കാഞ്ഞങ്ങാട്: പഴയകടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയശേഷം പ്രതികൾ രക്ഷപ്പെട്ട വാഹനങ്ങൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. സംഭവശേഷം ഒന്നാം പ്രതി യൂത്ത് ലീഗ് നേതാവ് പി എം ഇർഷാദ് മുണ്ടത്തോട് ജങ്ഷനു സമീപത്തുനിന്ന് രക്ഷപ്പെടാനു ഉപയോഗിച്ച സ്‌കൂട്ടി, മംഗളൂരുവിലേക്ക് സഞ്ചരിച്ച കാർ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.

കെഎൽ 60 എം 4320 കാറിലാണ് ആശുപത്രിയിലേക്കെന്ന വ്യാജേന മംഗളൂരുവിലേക്ക് പ്രതിയെ രക്ഷപ്പെടുത്തിയത്. ഈ വാഹനത്തിന്റെ ഉടമ കല്ലൂരാവിയിലെ പി എം അബ്ദുൾകരീമാണ്. ഒഴിഞ്ഞവളപ്പിലെ കെ സി ഹൗസിൽ മുഹമ്മദ് റഫീഖിന്റേതാണ് സ്‌കൂട്ടി. രണ്ടു വാഹനങ്ങളുടെയും ഉടമസ്ഥർക്ക് പ്രതികളുമായുള്ള ബന്ധവും കൊലപാതകശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും അന്വേഷണവിധേയമാകും. എല്ലാം മുൻകൂട്ടി തയ്യാറാക്കി നിർത്തിയിരുന്നതായണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

മംഗളൂരുവിലേക്ക് പോകുന്നതിനുമുമ്പ് പ്രതികളെ കാഞ്ഞങ്ങാട്ടെത്തിച്ച മറ്റൊരു കാറും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല ആസുത്രണംചെയ്ത സ്ഥലവും വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ നിന്നാണ് വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ രണ്ടും മൂന്നും പ്രതികളായ ഹസൻ, ഹാഷിർ എന്നിവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.