- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തു പോയി രക്ഷപെടാൻ ഒരുങ്ങി ഫിറോസ്; കേസുകൾ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് ആഷിഖും; തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി കഴുത്തിൽ തിരികെ കുത്തി കൊലപാതകം; കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്തതു പോലെ ഫിറോസിന്റെ അഭിനയവും; ഇരുവരും കഞ്ചാവു കേസിലെ പ്രതികളും
പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം നിരവധി കേസുകളിലെ പ്രതിയായ ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമായിരുന്നു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. എന്നാൽ ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി കഴുത്തിൽ തിരികെ കുത്തിയാണ് ആഷിഖിനെ ഫിറോസ് കൊലപ്പെടുത്തിയത്.
ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളുമാണ്. ഖത്തറിലേക്ക് പോകാൻ ഫിറോസിന് വിസ രണ്ടുമാസം മുമ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 17 ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താൻ കഴിയില്ലെന്ന് ആഷിഖ് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ആഷിഖ് ആദ്യം കുത്തിയെന്നും, കത്തി തിരികെ വാങ്ങി തിരിച്ച് ആഷിഖിന്റെ കഴുത്തിൽ കുത്തുകയായിരുന്നു എന്നുമാണ് ഫിറോസ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
പൊലീസ് സംഘം കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ബുധനാഴ്ച നടക്കും. അതേസമയം കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആയുധത്തിനായി തിരച്ചിൽ നടത്തിയിരുന്നു. രണ്ട് മാസം മുൻപ് നടന്ന കൊലപാതകം ചൊവ്വാഴ്ച പ്രതി ഫിറോസിന്റെ മൊഴിയിലൂടെയാണ് പുറത്തായത്. കഴുത്തിനേറ്റ മുറിവ് തന്നെയാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിക്കണം.
2015-ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് പറഞ്ഞത്.
ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് സംഘം വൻ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചിൽ ആരംഭിച്ചത്. ഷൊർണ്ണൂർ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആർ.ഡി.ഒ.യും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽതന്നെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ല.
അഭിനയത്തിലു മികവു കാണിച്ചു ഫിറോസ്
ആഷിഖിനെ കൊന്ന് കുഴിച്ചിട്ടതിനു ശേഷം ഒരാൾക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു ഫിറോസിന്റെ നീക്കങ്ങൾ. കൊലപാതകത്തിനു ശേഷവും യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആഷിഖിനെ അന്വേഷിച്ച് ഫിറോസ് വീട്ടിലെത്തി. ദൂരയാത്ര പോയതാണെന്നും വൈകാതെ മടങ്ങിവരുമെന്നും ഫിറോസ് വീട്ടുകാരെ വിശ്വസിപ്പിച്ചു.
വൈകിയാൽ പൊലീസിൽ പരാതിപ്പെടണമെന്നും ബന്ധുക്കളെ ഉപദേശിച്ചു. അതേസമയം ആഷിഖിന്റെ ബന്ധുക്കളുടെ നീക്കം ഇയാൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.വ്യത്യസ്ത ഇടങ്ങളിൽ മാറിത്താമസിച്ചും കൂട്ടുകാരോടു കള്ളം പറഞ്ഞും പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പലയിടങ്ങളിലായി ഒളിച്ചുകഴിയുന്നതിനിടെ ആഷിഖിന്റെ സഹോദരനെ വിളിച്ച് തിരോധാനത്തെക്കുറിച്ചു മുടങ്ങാതെ അന്വേഷിച്ചതും ഫിറോസിന്റെ തന്ത്രമാണ്.
മകന്റെ മടങ്ങിവരവിനായി കാത്ത് പൊലീസിനെ സമീപിക്കാതിരുന്ന കുടുംബം പല സാഹചര്യങ്ങളിലും ഫിറോസിനെ വിശ്വസിച്ചു. കൊലപാതകമുണ്ടായ ദിവസം രാത്രിയിൽ ആഷിഖിന്റെ മൊബൈൽ ഫോൺ നിശ്ചലമായത് പൊലീസിനു സംശയം വർധിപ്പിച്ചു. ഇതാണ് ആഷിഖിന് അത്യാഹിതം സംഭവിച്ചു എന്ന് പൊലീസിന് സംശയമേറി. കൊലപാതകം മറയ്ക്കാൻ ശ്രമിച്ച ഫിറോസിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മറുനാടന് മലയാളി ബ്യൂറോ