- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
7 ഓവറിൽ 19 റൺസ് 6 വിക്കറ്റ്; ഓവലിൽ ജസ്പ്രീത് ബുംറയുടെ ആറാട്ട്; 3 വിക്കറ്റുമായി ലോകറെക്കോർഡും കീശയിലാക്കി മുഹമ്മദ് ഷമിയുടെ പിന്തുണയും;നാലു ഡക്കുൾപ്പടെ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ചീട്ട് കൊട്ടാരം; ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം
ഓവൽ: അടിക്ക് യാതൊരു മയവുമുണ്ടാവില്ല എന്ന് വീമ്പ് പറഞ്ഞുവന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ഓവൽ ഏകദിനത്തിൽ ഐതിഹാസിക ബൗളിങ്ങിലൂടെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ. ജസ്പ്രീത് ബുമ്രയുടെ ആറും മുഹമ്മദ് ഷമിയുടെ മൂന്നും ചേർന്നപ്പോൾ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ചീട്ടുകൊട്ടാരമായി.പ്രസിദ്ധ് കൃഷ്ണയ്ക്കാണ് ഒരു വിക്കറ്റ്.ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്റെ ആക്രമണിത്തിന് മുന്നിൽ 25.2 ഓവറിൽ വെറും 110 റണ്ണിൽ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റർമാരും കൂടാരം കയറി. ബുമ്ര 7.2 ഓവറിൽ 19 റൺസ് വഴങ്ങിയാണ് ആറു വിക്കറ്റ് വീഴ്ത്തിയത്.ഷമി 7 ഓവറിൽ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്താൽ ഇംഗ്ലണ്ട് 400 റണ്ണടിച്ചാൽ പോലും അത്ഭുതപ്പെടില്ല എന്നാണ് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ മത്സരത്തിന് മുമ്പ് പറഞ്ഞത്. എന്നാൽ ഓവലിൽ ആരാധകർ സാക്ഷിയായത് ഇംഗ്ലീഷ് ബാറ്റിങ് ദുരന്തത്തിനായിരുന്നു. ജസ്പ്രീത് ബുമ്ര തുടങ്ങിയത് മുഹമ്മദ് ഷമി ഫിനിഷ് ചെയ്യുകയായിരുന്നു എന്ന് പറയുന്നതാണ് ഉചിതം.ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരാണെന്ന പ്രത്യേകതയുമുണ്ട്.ഇത് ആറാം തവണയാണ് ഇന്ത്യൻ പേസർമാർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാമത് ബോൾ ചെയ്യുമ്പോൾ ഇതാദ്യവും.
32 പന്തിൽ ആറു ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിനു പുറത്താകുമെന്ന തോന്നലുയർന്നെങ്കിലും, ഒൻപതാം വിക്കറ്റിൽ ഡേവിഡ് വില്ലി ബ്രൈഡൻ കേഴ്സ് സഖ്യം കൂട്ടിച്ചേർത്ത 35 റൺസാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്വെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയക്കെതിരെ 86 റൺസിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം.
വെറും 68 റൺസിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ടു വിക്കറ്റിൽ ചേർത്തത് 42 റൺസ്! അതേസമയം, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ഏകദിന സ്കോറാണിത്. 2006ൽ ജയ്പുരിൽ 125 റൺസെടുത്തതായിരുന്നു മുൻപ് മോശം പ്രകടനം.ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുമ്രയുടേത്, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്. പ്രസിദ്ധ് കൃഷ്ണ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റും സ്വന്തമാക്കിയത്. ഇന്ത്യൻ നിരയിൽ യുസ്വേന്ദ്ര െചഹൽ എറിഞ്ഞത് രണ്ട് ഓവറുകൾ മാത്രം.
ഇംഗ്ലിഷ് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ലർക്കു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. മോയിൻ അലി (18 പന്തിൽ രണ്ടു ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തിൽ മൂന്നു ഫോറുകളോടെ 21), ബ്രൈഡൻ കേഴ്സ് (26 പന്തിൽ രണ്ടു ഫോറുകളോടെ 15) എന്നിവർ. റീസ് ടോപ്ലി ഏഴു പന്തിൽ ഒരു സിക്സ് സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ ഏക സിക്സർ കൂടിയാണിത്.
ഓപ്പണർ ജെയ്സൻ റോയി (0), ജോ റൂട്ട് (0), ബെൻ സ്റ്റോക്സ് (0) എന്നിവർ പൂജ്യത്തിനു പുറത്തായത് ഇംഗ്ലണ്ടിന് നാണക്കേടായി. ഇംഗ്ലിഷ് നിരയിൽ ടോപ് ഓർഡറിലെ ആദ്യ നാലു ബാറ്റർമാരിൽ മൂന്നു പേരും ഒരു മത്സരത്തിൽ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുൻപ് 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിൽ ജെയ്സൻ റോയി, ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവർ പൂജ്യത്തനു പുറത്തായതാണ് ആദ്യ സംഭവം.ഇതിനുപുറമെ ലിയാം ലിവിങ്ങ്സ്റ്റണും 0 ത്തിന് പുറത്തായി.ഇതോടെ നാലുപേരാണ് ഇംഗ്ലണ്ട് നിരയിൽ ഡക്കായത്.
ജോണി ബെയർസ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്ഗ് ഓവർട്ടൻ (ഏഴു പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
സ്പോർട്സ് ഡെസ്ക്