- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ കട തുറന്നതുകൊണ്ടാണ് അത് വാങ്ങിയത്; അവർ അത് കച്ചവടം ചെയ്യുന്നതുകൊണ്ടല്ലേ എന്നെ പോലുള്ള ആളുകൾ അതു വാങ്ങുന്നത്? ഇതിലെന്താണ് തെറ്റ്? യുക്രെയിനിൽ യുദ്ധമുഖത്ത് ഷവർമ വാങ്ങാൻ പോയ കണ്ണൂരുകാരൻ ഔസാഫ് ഹുസൈന് പേടിയില്ല ട്രോളുകളെ
കണ്ണൂർ : യുക്രെയിനിലെ മലയാളി വിദ്യാർത്ഥി ഔസാഫിനെ അറിയാത്തവരായി ഇപ്പോൾ അധികം പേർ ഉണ്ടാവില്ല. കാരണം ട്രോളുകളിൽ അടുത്തിടെ ഇത്രയും നിറഞ്ഞൊരാൾ ഇല്ല. യുദ്ധത്തെ തുടർന്ന് സുരക്ഷിതമായി ഇരിക്കാൻ ബങ്കറിൽ അഭയം തേടിയ ഔസാഫ് ഒരു യുക്രെയിൻ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഷവർമ കഴിക്കാൻ ഇയാൾ പുറത്തിറങ്ങിയതും, സൈനികരുടെ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് സൈനികർ ചോദ്യം ചെയ്തതും എല്ലാം വീഡിയോയിൽ പങ്കുവച്ചിരുന്നു. സൈന്യത്തിന്റെ കൈയിൽ നിന്നും താൻ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതെന്നും ഔസാഫ് പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ഒപ്പം ട്രോളുകളും, വിമർശനങ്ങളും.
എന്തായാലും ഔസാഫ് ഹുസൈൻ എന്ന കണ്ണൂരുകാരന് നേരിടേണ്ടിവന്നത് കടുത്ത വ്യക്തിഹത്യയാണ്. ഔസാഫ് കഴിഞ്ഞദിവസം കണ്ണൂരിലെ വീട്ടിൽ തിരിച്ചെത്തി. തമാശരൂപേണ ഔസാഫ് പറയുന്നത്, താൻ ഇപ്പോൾ പോപ്പുലർ ആയിരിക്കുന്നു എന്നാണ്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നു.
ട്രോൾ വീഡിയോകളും മറ്റും വൈറലാകുന്നതിൽ ഔസാഫ് ഹുസൈന് കാര്യമായ വിഷമങ്ങളും സങ്കടങ്ങളും ഒന്നുമില്ല. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ കാരണം വീട്ടുകാർ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്. അതു കാണുമ്പോൾ തനിക്ക് അതിയായ വിഷമമുണ്ടെന്നും ഔസാഫ് ഹുസൈൻ പറയുന്നു.
അന്ന് സംഭവിച്ചത്...
തങ്ങളുടെ കൂടെയുള്ള രണ്ട് വിദ്യാർത്ഥിനികളുടെ പാസ്‌പോർട്ട് കാണാതെ പോയി. ഇതിന്റെ ആവശ്യത്തിനായി ആണ് പുറത്തേക്കിറങ്ങിയത്. അവിടെ കാര്യമായി ഉള്ള മറ്റു ഭക്ഷണങ്ങൾ ഒന്നും കിട്ടാൻ ഉണ്ടായിരുന്നില്ല. അതിനാൽ അവിടെ നിന്ന് ഷവർമ വാങ്ങി. ഷവർമ കട തുറന്നതുകൊണ്ടാണ് ഷവർമ വാങ്ങിയത്. അവർ അത് കച്ചവടം ചെയ്യുന്നതുകൊണ്ടല്ലേ എന്നെ പോലുള്ള ആളുകൾ അതു വാങ്ങുന്നത്? ഇതിലെന്താണ് തെറ്റ് എന്നും ഔസാഫ് ചോദിക്കുന്നു. ഷവർമ വാങ്ങി വരുന്ന വഴിക്ക് കുറച്ചു പട്ടാളക്കാരെ കണ്ടു. ആ പട്ടാളക്കാരുടെ എതിർദിശയിൽ നിന്നു ഇവരുടെ സീനിയർ ആയുള്ള വിദ്യാർത്ഥികളും വരുന്നുണ്ടായിരുന്നു. പട്ടാളക്കാർ വരുന്നത് കണ്ടു ഔസാഫ് അത് ഫോണിൽ പകർത്താൻ ശ്രമിച്ചു. കാരണം ലളിതം...നമ്മൾ ഒക്കെ ഒത്തിരി പട്ടാളക്കാരുടെ വീഡിയോകൾ യൂട്യൂബിലും പല മാധ്യമങ്ങളിലും കാണുന്നില്ലേ...അതുപോലെ പകർത്താൻ ശ്രമിച്ചത് ആണ് എന്നും ഔസാഫ് പറയുന്നു.
