ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഹൈദരാബാദ് ഹൗസിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നടന്നത്. വ്യാപാര, സുരക്ഷാസഹകരണ കരാറുകൾ ഇന്ത്യയും ജർമ്മനിയും ഒപ്പു വച്ചു. 18 കരാറുകളാണ് ഒപ്പുവച്ചത്. സോളാർ പദ്ധതികളിൽ ജർമ്മനി 100 കോടി യൂറോയുടെ നിക്ഷേപം നടത്തും. രാഷ്ട്രപതി ഭവനിൽ നടന്ന വിരുന്നിൽ ആഞ്ജല മെർക്കൽ പങ്കെടുത്തു.

വാണിജ്യാനുമതികൾ വേഗത്തിൽ നൽകുക, സുരക്ഷാകാര്യങ്ങളിൽ സഹകരണം ഉറപ്പുവകരുത്തുക, മാനവശേഷി വികസനം, വിദ്യാഭ്യാസം, റെയിൽ വികസനം, നിർമ്മാണമേഖല, ദുരന്തനിവാരണം എന്നിവയിൽ സഹകരണം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജർമൻ കമ്പനികൾക്കായി അതിവേഗ കേന്ദ്രങ്ങൾ, സൗരോർജം ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തിൽ പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്.

ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജർമനിസന്ദർശനത്തിന്റെ തുടർനടപടികളാണ് ചർച്ചകളിൽ പ്രതിഫലിച്ചത്. ഹാനോവറിൽ ഏപ്രിലിൽ നടന്ന വ്യാവസായികപ്രദർശനത്തിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിനാണ് ഇന്ത്യ ഊന്നൽ നൽകിയത്.

രാഷ്ട്രപതിഭവനിൽ തിങ്കളാഴ്ച രാവിലെ ജർമൻ ചാൻസലർക്ക് ഔദ്യോഗിക സ്വീകരണം നൽകി. തുടർന്നുള്ള രാജ്ഘട്ട് സന്ദർശനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച മോദിയും മെർക്കലും ബാംഗ്ലൂർ സന്ദർശിക്കും. നാസ്‌കോമിന്റെ വ്യാവസായിക പരിപാടിയിൽ ഇരുവരും പങ്കെടുക്കും. 2001 മുതൽ ഇരുരാജ്യങ്ങളും തന്ത്രപരമായ സഖ്യത്തിലാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇന്ത്യക്ക് കൂടുതൽ വ്യാപാരബന്ധമുള്ളത് ജർമനിയുമായിട്ടാണ്. ഇന്ത്യയിൽ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഏഴാംസ്ഥാനത്താണ് ജർമനി.

ബാംഗ്ലൂർ എത്തിന്ന മെർക്കൽ നാഷണൽ അസോസിയേഷൻ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസും (നാസ്‌കോം) ജർമ്മനിയിലെ ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിക്കുന്ന വാണിജ്യ ചർച്ചയിൽ പങ്കെടുക്കും. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി, വിപ്രോ ചെയർമാൻ അസിം പ്രേംജി, ജർമ്മൻ കമ്പനിയായ സാപ്പ്‌ന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിലും ഇരു നേതാക്കളും പങ്കെടുക്കും. മോദി മെർക്കൽ ചർച്ച ജർമ്മൻ ഐ.ടി.കമ്പനികളുമായുള്ള ഇന്ത്യൻ കമ്പനികളുടെ സഹകരണം ശക്തമാക്കുമെന്ന് നാസ്‌കോം പ്രസിഡന്റ് ആർ.ചന്ദ്രശേഖർ പറഞ്ഞു.

സാങ്കേതികവിദ്യാ കൈമാറ്റം, നദീശുചീകരണം, ഊർജ്ജസംരക്ഷണം, റെയിൽവേയുടേത് അടക്കമുള്ള മാലിന്യ സംസ്‌കരണം, ഐക്യരാഷ്ട്രസഭ രക്ഷാസമിതി വിപുലീകരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും. ഐക്യരാഷ്ട്രസഭയുടെ വിപുലീകരണത്തിന് ജർമ്മനി പ്രജിജ്ഞാബദ്ധമാണെന്ന് ആഞ്ജല മെർക്കൽ പറഞ്ഞു. രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ഇന്ത്യയും ജർമ്മനിയും അവകാശവാദമുന്നയിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഇരു രാജ്യങ്ങളും ഊന്നൽ നൽകുകയെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ മാർട്ടിൻ നേയ് പറഞ്ഞു.