പാലക്കാട്: യൂത്ത് കോൺഗ്രസിന് സീറ്റ് നൽകാത്തതിനെ തുടർന്ന് ഒറ്റപ്പാലത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസിന്റെ നേത്യത്വത്തിലുള്ള പ്രവർത്തകരും അണികളും വൈകീട്ടോടെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളെ രണ്ട് മണിക്കൂറോളം പൂട്ടിയിട്ടു. രാത്രി എട്ട് മണിയോടെ ചൊവ്വാഴ്‌ച്ച ജില്ലാ കമ്മിറ്റി വിഷയത്തിൽ ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നേതാക്കലെ തുറന്നു വിട്ടത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട്, വൈസ് പ്രസിഡന്റ് മനോജ് സ്റ്റീഫൻ, ജോസ് തോമസ് തുടങ്ങിയ പത്തോളം നേതാക്കളെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്.

ഇന്നലെ വൈകീട്ട് സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തവരുടേയും കോൺഗ്രസ് പ്രവർത്തകരുടേയും ഒരു യോഗം ഒറ്റപ്പാലത്ത് കോൺഗ്രസ് ഓഫീസിൽ ചേർന്നിരുന്നു. ഈ യോഗം കഴിഞ്ഞ ഉടനെയാണ് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതാക്കളെ മുറിയിൽ പൂട്ടിയിട്ടത്. വാർഡ് 22 ൽ മുതിർന്ന കോൺഗ്രസ് നേതാവ് ജോസ് തോമസ് കഴിഞ്ഞ 25 വർഷമായി മത്സരിച്ച് വരുന്നുണ്ട്. ഈ സീറ്റ് യൂത്ത് കോൺഗ്രസിന് വിട്ടു കിട്ടണമെന്നും ഇവിടെ യൂത്ത് കോൺഗ്രസ് നേതാവ് ജയരാജിനെ സ്ഥാനാർത്ഥിയാക്കണമെന്നും നേരത്തെ ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം അംഗീകരിക്കാത്തതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സ്ഥാനാർത്ഥികളുടേയും മറ്റും യോഗം കഴിഞ്ഞ ഉടനെ ഹാളിനകത്തേക്ക് കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജയരാജിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റി ജോസ് തോമസിനെയാണ് അംഗീകരിക്കുന്നതെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട് പറഞ്ഞു. എന്നാൽ ജില്ല പ്രസിഡന്റ് വന്ന് തീരുമാനിച്ച ശേഷം എല്ലാവരും പുറത്ത് പോയാൽ മതിയെന്നും അതുവരെ തങ്ങൾ മുറി പൂട്ടുകയാണെന്നും പറഞ്ഞാണ് നേതാക്കളം പൂട്ടിയിട്ടത്. തുടർന്ന് മുറിക്കു പുറത്തിരുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകര് മുദ്രാവാക്യം വിളിക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ, സെക്രട്ടറി ജഗദീഷ്. മജീദ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് കോൺഗ്രസ് നേതാക്കളെ പൂട്ടിയിട്ടത്. ജോസ് തോമസ് സ്ഥാനാർത്ഥിയാകുന്നതിനെതിരെ കഴിഞ്ഞ തവണയും യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ജോസ് തോമസിനെതിരെ യൂത്ത് കോൺഗ്രസ് ഫൽക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അതെ സമയം മത്സരിക്കാനുള്ള തീരുമാനം നിലവിലെ കൗൺസിലർ കൂടിയായ ജോസ് തോമസ് പാർട്ടി തീരുമാനം വരുന്നതിന് മുമ്പ് നഗരസഭ കൗൺസിലിലെ വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ജോസ് തോമസിന്റെ സ്ഥാനാർത്ഥിയാക്കിയാൽ വാർഡിൽ മത്സരിക്കാനാണ് യൂത്ത് കോൺഗ്‌സ തീരുമാനം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട് മത്സരിക്കുന്ന 30 വാർഡിൽ നിലവിലെ കോൺഗ്രസ് കൗൺസിലർ ബിജെപി സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചതും കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. അതെ സമയം സിപിഐ(എം).രണ്ട് വാർഡൊഴികെ ബാക്കി സിപിഐ(എം) മത്സരിക്കുന്ന 32 സീറ്റിലേക്കും ഇന്നലെ നാമനിർദേസ പത്രിക സമർപ്പിച്ചു.