പാലക്കാട്: മോഷണ കേസിലെ പൊലീസ് അന്വേഷണം എത്തിച്ചേർന്നത് യുവാവിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിൽ. ഇതോടെ രണ്ട് മാസം മുമ്പു നടന്ന കൊലപാതകത്തിന്റെ രഹസ്യം വെളിയിലായി. ഒറ്റപ്പാലത്താണ് മോഷണ കേസ് പ്രതി കൂട്ടാളായി കൊലപ്പെടുത്തിയെന്ന വിവരം പുറത്തായത്. തിരച്ചിലിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കൽപറമ്പിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്. 2015-ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം വെളിവായത്.

ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖ് എവിടെ എന്നായിരുന്നു ഫിറോസിനോട് പൊലീസിന്റെ ചോദ്യം. ആദ്യം മൗനം പാലിച്ച പ്രതി പിന്നീട് താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് സംഘം ഒറ്റപ്പാലത്ത് ഫിറോസ് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് സംഘം വൻ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചിൽ ആരംഭിച്ചത്.

ഷൊർണ്ണൂർ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആർ.ഡി.ഒ.യും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽതന്നെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് ഇനി ആഷിഖിന്റേതാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

അതേസമയം, 2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷ്ടിച്ചപണം വീതം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ആഷിഖിന്റേതാണെങ്കിൽ എന്തിനാണ് യുവാവിനെ കൊന്നത്, എങ്ങനെ കൊലപ്പെടുത്തി, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.