരുക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഇതരസംസ്ഥാനക്കാരനായ യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ശ്വാസം മുട്ടിയാണ് യുവാവ് മരണപ്പെട്ടതെന്നും കഴുത്തിലെ 4 സെന്റീമീറ്ററോളം വരുന്ന മുറിവിൽ നിന്നാണ് രക്തം ഒഴുകിയതെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുന്നത്തുനാട് സി ഐ ജെ കുര്യക്കോസ് മറുനാടനോട് വ്യക്തമാക്കി.

സംഭവസ്ഥലത്തുനിന്നും പിടിയില്ലാത്ത ചെറിയ മഴു രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു.ഈ മഴുകൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യചെയ്യാൻ ഒരുമ്പെട്ട യുവാവ് ഈ നീക്കത്തിൽ പരാജയപ്പെട്ടെന്ന് ബോദ്ധ്യമായപ്പോൾ മുറിവിൽ നിന്നും വീണ രക്തം തുടച്ച് മാറ്റിയ ശേഷം മുകളിലെത്തി കഴുത്തിൽ കുരുക്കിട്ട് ചാടുകയായിരുന്നെന്നാണ് തങ്ങളുടെ അനുമാനമെന്ന് അദ്ദേഹം തുടർന്നറിയിച്ചു.

മരണപ്പെട്ട യുവാവിന്റെ ദേഹത്ത് കഴുത്തിലുള്ള മുറിവല്ലാതെ മറ്റ് പരിക്കുളില്ലന്നും ഈ മുറിവ് മരണകാരമായിരുന്നില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇയാളെ ഇതുവരെ തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്ന പ്രധാന പ്രശ്‌നം.ഇന്നലെ ഇതിനായി നടത്തിയനീക്കങ്ങളൊന്നും വിജയിച്ചില്ല.ഇന്ന് ഇയാളുടെ ചിത്രം ഉൾക്കൊള്ളിച്ച് മാർക്കറ്റിന്റെ ഭാഗത്തും മറ്റും ഫളക്‌സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും എന്നിട്ടും ഇതുവരെ ആശാവഹമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നും പൊലീസ് അറിയിച്ചു.

അധികം ആരോടും സംസാരിക്കാതെ പലദിവസങ്ങളിലും ബസ്റ്റാന്റിന്റെ മൂലയിൽ ഇയാളെ കണ്ടിരുന്നതായി ദൃക്‌സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും സിനിമ കഴിഞ്ഞിറങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളികൾ ചേരിതിരിഞ്ഞ് സംഘടനത്തിൽ ഏർപ്പെട്ടതും ഈ സംഭവവുമായി ബന്ധമില്ലന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും സി ഐ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ തെളിവെടുപ്പിനിടെ പൊലീസ് നായ സമീപത്തെ വീട്ടിൽ ഓടിക്കയറിയതും ഇവിടെ നിന്നും ചിലരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചും ആരാഞ്ഞപ്പോൾ അത് കാര്യമാക്കേണ്ടതില്ലന്നും വിശദമായ ചോദ്യം ചെയ്യലിൽ അവർക്ക് സംഭവവുമായി ബന്ധമില്ലന്ന് വ്യക്തമായതായും സി ഐ പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് 25 വയസ്സോളം തോന്നിക്കുന്ന ഇതരസംസ്ഥാനതൊഴിലാളിയുടേതെന്ന് സംശയിക്കുന്ന ജഡം കണ്ടെത്തിയത്.ജഡം തൂങ്ങിക്കിടക്കുന്നതിന് താഴെ രക്തത്തുള്ളികൾ വീണ പാടുകൾ ദൃശ്യമായിരുന്നു.തറിൽ വീണ രക്തം തുടച്ചുമാറ്റിയതിന് ശേഷം അവശേഷിച്ച പാടുകളെന്നപോലെയാണ് ഇത് ദൃശ്യമായിരുന്നത്. കൈയില്ലാത്ത ചെറിയ മഴു സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.സയിന്റിഫിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിതെളിവെടുത്തിരുന്നുസംഭവം നഗരവാസികളിൽ ഞെട്ടലും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു.

രാത്രി സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളികൾ ചേരിതിരിഞ്ഞ് സംഘടനത്തിൽ ഏർപ്പെട്ടിരുന്നെന്നും ഇതിനിടയിൽ പ്രശ്‌നം തിരക്കിയെത്തിയ മലയാളി യുവാവിനെ ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നും ഓടി അടുത്ത വീട്ടിൽക്കയറിയാണ് ഇയാൾ രക്ഷപെട്ടതെന്ന വിവരവും മറ്റും പ്രചരിച്ചിത് ഇക്കൂട്ടരുടെ ഭയാശങ്കകൾ ഇരട്ടിയാക്കിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷമോ ജീവനോടെയോ കെട്ടിതൂക്കിയതാവാമെന്ന സംശയവും കാഴ്ചക്കാർ പരക്കെ പങ്കുവച്ചിരുന്നു. പുലർച്ചെ ബസ്സസ്റ്റാലിലെത്തിയവരാണ് വിവരം പൊലീസിൽ അറിയച്ചത്.