ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷപദാർഥം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ഭർത്താവിന്റെ പിതാവ് മുഹമ്മദിനെ (59) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധിപറഞ്ഞത്.

2013 മുതൽ 2015 വരെയുള്ള രണ്ടുവർഷക്കാലം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷപദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസിൽ പറയുന്നത്. ഈ കാലയളവിൽ നിരന്തരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടായിരുന്ന മുഹമ്മദ് ചികിത്സയിലായിരുന്നു. ഇതിനിടെ, ഒരുദിവസം യുവതി ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് കാണുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ഫോറൻസിക് പരിശോധനയിൽ പൊലീസ് ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തിയ വിഷപദാർഥം മെത്തോമൈൽ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി. ഐ.പി.സി. 307, 328 വകുപ്പുപ്രകാരം കൊലപാതകശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപവീതമാണ് കോടതി അരലക്ഷം പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചു വർഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

ഭർത്താവിന്റെ മാതാവിന്റെ മാതാവ് നബീസയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ് ഫസീലയും ഭർത്താവ് ബഷീറും. 2016 ജൂണിലായിരുന്നു നബീസയുടെ കൊലപാതകം. കേസ് കോടതിയുടെ പരിഗണനയിലാണ്. 2015 മാർച്ചിൽ ഭർതൃ പിതാവിന് വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച കേസ് അന്വഷിച്ചിരുന്ന അന്നത്തെ ശ്രീകൃഷ്ണപുരം എസ്‌ഐ മുരളീധരൻ ഇപ്പോൾ നാട്ടുകൽ പൊലിസ് സ്റ്റേഷൻ എസ്‌ഐയും കേസന്വേഷണ സംഘത്തിലെ അംഗവുമായിരുന്നു. കൂടത്തായിയിൽ ജോളി ആസൂത്രണം ചെയ്തതിന് സമാനമായ ഗൂഢാലോചനകൾ ഫസീലയും ഭർത്താവും നടത്തിയിരുന്നു. ഇതിന് തെളിവാണ് 2016ലെ കൊലക്കേസ്.

പ്രതികളുടെ കുടുംബത്തിലെ മുൻകലഹങ്ങൾ സംബന്ധിച്ച് എസ്‌ഐയ്ക്ക് അറിയാവുന്നതാണ് നബീസാ കൊലക്കേസിന് അന്ന് തുമ്പുണ്ടാക്കിയത്. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ആത്മാഹത്യ കുറിപ്പും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതികളെ പിടികൂടൽ എളുപ്പത്തിലാക്കി. ക്രിമിനൽ സ്വഭാവത്തിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഭാര്യക്കൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചുകയറാൻ വല്ല്യുമ്മയെ കരുവാക്കാനുള്ള തന്ത്രമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബഷീർ കൊല്ലപ്പെട്ട നബീസയുടെ മകളായ ഫാത്തിമയുടെ മകനാണ്. ഇവരുടെ കുടുംബത്തിൽ ബഷീറിന്റെ ഭാര്യയായ ഫസീലയുടെ ക്രിമിനൽ സ്വഭാവം സംബന്ധിച്ച് പ്രശ്നം നിലനിന്നിരുന്നു. വീട്ടിൽ നിന്ന് 43 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ദുരൂഹത നിലിനിൽക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഫസീലയെയാണ് സംശയിച്ചിരുന്നത്. ഇതിനെ തുടർന്നാണ് ഫസീലയെ വീട്ടിൽ നിന്ന് പുറത്താക്കുകയും പിന്നീട് കണ്ടമംഗലത്തെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സൗദിയിലെ ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബഷീർ നാട്ടിലെത്തിയപ്പോഴാണ് അമ്മൂമ്മയെ കൊന്നത്.

നാട്ടിലെത്തിയ ബഷീർ ഭാര്യയുമൊത്ത് കുന്തിപ്പുഴയിലെ നമ്പിയംകുന്നിൽ താമസമാക്കുകയായിരുന്നു. ഇവർക്ക് തിരിച്ച് വീട്ടിൽ കയറാൻ വീട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം വല്ല്യുമ്മയായ നബീസയുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നബീസയെ തന്ത്രപൂർവ്വം പ്രതികൾ ഇവരുടെ കുന്തിപ്പുഴ നമ്പിയംകുന്നിലെ വാടക വീട്ടിലെത്തിച്ച് ഭക്ഷണത്തിൽ വിഷം ചേർത്തും, ബലം പ്രയോഗിച്ച് വിഷം കൊടുത്തും കൊല്ലുകയായിരുന്നു.

നാട്ടുകാരിൽ ചിലർ ക്യാൻസർ രോഗിയും തൊഴിലുറപ്പ് തൊഴിലാളിയുമായ നബീസക്ക് എഴുതാൻ അറിയില്ലെന്നും, ഒപ്പിടാൻ മാത്രമെ അറിയുകയൊള്ളുവെന്നും പൊലിസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് പൊലിസ് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നബീസയെ കാണാതായ ദിവസവും ഏറ്റവും അവസാനവും ബഷീറാണ് പലതവണ വിളിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ശ്രീകൃഷ്ണപുരം പൊലിസിൽ നേരത്തെ നിലവിലുള്ള പിതാവിനെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച കേസും ബഷീറിലേക്കും, ഭാര്യയിലേക്കും സംശയമെത്തിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗം നടന്നതായും തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. ആത്മാഹ്ത്യ കുറിപ്പിന്റെ പല മോഡലുകൾ അന്ന് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തി.