നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പന്റെ' പുതിയ പോസ്റ്റർ പുറത്ത്. സുരേഷ് ഗോപിയുടെ പകുതി മറച്ച മുഖമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഈസ്റ്റർ ദിന ആശംസയോടൊപ്പം സുരേഷ് ഗോപിയും പോസ്റ്റർ പങ്കുവച്ചു.

 

പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പൻ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ പകർപ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്റെ അണിയറക്കാർ കൊടുത്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

ഒറ്റക്കൊമ്പനെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുള്ള കേസിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച സുപ്രീം കോടതി വിചാരണ വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയും ചെയ്തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനകം തീർപ്പാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ ആവശ്യപ്പെടുന്നു.

പകർപ്പവകാശ ആരോപണത്തിന് ഇടയാക്കിയ തിരക്കഥയുടെ നിർമ്മാണ ജോലികളിൽ നിന്നും ഒപ്പം ഈ ചിത്രം നിർമ്മിക്കുന്നതിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലിൽ ഹൈക്കോടതി ശരിവച്ചിരുന്നു.

പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിർവഹിച്ചിരിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്റെ പേര് പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകളടക്കം ഹർജിഭാഗം മുൻപ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.