എന്നാൽ ഔസാഫ് വീഡിയോ പകർത്തുന്നത് ശ്രദ്ധിച്ച് പട്ടാളക്കാർ ഔസാഫിനെ അടുത്തേക്ക് വിളിപ്പിക്കുകയും ആ വീഡിയോ ഡിലീറ്റ് ആക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് സാധാരണ വീഡിയോ ഒക്കെ എടുക്കുന്നതു പോലെ പകർത്താൻ ശ്രമിച്ചതാണ് എന്നും അവരുടെ അടുത്ത് പറഞ്ഞു. ഔസാഫിന് ഭയം തോന്നി. സീനിയർ വിദ്യാർത്ഥികൾ അടുത്തുവന്ന് അത് പാടില്ലായിരുന്നു എന്ന് പറയുകയും ചെയ്തു. അവിടെ നടന്നത് എന്താണ് എന്ന് നാട്ടിലുള്ള ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി ആയിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. പക്ഷേ അത് ഔസാഫിന് തന്നെ വിന ആവുകയായിരുന്നു. 2019 മുതൽ ഔസാഫ് ഇത്തരത്തിലുള്ള വ്‌ലോഗുകൾ മറ്റും ചെയ്തു വരുന്ന ഒരു വ്യക്തിയാണ്്. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങൾ ആയതിനാൽ തീവ്രത എത്രമാത്രം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ട്രോളുകൾ കാര്യമാക്കുന്നില്ല
ട്രോളുകൾ മിക്കതും ഞാൻ തമാശയായി മാത്രമാണ് കാണാറ്. പല രീതിയിലുള്ള തെറി മെസ്സേജുകൾ ഇപ്പോൾ വരുന്നുണ്ട്. അതിനെ ഒന്നും കാര്യമാക്കുന്നില്ല. അതിലും വലിയ കാര്യങ്ങളാണ് കുറച്ചുദിവസങ്ങളായി ജീവിതത്തിൽ യുക്രൈനിൽ വച്ച് സംഭവിച്ചു കൊണ്ടിരുന്നത്. അതിനാൽ ട്രോൾ എന്നെ ഒരു തരത്തിലും ഏശിയില്ല. അന്ന് അവിടെ ഉണ്ടായിരുന്ന മാനസികാവസ്ഥയിലാണ് ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തത്. എന്തൊക്കെയാണ് നടക്കുന്നത് എന്നതിന്റെ തീവ്രത വേണ്ടപ്പെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശം കൂടി ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതിന് പിന്നിൽ ഉണ്ടായിരുന്നു.
20 ലിറ്റർ വെള്ളം എടുത്തു വെച്ചതുകൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാവുന്നത് പോലുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ വെള്ളം എടുത്തു നടക്കുന്ന ചിത്രം പോലും പ്രചരിപ്പിച്ച് ട്രോളിനായി ഉപയോഗിച്ചു. കൊടും തണുപ്പായിരുന്നു അവിടെ. രക്ഷപ്പെട്ട് എത്തിയപ്പോൾ ആശ്വാസം തോന്നിയെന്നും ഇപ്പോൾ ട്രോളുകൾ തമാശയായി കാണുവാനുള്ള മാനസികാവസ്ഥയിലേക്ക് താൻ എത്തി എന്നും ഔസാഫ് പറയുന്നു.
തന്റെ മുന്നിൽ വച്ച് പാസ്‌പോർട്ട് കൈവശം ഇല്ലാതിരുന്ന രണ്ട് പെൺകുട്ടികളെ ഹങ്കറി പൊലീസ് കള്ളന്മാരെ കൊണ്ടുപോകുന്ന പോലെ വണ്ടിയിൽ കൊണ്ടുപോയി. അവരെ ഒരു ദിവസത്തോളം തടവിൽ വെച്ച് കൃത്യമായി നിരീക്ഷിച്ചു. അതൊരു ഭയാനകമായ കാഴ്ച ആയിരുന്നു. ആ പൊലീസുകാർക്ക് ആണെങ്കിൽ ചില്ലറ വാക്കുകൾക്കപ്പുറം കൃത്യമായി ഇംഗ്ലീഷും അറിയില്ല. എന്നാൽ ഒരു ദിവസത്തിനപ്പുറം അവരെ തിരിച്ചു കൊണ്ടു വന്നത് ആശ്വാസമായി. കള്ളന്മാർ ആയി ഇവരെ കാണുന്നില്ല എന്നും ഇവരുടെ മൂവ്‌മെന്റ് എന്തൊക്കെയാണ് എന്ന് നിരീക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു ഒരു ദിവസത്തേക്ക് തടവിലാക്കിയത് എന്നും അവർ പറഞ്ഞു.
ആദ്യദിവസങ്ങളിൽ കുറച്ചധികം കഷ്ടപ്പെട്ടു എങ്കിലും യുക്രൈൻ ബോർഡർ ക്രോസ് ചെയ്ത ശേഷം നമ്മളെ രാജകീയമായി തന്നെ ഇന്ത്യൻ സർക്കാർ പരിപാലിച്ചു എന്നും ഔസാഫ് പറയുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്ന സ്വീകരണങ്ങളും മറ്റും ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. അത്തരത്തിലുള്ള തോമസ് സൗകര്യങ്ങളും ഭക്ഷണവും ആയിരുന്നു അവർ യുക്രൈൻ ബോർഡർ താണ്ടിയപ്പോൾ നൽകിയത്. സർക്കാരിനെ പോലെ തന്നെ റെഡ് ക്രോസ് വളണ്ടിയർമാരും ഒത്തിരി സഹായിച്ചു.
കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയ ഔസാഫ് ഇപ്പോഴും ക്ഷീണിതനാണ്. ഇത്തരത്തിലുള്ള യുദ്ധവും മറ്റും അടുത്ത് കണ്ടതിനാൽ മാനസികമായി പല സങ്കടങ്ങളും ഇപ്പോൾ ഉണ്ട്. പണ്ടത്തെപ്പോലെ ഉറങ്ങുവാൻ കഴിയുന്നില്ല എന്നും ഭക്ഷണം പോലും കൃത്യമായി കഴിക്കാൻ കഴിയുന്നില്ല എന്നും പറയുന്നു.
കണ്ണൂർ സിറ്റിക്കടുത്തെ ഡോക്ടർ ഹുസൈൻ തങ്ങളുടെ മകനാണ് ഔസാഫ് ഹുസൈൻ. ഒത്തിരി കഷ്ടപ്പാടുകൾ യാതനകളും സഹിച്ച് ശേഷമാണ് ഔസാഫ് ഹുസൈൻ വീട്ടിലെത്തിയത്. തുടർവിദ്യാഭ്യാസം ഇനിയെങ്ങനെ മുന്നോട്ടേക്ക് നീങ്ങും എന്ന ആശങ്കയും ഔസാഫിനുണ്ട്.